Sunday 30 September 2012

മഹാഭാരതം : കോമാളിയുടെ അവലോകനം- 1



മഹാഭാരതം: സംസ്കൃതത്തില്‍ രചിക്കപ്പെട്ട രണ്ടു അഭ്രകാവ്യങ്ങളില്‍ ഒന്ന്. വേദവ്യാസന്‍ ഗണപതിക്ക് പറഞ്ഞു കൊടുത്ത്, ഗണപതിയാല്‍ എഴുതപെട്ടതാണ് മഹാഭാരതം എന്ന് എല്ലാ ഹിന്ദുക്കളും വിശ്വസിക്കുന്നു. ഭാരതത്തിന്‍റെ ചരിത്രം ആണ് ഈ അഭ്രകാവ്യം എന്ന് ഇന്നും പലരും വിശ്വസിക്കുന്നു, ഞാനും അത് തന്നെ വിശ്വസിക്കുന്നു. ഓരോ യുഗത്തിന്‍റെ അന്ത്യത്തിലും മഹാപ്രളയം ഉണ്ടായി എന്ന് കരുതപ്പെടുന്നു, എന്നിട്ടും നമുക്ക് ഓരോ യുഗത്തിനെയും കുറിച്ചറിയാം. എങ്ങനെ? പ്രളയത്താല്‍ നശിക്കപ്പെടാതെ പോയ ഒരു "മിസ്സിംഗ്‌ ലിങ്ക്" ഓരോ യുഗത്തെയും ബന്ധിപ്പിക്കുന്നു എന്ന് കരുതണം. ഇത്രയും ഞാന്‍ പറഞ്ഞത്, മഹാഭാരതം എന്നാ ഗ്രന്ഥം ഭാരതത്തിന്‍റെ  ചരിത്രം ആണ് എന്ന് വിശ്വസിച്ചു കൊണ്ടാണ്.

എന്താണ് ചരിത്രം? ആരാണ് ചരിത്രം രചിക്കുന്നത്? ചരിത്രം എപ്പോഴും രചിക്കുന്നത് വിജയശ്രീലാളിതര്‍ ആണ്. പ്രത്യേകിച്ച് ഒരു യുദ്ധാവസാനം, യുദ്ധഹേതുവിനെയും, യുദ്ധത്തിനേയും എഴുതുക യുദ്ധം ജയിച്ചവര്‍ ആയിരിക്കും. ഒരു പക്ഷെ ഇതെഴുതിയ വ്യക്തി, വിജയികളെ കുറിച്ച് പുകഴ്ത്തി മാത്രമേ എഴുതൂ. (അല്ലെങ്കില്‍ കഴുത്തിന്‌ മുകളില്‍ തല കണ്ടു എന്ന് വരില്ലാ). വിജയികള്‍ക്ക് എങ്ങനെ ആയാലും ചരിത്രത്തിന്മേല്‍ ഒരു സ്വാധീനം ഉണ്ടാവും.

ഈ കോമാളിയുടെ വീക്ഷണത്തില്‍ മഹാഭാരതം പാണ്ഡവരെ പുകഴ്ത്തിയെഴുതിയ ഒരു ഗ്രന്ഥമാണ്. ഈ അവലോകനത്തില്‍ കോമാളി കൌരവരുടെ കൂടെ ആണ്. ജയിക്കുന്നവരെ മാത്രം പുകഴ്ത്തി പറഞ്ഞാല്‍ പോരെല്ലോ തോറ്റവരെ ബഹുമാനിക്കുകയും വേണ്ടേ?


മഹാഭാരതം കുരുവംശത്തിന്‍റെ കഥ ആണ്. ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കപെട്ട യുദ്ധത്തിന്‍റെ കഥ ആണ്. എന്നാല്‍ നമുക്ക് നോക്കാം ആരായിരുന്നു ഭാരതം ഭരിക്കേണ്ടിയിരുന്ന കുരു രാജാവ് എന്ന്. എന്നിട്ട് തീരുമാനിക്കാം ഇത് യുദ്ധം വരെ എത്തേണ്ട ഒരു തര്‍ക്കം ആയിരുന്നോ അല്ലിയോ എന്ന്.

കുരുവംശത്തിലെ ഒരു മഹാരാജാവ് ശന്തനു, സ്ത്രീ രൂപത്തിലുള്ള ഗംഗയെ കണ്ടു മോഹിതനാകുന്നു. ഗംഗയെ പരിണയിക്കണം എന്ന ആഗ്രഹം അദ്ദേഹം അവരെ അറിയിക്കുന്നു. ഒരേ ഒരു വ്യവസ്ഥ മാത്രമാണ് ഗംഗ മുന്നോട്ട് വെച്ചത്. താനാരാണെന്ന് ചോദിക്കുകയോ, തന്റെ പ്രവര്‍ത്തികളെ ശന്തനു ചോദ്യം ചെയ്യുകയോ അരുത്. എന്നെങ്കിലും ഈ വ്യവസ്ഥ തെറ്റിച്ചാല്‍ അന്ന് ഗംഗ രാജാവിനെ വിട്ടു പോകും.  അത് അംഗീകരിച്ച മഹാരാജാവിനെ ഗംഗാദേവി കല്യാണം ചെയ്തു. അവര്‍ക്ക് 7 പുത്രന്മാര്‍ ഉണ്ടായി. ഓരോ പ്രസവ ശേഷവും ഗംഗാദേവി കുട്ടിയെ കൊണ്ടുപോയി ഗംഗാനദിയില്‍ മുക്കി കൊലപ്പെടുത്തി. എട്ടാമത്തെ പ്രസവശേഷം  കുട്ടിയെ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗംഗയെ രാജാവ് ചോദ്യം ചെയ്തു  അതില്‍ കുപിതയായ ഗംഗ കുട്ടിയെ രാജാവിനു കൊടുത്ത്, തന്‍റെ ശരിക്കുള്ള രൂപം അദ്ധേഹത്തെ കാണിച്ചു കൊടുത്തിട്ട് അപ്രത്യക്ഷ ആയി. ഗംഗ തന്നെ വിട്ടു പോയതില്‍ മനം നൊന്തു രാജാവ് കഴിഞ്ഞു. അദ്ദേഹം ആ കുട്ടിക്ക് ദേവവ്രതന്‍ എന്ന് നാമം ചെയ്തു, അവനെ യുവരാജാവായി വാഴിച്ചു.


ഇനി കഥ സത്യവതി അഥവാ മത്സ്യഗന്ധിയിലേക്ക് കൊണ്ടുപോകാം. മത്സ്യത്തിന്‍റെ ഗന്ധമുള്ള, സുന്ദരിയായ ഒരു മുക്കുവ സ്ത്രീ ആയിരുന്നു സത്യവതി. മുക്കുവ നേതാവിന്‍റെ മകളായി പിറന്ന പെണ്‍കിടാവിനു മത്സ്യത്തിന്‍റെ ഗന്ധം ഉണ്ടായതിനാല്‍ മത്സ്യഗന്ധി എന്ന് പേരും വന്നു. ഒരു ദിവസം മത്സ്യഗന്ധിയെ  പരാശര മഹര്‍ഷി കണ്ടു മുട്ടി. അവളില്‍ അനുരാഗിയായ മഹര്‍ഷിയില്‍ നിന്ന് അവള്‍ക്കൊരു ആണ്‍ കുഞ്ഞു പിറന്നു. മഹര്‍ഷിയുടെ വരദാനത്താല്‍ അവളുടെ മത്സ്യഗന്ധം മാറി അവള്‍ ഒരു സര്‍വ്വ സുഗന്ധിയായി മാറി.

ഒരിക്കല്‍ നായട്ടിനെത്തിയ ശന്തനുവിനു, സത്യവതിയുടെ സുഗന്ധം  കിട്ടി. അന്വേഷിച്ചു ചെന്നപ്പോള്‍ സുന്ദരിയായ സത്യവതിയെ അദ്ദേഹം കണ്ടെത്തി. സത്യവതിയോട് തന്നെ കല്യാണം കഴിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. സത്യവതിയും ഒരു വ്യവസ്ഥ വെച്ചു. സത്യവതിക്ക് ശന്തനുവില്‍ ഉണ്ടാകുന്ന പുത്രന്മാര്‍ ആയിരിക്കണം ഇനി ഭാരതം ഭരിക്കുന്നത് എന്നായിരുന്നു വ്യവസ്ഥ. ശന്തനുവിനു ദേവവ്രതനെ രാജാവാക്കണം എന്നതായിരുന്നു ആശ. ആ വ്യവസ്ഥ അംഗീകരിക്കാന്‍  രാജാവിനു മനസ്സ് വന്നില്ല. അദ്ദേഹം ദുഖിതനായി രാജധാനിയിലേക്ക് മടങ്ങി. കൊട്ടാരത്തില്‍ എത്തിയ ശന്തനുവിന്‍റെ ദുഖാവസ്ഥ ദേവവ്രതന്‍ അറിയാന്‍ ശ്രമിച്ചു, പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറഞ്ഞില്ല.

രാജപരിവാരങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച ദേവവ്രതന്‍ സത്യവതിയെ ചെന്ന് കണ്ടു അവരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ താന്‍ തയ്യാറാണ്, തന്‍റെ അച്ഛന് വേണ്ടി ഭരണം ഉപേക്ഷിക്കാനും താന്‍ ഒരുക്കമാണ് എന്ന് അറിയിക്കുന്നു. എന്നാല്‍ സത്യവതിക്ക്, ദേവവ്രതന് ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ കുട്ടികളോട് രാജ്യഭരണത്തിനായി യുദ്ധം ചെയ്യുമോ എന്നായിരുന്നു ആധി. ഇത് മനസിലാക്കിയ ദേവവ്രതന്‍  ഒരുഗ്ര പ്രതിജ്ഞ   ചെയ്തു. താന്‍ ഈ ജന്മത്തില്‍ ഒരു സ്ത്രീയോടും ആകൃഷ്ടനാവില്ല, താന്‍ ഒരിക്കലും വിവാഹം കഴിക്കില്ല, രാജ്യഭാരം വഹിക്കുന്നതാരായാലും അവരെ താന്‍ എന്നും കാത്തുകൊള്ളും എന്നായിരുന്നു പ്രതിജ്ഞ. ആ പ്രതിജ്ഞക്ക് ശേഷം അദ്ദേഹം ഭീഷ്മര്‍ എന്ന പേരില്‍ പ്രസിദ്ധനായി..


ശന്തനുവിനു സത്യവതിയില്‍ 2 പുത്രന്മാര്‍ ഉണ്ടായി. ചിത്രാംഗതനും, വിചിത്രവീര്യനും. ഇവര്‍ രണ്ടുപേരും ആരോഗ്യത്തില്‍ വളരെ മോശമായിരുന്നു. ശന്തനുവിന്‍റെ മരണത്തിനു  ശേഷം ചിത്രാംഗതനും മരിച്ചു.ഭീഷ്മര്‍ വിചിത്രവീര്യന് വേണ്ടി അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ തട്ടികൊണ്ട് വന്നു. അതില്‍ അംബ ഭീഷ്മരെ ശപിച്ചിട്ടു ആത്മഹത്യ ചെയ്തു. അംബികക്കും അംബാലികക്കും കുട്ടികള്‍ ഉണ്ടാകുന്നതിനു മുന്നേ വിചിത്രവീര്യനും മരിച്ചു. വംശം അന്യം നിന്നുപോകാതിരിക്കാന്‍ സത്യവതി തന്‍റെ ആദ്യ പുത്രനായ വ്യാസനെ വരുത്തി. വ്യാസനെ കണ്ടു പേടിച്ചു കണ്ണടച്ച അംബികക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ജനിച്ചു, പേടിച്ചു വിളറി വെളുത്ത അംബാലികക്ക് രക്തമയമില്ലാതെ വിളറി പാണ്ട് വന്ന പാണ്ടുവും ജനിച്ചു . രാജ്യഭാരത്തിന് ഇവര്‍ രണ്ടും പോര എന്ന് മനസ്സിലാക്കിയ വ്യാസന്‍ വീണ്ടും അവരോട് തന്‍റെ അടുക്കലേക്ക് വരാന്‍ പറഞ്ഞു. പേടിച്ചിരുന്ന അവര്‍ രണ്ടും കൂടെ അവരുടെ ദാസിയെ വ്യാസന്‍റെ അടുക്കലേക്ക് പറഞ്ഞു വിട്ടു. ഭയമോ പരിഭ്രമമോ തോന്നാഞ്ഞ ദാസിയില്‍ ബുദ്ധിമാനായ വിദുരര്‍ ജനിച്ചു.

ഇതില്‍  നിന്ന് നമുക്ക് മനസിലാക്കാം  കുരുവംശം ഭീഷ്മരില്‍ അന്യം നിന്നു പോയി എന്ന്. വ്യാസനില്‍ ജനിച്ച ധൃതരാഷ്ട്രരോ, പാണ്ടുവോ, വിദുരരോ  കുരുവംശത്തില്‍ പെട്ടവരല്ല.

അന്ധനായ ധൃതരാഷ്ട്രര്‍ക്ക് ഭരണം നടത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട്  അനുജനായ പാണ്ടു ഭരണം ഏറ്റെടുത്തു. ധൃതരാഷ്ട്രര്‍  ഗാന്ധാരിയേയും, പാണ്ടു കുന്തിയേയും വിവാഹം ചെയ്തു. വേട്ടയ്ക്ക് പോയ പാണ്ടു രതി നടത്തികൊണ്ടിരുന്ന കിണ്ടമ മഹര്‍ഷിയെയും ഭാര്യയേയും, മാനുകള്‍ എന്ന് തെറ്റിദ്ധരിച്ചു അമ്പൈത്  വധിച്ചു. മരിക്കും മുന്നേ മഹര്‍ഷി പാണ്ടുവിനെ ശപിച്ചു, എപ്പോളെലും പാണ്ടു ഏതെങ്കിലും സ്ത്രീയെ കാമം മൂത്ത് പ്രാപിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ മരിക്കും എന്ന്.

കുന്തി, ദുര്‍വാസാവ് മഹര്‍ഷി ഉപദേശിച്ചു കൊടുത്ത പുത്രകാമേഷ്ടി മന്ത്രത്താല്‍ ഗര്‍ഭം ധരിച്ചു, ഇതേ സമയം ഗാന്ധാരിയും ഗര്‍ഭിണി ആയി. കുന്തിയേക്കാള്‍ മുന്നേ പ്രസവിച്ചാലേ തന്‍റെ മക്കള്‍ക് രാജ്യഭാരം ലഭിക്കൂ  എന്ന് മനസിലാക്കിയ ഗാന്ധാരി, തന്‍റെ ഗര്‍ഭത്തില്‍ അമര്‍ത്തിയത് മൂലം, ഒരു മാംസപിണ്ഡം പ്രസവിച്ചു. വ്യാസന്‍റെ ഉപദേശത്താല്‍, അവര്‍ അത് നൂറു തുല്യ ഭാഗമാക്കി ഭരണിയില്‍ അടച്ചു. അധികം വന്ന ഒരു ചെറിയ ഭാഗവും അവര്‍ ഭരണിയില്‍ അടച്ചു. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോള്‍ ഭരണിയില്‍ നിന്നും 100 ആണ്മക്കളും ഒരു പെണ്ണും ജനിച്ചു. കുന്തിക്കും, പാണ്ടുവിന്‍റെ മറ്റൊരു ഭാര്യയ മാദ്രിക്കും പുത്രകാമേഷ്ടി മന്ത്രത്താല്‍ അഞ്ചു പുത്രന്മാര്‍ ജനിച്ചു.


ഗാന്ധാരിയുടെ മക്കള്‍ കൌരവര്‍ എന്നും, കൌന്തേയന്മാര്‍ പാണ്ഡവര്‍ എന്നും അറിയപ്പെട്ടു.

ഇനിയാണ് ചോദ്യം.. ധൃതരാഷ്ട്രരുടെ മക്കള്‍ക്കാണോ അതോ, കുന്തിയുടെ മക്കള്‍ക്കാണോ രാജ്യം ഭരിക്കാനുള്ള അവകാശം?കോമാളിയുടെ തലമണ്ട പറയുന്നത് പാണ്ടവര്‍ക്ക് രാജ്യം കൊടുക്കേണ്ട യാതൊരു കാര്യവും ഇല്ല എന്നാണ്. കാരണം അവര്‍ കുന്തിയുടെ മക്കളാണ് പാണ്ടുവിന്‍റെ  അല്ല...


തുടരും...................................(പാണ്ഡവര്‍ അഥവാ കൌന്ധേയര്‍ )







ഒരു ട്രെയിന്‍ യാത്രയില്‍ കിട്ടിയ ഓര്‍മ്മക്കുറിപ്പ്


ട്രെയിന്‍ യാത്ര എന്നും കോമാളിക്ക് ഒരു ഹരമായിരുന്നു. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ കോമാളിക്ക് സമ്മാനിച്ചിരുന്നു. പാസ്സഞ്ചറും, എക്സ്പ്രസും, സൂപ്പര്‍ഫാസ്റ്റിലും ഒക്കെ ഒരു കാലത്ത് കോമാളി കയറി ഇറങ്ങിയിരുന്നു.

 അങ്ങനെ ഒരു യാത്രക്കിടയില്‍ ആണ് ഞാന്‍ അരുണിനെ മനസിലാക്കുന്നത്‌.45 45   വയസുള്ള ഒരു അവിവാഹിതന്‍ ആണ് കക്ഷി.ആറക്ക ശമ്പളം, സല്‍സ്വഭാവി, സുമുഖന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആള്‍ക്കാര്‍ക്ക് ഒരു മതിപ്പുളവാക്കുന്ന വ്യക്തിത്വത്തിന് ഉടമ. അതാണ്‌ അരുണ്‍. അരുണിന്‍റെ  മനസ്സ് ഞാന്‍ നിങ്ങള്‍ക്കായി തുറക്കുന്നു.

     നാല് മണിക്കൂര്‍ ആയി ഇരിക്കുന്നതിന്‍റെ ഒരു വല്ലായ്മ ഉണ്ട്, താന്‍ അത് പുറമേ കാണിക്കുന്നില്ല എന്നേയൊള്ളൂ. എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര ആണ്, തിരുവനന്തപുരം ആണ് ലക്‌ഷ്യം.ലോകത്തിന്‍റെ ഏതു കോണിലായാലും , എല്ലാ കൊല്ലവും ഇതേ ദിവസം തിരുവനന്തപുരത്തേക്ക് ഒരു യാത്ര പതിവാണ്. മുടക്കമില്ലാത്ത ഇരുപത്തിമൂന്നാമത്തെ യാത്ര ആണ് ഇത്. രണ്ട് സ്ഥലങ്ങള്‍ ആണ് മനസ്സില്‍ ഉള്ളത്, തന്‍റെ പൂര്‍വ കലാലയവും അതിന്റെ അടുത്തായി തന്നെ ഉള്ള മുത്തപ്പന്‍ കോവിലും. ഓര്‍ക്കാനായി എത്രമാത്രം സുന്ദര മുഹൂര്‍ത്തങ്ങള്‍ ആണ് ഈ രണ്ടു സ്ഥലങ്ങളും തനിക്കു നല്‍കിയിരിക്കുന്നത്. ഓര്‍മകള്‍ക്ക് മരണമില്ല എന്ന് ഏതോ കവി പാടിയത് സത്യമാണ്.

         മീശ കിളിര്‍ന്നു വന്ന പ്രായത്തില്‍ ആണ് താന്‍ ഈ കലാലയത്തില്‍ ചേര്‍ന്നത്‌. ചേര്‍ന്ന ദിവസം തന്നെ സീനിയേര്‍സിന്‍റെ വക റാഗ്ഗിംഗ് കിട്ടി. ഉണ്ടായിരുന്ന പൊടിമീശ പോകുകെയും ചെയ്തു പെണ്‍പിള്ളേരുടെ  മുന്നില്‍ മാനവും പോയി. കിട്ടുന്നതൊക്കെ അടുത്ത ബാച്ചിനായി കരുതി വെക്കുക എന്നൊരു സമ്പ്രാദായം പണ്ട് മുതല്‍ക്കേ കലാലയങ്ങളില്‍ പതിവുള്ളതാണ്. താന്‍ രണ്ടാം വര്‍ഷം ആയപ്പോളേക്കും ചെങ്കൊടി പാര്‍ട്ടിയുടെ തീപ്പൊരി സഖാവായി മാറിയിരുന്നു. പുതിയ കുട്ടികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്ന ജോലി തന്നില്‍ നിക്ഷിപ്തമായിരുന്നു. അങ്ങനെ ഒരു ദിവസം ഒന്നാം വര്‍ഷ ബോട്ടണി ക്ലാസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് അവളെ ആദ്യമായി കാണുന്നത്. ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത് സൗന്ദര്യം ആയിരുന്നില്ല മറിച്ചു നിഷ്കളങ്കത  ആയിരുന്നു. അതിനു ശേഷം പലയിടത്ത് വെച്ചും അവളെ കണ്ടു മുട്ടി. എന്നും അവളെ കാണാനായി അവള്‍ പോകാറുള്ള മുത്തപ്പന്‍ കോവിലിന്‍റെ  വഴിയരികില്‍ കാത്തു നിന്നു. ആദ്യം കണ്ണും കണ്ണും തമ്മില്‍ ഉള്ള സംസാരം മാത്രമായിരുന്നു, പിന്നെ ഒരു ചിരിക്ക് വഴിമാറി , അങ്ങനെ സംസാരത്തില്‍ എത്തി, ഒടുവില്‍ പ്രേമവുമായി.

      അവളാണ് തന്നെ ഒരുപാട് മാറ്റിയെടുത്തത്. രാഷ്ടീയവും സമരവും തല്ലുമായി നടന്ന തന്നെ വീണ്ടും ഒരു മനുഷ്യനാക്കിയതും, ദൈവവിശ്വാസിയാക്കിയതും അവള്‍ തന്നെ. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍ പ്രണയലേഖനങ്ങള്‍ ആയിരുന്നു തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നത്. പ്രണയവല്ലരി  പൂത്തുലഞ്ഞപ്പോളെക്കും  തനിക്കു കലാലയം വിട്ടു പോകാന്‍ ഉള്ള സമയമായി . അവളെ തനിച്ചാക്കി പോകുവാന്‍ മനസ് ഉണ്ടായിട്ടല്ല, അവള്‍ പഠിച്ചു ഇറങ്ങുമ്പോളേക്കും അവളെ പോറ്റുവാനായി ഒരു ജോലി വേണമായിരുന്നു. അവളുടെ പഠിപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുത്തപ്പന്‍റെ  നടയില്‍ വെച്ച് താലി കെട്ടി തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കാം എന്ന് വാക്ക് കൊടുത്തിട്ടാണ് താന്‍ പോയത്. ഇത് വരെ പാലിക്കാന്‍ പറ്റാതെ പോയൊരു പാഴ്വാക്ക്. ഈ യാത്ര അവളെ തേടിയാണ്, അവള്‍ടെ ഓര്‍മകളെ തേടിയാണ്.

     ആരും അറിയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം ആയിരിക്കും എളുപ്പം പരക്കുന്നത്.രഹസ്യമായ ഈ പ്രണയം അവള്‍ടെ വീട്ടുകാര്‍ എങ്ങനെയോ അറിഞ്ഞു. പ്രണയം പാപമായി കരുതി പോന്ന ഒരു കാലഘട്ടത്തില്‍ ജനിച്ചതായിരുന്നു ഞങ്ങളുടെ തെറ്റ്. വീട്ടു തടങ്കലിലായ അവളുടെ കല്യാണം അവര്‍ ഒരു ഗള്‍ഫ്കാരനുമായി നടത്തി. എല്ലാം വളരെ പെട്ടന്നായകൊണ്ട് തനിക്കൊന്നു  പ്രവര്‍ത്തിക്കുവാന്‍ കൂടി സമയം കിട്ടിയില്ല. പിന്നീട് അവള്‍ടെ ഒരു കൂട്ടുകാരിയില്‍ നിന്നും അറിഞ്ഞു അവള്‍ ഗള്‍ഫില്‍  സ്ഥിരതാമാസമായി എന്ന്.അവളുടെ ദാമ്പത്യത്തില്‍ ആദ്യം കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പോലും, എന്നാല്‍ ക്രമേണ അവള്‍ നല്ലൊരു കുടുംബിനി ആയി മാറിയത്രെ.

     അവളെ താന്‍ ഒരിക്കലും വെറുക്കില്ല, തനിക്കു അതിനു പറ്റുകയുമില്ല. ഇന്ന് അവളുടെ ഇരുപത്തിമൂന്നാമത്തെ വിവാഹ വാര്‍ഷികമാണ്. തനിക്ക് അവളെ എന്നന്നേക്കുമായി നഷ്ട്ടപെട്ട ദിവസം. അവള്‍ ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ഒക്കെ ആയി തിരക്കിലായിരിക്കും, തന്നെ ഓര്‍ക്കുവാന്‍ സമയം കിട്ടി എന്നു വരില്ല, സമയം കിട്ടിയാല്‍ തന്നെ തന്നെ ഓര്‍ത്തു എന്നും വരില്ല. പക്ഷെ ഈ ജീവിതാവസാനം വരെയും താന്‍ അവളെ മറക്കില്ല, വെറുക്കുകയുമില്ല. കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്ത തന്നോട ദൈവം പൊറുക്കട്ടെ.

Saturday 29 September 2012

ഡയറിക്കുറിപ്പുകള്‍

സെപ്റ്റംബര്‍ 29 , 2012 -- അവളുടെ ഡയറി.


 ഞാന്‍ ഉള്ളിന്‍റെയുള്ളില്‍  കരയുകയായിരുന്നു, കാരണം എന്നെ വിട്ടു അവനു പോകുവാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു. ഇത്രെയും കാലം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പരസ്പരം പങ്കിടുമായിരുന്നു ഞങ്ങള്‍‍. എപ്പോഴോ എനിക്ക് അവനോട് അനുരാഗം തോന്നി തുടങ്ങിയിരുന്നു, പക്ഷെ ഞാന്‍ എല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. സ്വന്തം പ്രണയത്തേക്കാളും അവന്‍റെ സൗഹൃദം ആയിരുന്നു എനിക്ക് വലുത്. നാല് കൊല്ലത്തിനിടക്ക് എന്നെ വേറാരും ഇത്രെയും മനസിലാക്കിയിട്ടില്ല, എന്തേലും ഞാന്‍ മനസ്സില്‍ കണ്ടാല്‍ അവന്‍ അതും കണ്ടുപിടിക്കുമാരുന്നു. അവനു മനസ് വായിക്കാന്‍ ഉള്ള കഴിവുണ്ടോ എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാണുമായിരിക്കും,അല്ലെങ്കില്‍ എങ്ങനെ ആണ് അവന്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാറുള്ളത്? എന്‍റെ പ്രണയം ഒഴിച്ച് ബാക്കി എല്ലാം അവന്‍ കണ്ടുപിടിച്ചിട്ടുണ്ട്, അതൊ കണ്ടിട്ടും കാണാതെ പോലെ അവന്‍ അഭിനയിക്കുകയായിരുന്നോ? 

ഒരുമിച്ചാണ് അവനും ഞാനും കൂടെ ഈ ജോലിക്ക് ചേര്‍ന്നത്‌. അവന്‍റെയും എന്‍റെയും ചിന്തകള്‍ ഒരു പോലെയുള്ളവ ആയിരുന്നു. അല്ലെങ്കില്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ   പഠിപ്പിക്കാന്‍ എന്ന് പറഞ്ഞു ഞങ്ങള്‍ വണ്ടി കേറില്ലായിരുന്നല്ലോ. സാഹിത്യത്തോടെ ഉള്ള കമ്പം മൂത്ത്, ഒരേ കോളേജില്‍ തന്നെ ഞങ്ങള്‍ എത്തി. ഞാന്‍ ആംഗലേയ ഭാഷയും, അവന്‍ മലയാളവും പഠിപ്പിച്ചു. ഞാന്‍ എഴുതുന്ന കവിതകള്‍ അവനും, അവന്റെത്‌ ഞാനും വിശകലനം നടത്തി. പലപ്പോഴും എന്നിലെ പ്രണയം ആണ് കവിതാരൂപത്തില്‍ ഞാന്‍ അവനു കൊടുത്തിട്ടുള്ളത്. അവന്‍ എന്നേലും എന്‍റെ പ്രണയം മനസിലാക്കും എന്ന് ഞാന്‍ കരുതി. മിക്കപ്പോഴും വളരെ നന്നായിട്ടുണ്ടെന്ന അനുമോദനം അവന്‍ നല്‍കുമായിരുന്നു.അവനായിരുന്നു എന്‍റെ കവിതകളിലെ നായകന്‍ എന്ന് അവന്‍ എപ്പോഴെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍.........   

          അവന്‍റെ മനസ്സറിയാന്‍  അവന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് ഞാന്‍ ചോദിക്കുമായിരുന്നു. ചമ്മിയ ഒരു ചിരി ചിരിച്ചു കൊ

Friday 28 September 2012

വളിച്ച തമാശകള്‍

സ്കൂളില്‍ പഠിക്കുമ്പോള്‍, കോമാളിക്ക് തമാശ പറയാന്‍ അറിയില്ല എന്നായിരുന്നു കൂട്ടുകാരുടെ കണ്ടെത്തല്‍. കോമാളി എന്തെങ്കിലും തമാശ പറഞ്ഞാല്‍ കൂട്ടുകാര്‍ എല്ലാരും പരസ്പരം നോക്കും അതിനു ശേഷം കോമാളിയെ നോക്കി ഹ ഹാ ഹാ ഹ എന്ന് ചിരിക്കും എന്നിട്ട് പറയും - "പണ്ടാരം...വളിച്ച തമാശയുമായി ഇറങ്ങിയെക്കുവാ."

കോളേജില്‍ എത്തിയപ്പോള്‍ വളിച്ച തമാശകള്‍ക്കായി ഡിമാണ്ട്. നമ്മള്‍ പറയുന്ന തമാശ കേട്ടാല്‍ ആള്‍ക്കാര്‍ നമ്മളെ തല്ലാന്‍ വരണം. തല്ല് കിട്ടിയാല്‍ ഉറപ്പിച്ചോ അത് മാരക വ.ത (വളിച്ച തമാശ) ആയിരിക്കും. അതോടെ കോമാളി ഒന്ന് തീരുമാനിച്ചു - വളിച്ച തമാശ പറഞ്ഞു എല്ലാരേയും കരയിപ്പിക്കും എന്ന്. വളിച്ച തമാശ എന്നുള്ളത് അനഭിമിതമായ ഒരു വാക്കായി തോന്നിയതിനാല്‍ കോമാളിയും കൂട്ടുകാരും അതിനെ ചളു , ചളി എന്നൊക്കെ വിളിക്കാന്‍ തുടങ്ങി..

ചില സാമ്പിളുകള്‍ താഴെ:

1 )  കുറേ കണക്ക്  വിദ്ധ്യാര്‍ഥികള്‍ ഒരു ഡീലക്സ്(dlux) ബസ്സില്‍ വിനോദയാത്രക്ക് പോയി. ഒരു മരുഭൂമിയില്‍ വെച്ച് ബസ്‌ കേടായി,  അവര്‍ ചൂടുകാരണം വിയര്‍ത്ത് അവശരായി. എങ്ങനെയെങ്കിലും ഒന്ന് കുളിച്ചേ പറ്റു എന്നായി അവര്‍ക്ക്. പക്ഷെ വെള്ളവുമില്ല സോപ്പും ഇല്ല , എന്നാലും അവര്‍ കുളിച്ചു. എങ്ങനെ??

കണക്ക് വിദ്ധ്യാര്‍ഥികളല്ലേ, അവര്‍ ആ ഡീലക്സ്(dlux) ബസ്സിനെ ഇന്‍റെഗ്രേറ്റു ചെയ്തു, [dlux =lux  + [ഡി = lux +c (sea ). കടലുമായി സോപ്പും കിട്ടി, അവര്‍ കുളിച്ചു :)

2) ഉറുമ്പും തിമിംഗലവും തമ്മില്‍ അടി കൂടുന്നു. തിമിംഗലം വാല് കൊണ്ട് ഉറുമ്പിനെ അടിച്ചു. അടി കൊണ്ടിട്ടും ഉറുമ്പിനു ഒന്നും പറ്റിയില്ല. എന്ത് കൊണ്ട്?

ഉറുമ്പ് സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടിയിരുന്നു. വെയില്‍(whale) അടിച്ചാല്‍ ഏല്‍ക്കില്ല.

3) ആനയും ഉറുമ്പും സ്കൂട്ടെറില്‍ പോകുവായിരുന്നു. പെട്ടന്ന് സ്കൂട്ടെര്‍ അപകടത്തില്‍ പെട്ടു. ആന തല്‍ക്ഷണം മരിച്ചു, ഉറുമ്പ് രക്ഷപെട്ടു എങ്ങനെ?

ഉറുമ്പ് ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ടായിരുന്നു.

4) കുറേ ഉറുമ്പുകള്‍ ഒരു കുളത്തില്‍ കുളിക്കുവായിരുന്നു. പെട്ടന്ന് ഒരു ആന ഓടി വന്നു കുളത്തിലോട്ട് ചാടി. നാല് പാടും വെള്ളം തെറിച്ചു. ഉറുമ്പുകളെല്ലാം കരയിലെത്തി ഒരുത്തന്‍ ആനയുടെ മസ്തകത്തിലും. അവനോട് കരയിലായ ഉറുമ്പുകള്‍ എന്തോ വിളിച്ചു പറഞ്ഞു. എന്താണ് പറഞ്ഞത്?

മുക്കി കൊല്ലടാ ആ നായിന്‍റെ മോനെ 

5) ആനക്ക് ആക്സിഡെന്‍ററ്  ആയി. ഐ.സി.യു ഇലേക്ക് ഒരു ഉറുമ്പും കേറി പോയി. എന്തിനു?

ആനക്ക് ബ്ലഡ്‌ കൊടുക്കാന്‍....


അങ്ങനെ പോകുന്നു വളിച്ച തമാശകള്‍.. സത്യം പറയൂ നിങ്ങള്‍ക്ക് കോമാളിയെ തല്ലാന്‍ തോന്നുന്നുണ്ടോ???

സീരിയല്‍

ഓര്‍മ വെച്ച കാലത്ത് ടി.വി എന്നാല്‍ ദൂരദര്‍ശന്‍ ആരുന്നു. രാവിലെ മുതല്‍ വൈകുന്ന വരെ ഹിന്ദി പരിപാടികള്‍, അത് കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുന്ന മലയാളം പരിപാടികള്‍. എന്തരോ എന്തോ. അന്ന് ഹിന്ദിയില്‍ കുറേ സീരിയല്‍ ഉണ്ടായിരുന്നു, പുരാണവും, ഐതിഹാസികവും പിന്നെ സ്ഥിരം അമ്മായിയമ്മ പോരും. എല്ലാം ഹിന്ദിമയം ആയതുകൊണ്ട് ഞങ്ങള്‍ പിള്ളേര്‍ക്ക് ഒരു ചുക്കും മനസിലാവില്ല, എന്നാലും ഇരുന്നു രാമായണവും മഹാഭാരതവും ചന്ദ്രകാന്തയും ഒക്കെ കാണുമായിരുന്നു. പരസ്യം ആകുമ്പോള്‍ അച്ഛനോടും അമ്മയോടും ചോദിച്ചു അത് വരെ നടന്നത് എന്താണെന്ന് മനസിലാക്കും. അത് കൊണ്ട് ഒരു ഗുണമുണ്ടായി..ഹിന്ദി തോട തോട മാലൂം ഹേ എന്ന് പറയാന്‍ പഠിച്ചു. പിന്നീട് ഈ സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു കണ്ടു, അപ്പോളും മലയാളത്തിന്‍റെ സ്വന്തം സീരിയലുകള്‍ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല.

അവസാനം ഏതോ കുറേ മലയാളികള്‍ സീരിയല്‍ പിടിക്കാന്‍ തീരുമാനിച്ചു, ആരാ ഏതാ എന്നൊന്നും ഓര്‍മയില്ല. ഓര്‍മയുള്ളത് ഒരാളെ മാത്രം. മധു മോഹന്‍. സീരിയലുകളിലെ ബാലചന്ദ്ര മേനോന്‍. രചന, സംവിധാനം, അഭിനയം മുതല്‍ തന്നെകൊണ്ട് ചെയ്യാവുന്ന എല്ലാം ഭംഗിയായി ചെയ്ത ഒരു കലാപ്രേമി. അന്നൊക്കെ സീരിയല്‍ തുടങ്ങുമ്പോള്‍ ഒരു പാട്ട് കാണും, പേരെല്ലാം എഴുതിക്കാണിക്കും, പിന്നെ സീരിയല്‍ തുടങ്ങും. ഹിന്ദി സീരിയലും ഇതേ പോലെ തന്നെ. അന്നത്തെ പ്രത്യേകത എന്തെന്നാല്‍ മെഗാസീരിയല്‍ എന്നൊരു സാധനം ഇല്ലായിരുന്നു, വെറും 14 ഭാഗങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ സംരംഭം ആയിരുന്നു അവ.

കാലം മാറി, അതിനനുസരിച്ച് സീരിയലുകളുടെ നീളം കൂടാന്‍ തുടങ്ങി,28 ഭാഗങ്ങള്‍ ആയി പിന്നെ രചിച്ചവര്‍ക്ക് പോലും എണ്ണാന്‍ പറ്റാത്തെയത്ര ഭാഗങ്ങള്‍ ആയി. പ്രേക്ഷകരെ പിടിച്ച് ഇരുത്തണം എന്ന ഉദ്ദേശം മാത്രമായി മലയാളം സീരിയലുകള്‍ക്ക്. ഇത് കാണുന്നത് കൂടുതലും സ്ത്രീകള്‍ ആയതുകൊണ്ട് അമ്മായിയമ്മപോര്‍, അമ്മയും മകളും തമ്മിലടി മുതലായ  കണ്ണീരൊഴുക്കാന്‍ പറ്റിയ വിഷയങ്ങള്‍ അവര്‍ കൊണ്ടുവന്നു. ആദ്യകാലത്തെ മെലിഞ്ഞ നായികമാര്‍ ഇന്നത്തെകാലത്ത് വീര്‍ത്തു വീപ്പക്കുറ്റി പോലെ ആയിട്ടും നായിക തന്നെ. കലികാലം. പട്ടിണിയും പരിവട്ടവും കണ്ണീരും അടിയും പിടിയും മാത്രമായി മലയാളം സീരിയല്‍.

ഹിന്ദിക്കാര്‍ക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി അമ്മായിയമ്മ പോരും, കണ്ണീരും  മാത്രമായാല്‍ പ്രേക്ഷകരെ കിട്ടില്ലാ എന്ന്.. അതോടെ അവര്‍ ചുവടു മാറ്റി. ഏകതാ കപൂര്‍ മഹാഭാരതം റീ മെയിക്ക് ചെയ്തു. 300 എന്ന ഇംഗ്ലീഷ് പടം കണ്ടിട്ടായിരിക്കും, അതിലെ എല്ലാ ആണുങ്ങള്‍ക്കും സിക്സ് പായ്ക്ക് ആയിരുന്നു. 30  വയസ്  തോന്നുന്ന പെണ്ണ് കുന്തീ ദേവിയായിട്ടും 24 തോന്നിക്കുന്ന  സിക്സ് പാക്കന്മാര്‍ പാണ്ടവരായിട്ടും. അതും കുറച്ചുനാള്‍ ഓടി, പിന്നെ കിതച്ചു നിന്നു. പയ്യെ പയ്യെ ഹിന്ദിയില്‍ തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കി, പരസ്യങ്ങള്‍ കുറച്ചു, ഒഴുക്കുള്ള കഥ പറയാന്‍ തുടങ്ങി. അതോടെ പ്രേക്ഷകര്‍ വീണ്ടും സീരിയല്‍ കാണാനും തുടങ്ങി. അതെ സമയം മലയാളത്തില്‍ പഴയ പടി തന്നെ, പ്രേക്ഷകരെ കരയിപ്പിച്ചു ഇരുത്തുക എന്നാ ലക്ഷ്യം മാത്രം. അമ്മയ്ക്ക് മകളെ അറിയില്ല, അച്ഛന് മകനെ അറിയില്ല, അച്ഛന് രണ്ടു ഭാര്യമാര്‍, അവര്‍ തമ്മിലടി അങ്ങനെ അങ്ങനെ പോകുന്നു. എന്നിട്ടും കേരളത്തിലെ വനിതകള്‍ ഇതൊക്കെ കാണാനായി ഇരിക്കുന്നു.


ഹിന്ദിയില്‍ ഇപ്പോള്‍ കോട്ടും സ്യൂട്ടും  ഇട്ട നായകന്മാരും സിംപ്ലത്തികളായ നായികമാരും ആണ്. കോട്ടും സ്യൂട്ടും ഒന്നും വേണ്ട, അല്പം കാതലുള്ള കഥ ഉള്ള ഒരു മലയാളം സീരിയല്‍ ഇനി ഉണ്ടാവുമോ എന്തോ?. ഒരുപാട് പേരുടെ സാമ്പത്തിക സ്ത്രോധാസ്സാണ് സീരിയല്‍ രംഗം, അവര്‍ തന്നെ കുഴി തൊണ്ടാതെ, നല്ല വിഷയങ്ങളുമായി എത്തും എന്ന് നമള്‍ക്ക് പ്രതീക്ഷിക്കാം.

വാല്‍ക്കഷണം: സന്തോഷ്‌ പണ്ടിതിനെ പോലെ ആരെങ്കിലും ഒക്കെ വന്നു കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സീരിയലിനെ രക്ഷിക്കും എന്ന് വിചാരിക്കാം. പൊട്ടി പൊളിഞ്ഞു കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ഇങ്ങനെയും ഒരു പടം പിടിക്കാം എന്ന് പഠിപ്പിച്ചു കൊടുത്തത് സന്തോഷ്‌ ആയിരുന്നല്ലോ..  

കോമാളിത്തരങ്ങള്‍

ജീവിതമേ ഒരു കോമഡി ആയിരിക്കുന്ന ഈ വേളയില്‍ കുറേ കോമാളിത്തരവുമായി ഞാന്‍ എത്തുന്നു. എന്തിനോടും ഏതിനോടും പ്രതികരിക്കുന്ന ഒരു ഭ്രാന്തന്‍ കോമാളി