Friday 12 October 2012

മാംഗോ പീപിള്‍ ഫ്രം ബനാനാ റിപബ്ലിക്‌



"മാംഗോ പീപിള്‍ ഫ്രം ബനാനാ റിപബ്ലിക്‌ "... എന്തെല്ലാം പുകിലാണ് ഈ ഒറ്റ വാചകം ഉണ്ടാക്കിയത്? തൊടുന്നതെല്ലാം പുലിവാല് പിടിക്കുന്ന റോബര്‍ട്ട്‌ വദ്ര ആണ് ഇതിന്‍റെ ഉപജ്ഞാതാവ്... കോമാളിയുടെ വേഷം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ അഴിമതിയില്‍/ /അല്ലെങ്കില്‍ ഇടപെടലില്‍ റോബിയണ്ണന്‍ ആണ് കൈകാര്യം ചെയ്യുന്നത്... ഈ വാചകം ഫേസ്ബുക്കില്‍ എഴുതിപ്പിടിപ്പിച്ചതിനു നാട്ടുകാര്‍ റോബിയണ്ണനെ കണക്കിന് പറഞ്ഞു, അതും പോരാഞ്ഞു സകല മഞ്ഞയും വെള്ളയുമായ പത്രങ്ങള്‍ എല്ലാം അണ്ണനെ പുച്ച്ചിച്ച്    തള്ളി. ഗാന്ധി കുടുംബത്തിലെ മരുമകന്‍ ആണെന്ന പരിഗണന പോലും ആരും അണ്ണന്  കൊടുത്തില്ല....പാവം!!!!

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അണ്ണന്‍ ഒരു പ്രസ്ഥാനം തന്നെ ആണ്. 40ആം വയസിലും അണ്ണന്‍ സിക്സ് പാക്കും, കരുത്തുറ്റ ശരീരവും കൊണ്ട് നടക്കുന്നു. ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലും ഒരു പരിശോധനയും കൂടാതെ അണ്ണന് കടന്നു പോകാം. വെറും മാംഗോ പീപിളിനു ഇത് വല്ലതും പറ്റുമോ? അണ്ണന് ചുറ്റും എപ്പോളും കരിമ്പൂച്ചകള്‍ കാണും, മാംഗോകളുടെ ചുറ്റും ചാവാലിപ്പൂച്ചകളും.. സ്വന്തമായി ഇന്നേ വരെ ഒരു ചുക്കും ചെയ്യാതെ ഇത്രെയുമൊക്കെ ആയതു അണ്ണന്‍റെ ഇച്ചാശക്തി ഒന്നുകൊണ്ടു മാത്രമാണ്. ഇത് മാത്രം പോരെ അണ്ണന്‍ ഒരു പ്രസ്ഥാനവും മംഗോ പീപിള്‍ വെറും കണ്ട്രികളും ആണെന്ന് മനസിലാക്കാന്‍?

അണ്ണന് ഡി.എല്‍.ഫ.എഫ് കുറച്ചു കാശുകൊടുത്തു എന്നുള്ളത് നേരാണ്, എന്നാല്‍ അത് അണ്ണന്‍റെ  കഴിവൊന്നുകൊണ്ട് മാത്രമാണ് എന്ന് ആരും വിശ്വസിക്കുന്നില്ല. എന്ത് ചെയ്യാന്‍? അണ്ണനെ പണ്ടേ ആരും അംഗീകരിക്കാറില്ലല്ലോ. കഷ്ടപ്പെട്ട് ഗാന്ധി കുടുംബത്തില്‍ കേറിയപ്പോള്‍ മുതല്‍ അണ്ണന്‍ കേള്‍ക്കുന്നതാണ് കുത്തുവാക്കുകളും പുച്ചങ്ങളും മാത്രം. എന്നിട്ടും അവയൊന്നും ഗൌനിക്കാതെ ഈ കണ്ടതെല്ലാം അണ്ണന്‍ നേടിയപ്പോള്‍ എല്ലാവരും പറയുന്നു, ഇതെല്ലം അമ്മായിയമ്മേടെം ഭാര്യെടെം കഴിവാണ് എന്ന്. പൊതുജനങ്ങള്‍ കഴുത്തകളാണ് എന്ന് തെളിയിക്കാന്‍ ഇത് തന്നെ പോരെ? കാര്യവിവരം ഇല്ലാത്ത ശവങ്ങള്‍ .. ത്ഫൂ...അണ്ണനെ ബഹുമാനിക്കാന്‍ പോലും അറിയില്ല.....

ഇത് വരെ അണ്ണന്‍ കരുതിയിരുന്നത് തലസ്ഥാനത്ത് മാത്രമേ മാംഗോ പീപിള്‍ ഉള്ളു എന്നാണ്, കേജ്ജരിവാളിന്‍റെ  പത്രസമ്മേളനത്തിനു ശേഷമാണ് മനസ്സിലായത് രാജ്യം മുഴുവനും തന്നെ മാംഗോസ് ആണെന്ന്. മാംഗോസ് മാത്രമുള്ള ഒരു രാജ്യത്തെ ബനാനാ എന്ന് വിളിച്ചത് അണ്ണന്‍റെ മനസ്സ് വേദനിച്ഛതോന്നുകൊണ്ട് മാത്രമാണ്, അതിനായി പിന്നീട് മാംഗോകളുടെ പാരാക്രമം. അണ്ണനെ ഈ മാംഗോകള്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെകില്‍ ഇതൊന്നും സംഭവിക്കില്ലാരുന്നു.... സില്ലി മാംഗോ പീപിള്‍സ്.... നീയൊന്നും ഒരു കാലത്തും നന്നാവുകേല..

Monday 8 October 2012

ആരായിരുന്നു അവള്‍ ???


കലപിലാ എന്ന് സംസാരിക്കുകയും, ആണുങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന എന്ത് കാര്യവും സ്വയം ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഒരു നത്തോലി.. അതായിരുന്നു അവള്‍ .. മൂന്നാങ്ങളമാരുടെ ഏക പെങ്ങളായത് കൊണ്ട് ചെക്കന്മാര്‍ അവളോട് കൊരുക്കാന്‍ അല്പസ്വല്പം പേടിച്ചിരുന്നു. ആ നത്തോലി എന്‍റെ കലാലയ സഹപാഠി ആയിരുന്നു. ദേവിയെന്നായിരുന്നു  അവളുടെ പേര്, എന്‍റെയും  മറ്റു ചെക്കന്മാരുടെയും ഇടയില്‍ അവള്‍ കാളിയായിരുന്നു.. അതെ ഉറഞ്ഞു തുള്ളുന്ന ഭദ്രകാളി. അവളെ 'എടി കാളീ' എന്ന് നീട്ടിവിളിക്കാന്‍ എനിക്ക് മാത്രമേ ധൈര്യം ഉണ്ടായിട്ടൊള്ളൂ. ഒരിക്കല്‍ അങ്ങനെ വിളിച്ചതിന് അവള്‍ എന്‍റെ കയ്യേല്‍ ഒരു കോമ്പസ് കുത്തി കയറ്റി. വാശിക്ക് വാശിയെന്നു ഞങ്ങള്‍ രണ്ടു പേരും തീരുമാനിച്ചതു കൊണ്ട്  അതൊരു സന്ധിയില്ലാ സമരമായി തുടര്‍ന്ന് പോയി. പിന്നീടെപ്പോളോ കാളീ എന്ന എന്‍റെ വിളിക്ക് ഉത്തരമായി ഒരു നേര്‍ത്ത പുഞ്ചിരി കിട്ടി തുടങ്ങി.

കലാലയത്തില്‍ ആരെയും കൂസാതെ തൊലിക്കട്ടിയുടെ പര്യായമായി നടന്നിരുന്ന എനിക്ക് ഇടയ്ക്കിടയ്ക്ക് പാര വെയ്ക്കുന്നതില്‍ കാളിക്ക് അസാമാന്യ മിടുക്കായിരുന്നു. പുറമേ ഞങ്ങള്‍ പൂരത്തല്ലായിരുന്നെങ്കിലും ഒരു എതിരാളിക്ക് കൊടുക്കേണ്ട ബഹുമാനം ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുണ്ടായിരുന്നു. തമ്മില്‍ തമ്മില്‍ പാര വെക്കുന്നതിനായി രണ്ടു പേരും മറ്റേയാളുടെ എല്ലാ കാര്യങ്ങളും മനസ്സില്‍ കുറിച്ച് വെക്കുമായിരുന്നു. കാളിക്ക് പറ്റിയ തണ്ടി എന്നതിനാല്‍ എനിക്ക് വീരഭദ്രന്‍ എന്ന പേരും വീണു, അത് പതിയെ ലോഭിച്ച് ഭദ്രന്‍ എന്നായി.

അങ്ങനെയിരിക്കെ ഈ ഭദ്രന്‍ ഒരു പ്രേമത്തില്‍ വീണു, എന്‍റെ അടുത്ത  രണ്ടു സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിനെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു. ഒരു അല്‍സേഷ്യന്‍  പട്ടിയെക്കാള്‍ ഘ്രാണശക്തിയുള്ള    കാളി ഇത് പക്ഷെ മണത്തറിഞ്ഞു, എന്നാലും അവള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയാരിരുന്നില്ല കാരണം ഞാന്‍ പ്രേമിച്ചത് അവളുടെ ആത്മമിത്രത്തെയാണ്. ആ ഒറ്റക്കാരണം കൊണ്ട് അവള്‍ക്ക് ഈ ഭദ്രനെ വെറുതെ വിടേണ്ടി വന്നു. ഭദ്രനും കാളിയും കൂടെ ഉള്ള ആദ്യത്തെ സന്ധി ചെയ്യല്‍ ..എന്‍റെ പ്രേമഭാജനം മധ്യസ്ഥത വഹിച്ചതിനാല്‍ ഞങ്ങള്‍ പിന്നീട്  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നെയും ഒരു കൊല്ലം കൂടെ കഴിഞ്ഞു, അതിനിടെയില്‍ കാളിയുടെ പ്രേമം ഈ ഡിക്ടെറ്റീവ് ഭദ്രന്‍ കണ്ടെത്തി.  ഒരു പെണ്ണ് പ്രേമത്തില്‍ വീണുകഴിഞ്ഞാല്‍ അവള്‍ ചെക്കന്‍റെ ഒരുപഗ്രഹമായി മാറും,രണ്ടു പേരും എപ്പോഴും  മറ്റെയാളിനെ ചുറ്റിക്കൊണ്ടേയിരിക്കും. ഞങ്ങളുടെ സഹപാഠിയായ ഡേവിഡ് എന്ന അച്ചായനായിരുന്നു അവളുടെ കാമുകന്‍ . കാളിക്കും അച്ചായനും അന്ന് തന്നെ കിരണ്‍ ടി.വിയില്‍  ഒരു പാട്ട് ഞാന്‍ സമര്‍പ്പിച്ചു,, എന്നിട്ട് രണ്ടിനെയും വിളിച്ചു വിവരമറിയിച്ചു... "മംഗളം നേരുന്നു ഞാന്‍ ......" എന്ന പാട്ട്. എന്തിനാണോ ഞാന്‍ അത് ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു.. എന്തൊക്കെയായാലും ഭദ്രന്‍റെയും കാളിയുടെയും പ്രേമങ്ങള്‍ പൂത്തുലഞ്ഞു...

സമയം വളരെ പെട്ടന്ന് പൊയ്ക്കൊണ്ടിരുന്നു, ഞങ്ങളുടെ കലാലയ ജീവിതത്തിന്‍റെ അവസാനമായി. ഇതിനിടക്ക് ഞങ്ങള്‍ നാലുപേര്‍ക്കും ഒരേ കലാലയത്തില്‍ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചു. ഡേവിഡച്ചായന് താഴെ രണ്ടു പെങ്ങന്മാര്‍ ആയതിനാല്‍ പുള്ളിക്കാരന്‍ ഒരു ജോലി സംഘടിപ്പിച്ചു ദുബായിലേക്ക് പോയി. എന്നാലും കാളിയെ ദിവസവും അവന്‍ വിളിച്ചിരുന്നു. അതിനിടയ്ക്ക് എനിക്ക് ഒരു നടുക്കം സംഭാവന ചെയ്തുകൊണ്ട്, എന്‍റെ പ്രേമഭാജനത്തിന്‍റെ ബൂര്‍ഷ്വാവായ തന്തപ്പടി അവളുടെ വിവാഹമുറപ്പിച്ചു. ജോലിയൊന്നുമില്ലാത്തതിനാല്‍ എന്‍റെ വീട്ടില്‍ ഈ വിഷയമവതരിപ്പിക്കാനും എനിക്ക്‌ സാധിക്കുമായിരുന്നില്ല. ആ ബൂര്‍ഷ്വാ തന്തയോട് ഒരു രണ്ടു കൊല്ലാതെ സാവകാശം ചോദിച്ചിട്ട് അങ്ങേരത് തന്നില്ല. അങ്ങനെ മനസില്ലാമനസോടെ   എന്‍റെ പ്രേമഭാജനം മറ്റൊരാളുടെ ഭാര്യയായി, സുഖമായി ജീവിച്ചു തുടങ്ങി. ഈ പാവം ഭദ്രന്‍, പരീകുട്ടിയെപോലെ പഴയ ഓര്‍മ്മകള്‍ അയവിറക്കി പാട്ടും തണ്ണിയുമായി നടന്നു. "മാനസ മൈനയും, സന്യാസിനീ നിന്‍ പുണ്യാശ്രമവും" ഒക്കെ പണ്ടായിരുന്നു, ഇന്നത്‌ "അവള്‍ എന്നെ എന്നെ തേടി വന്ന അഞ്ചലേ " ആയി മാറി. പാട്ട് മാറിയാലും ഉള്ളിലെ  വേദനക്ക് ഒരു മാറ്റവുമില്ലാരുന്നു.. 

ഒരു ദിവസം കാളിയെന്നെ വിളിച്ചു ഒരുപാട് വഴക്കുപറഞ്ഞു. "സ്വയം നശിക്കാതെ വല്ലവനും ഉപകാരമെങ്കിലും ചെയ്തൂടെ...നിനക്ക് സ്വയം നശിക്കാന്‍ ആരാടാ സമ്മതം തന്നത്.......".അങ്ങനെ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് ശേഷം ഒരു മാറ്റവും എന്നില്‍ക്കാണാഞ്ഞു എന്‍റെ പാവം അപ്പനെയും കുറെ തെറി പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. കാളിയുടെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ യുദ്ധം ചെയ്യുവാരുന്നു. 

"അവള്‍ ഒരുത്തനെയും കെട്ടി സുഖമായി ജീവിക്കുന്നു, നീയോ സ്വയം നശിക്കുന്നു.. നീ നിന്‍റെ അപ്പനെയും അമ്മയെയും കുറിച്ചെപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോടാ?"

"നിനക്ക് വേണ്ടി ജീവിക്കാന്‍ നിനക്ക് പറ്റുന്നില്ലെങ്കില്‍ , നിന്‍റെ മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിച്ചൂടെ?"

"നിരാശാകാമുകന്മാര്‍ ഒക്കെ പഴയ സ്റ്റൈലാ മോനെ, ഇങ്ങനെ നടന്നാല്‍ നിന്നെ പിള്ളേര്‍ പരീക്കുട്ടി പരീകുട്ടി എന്ന് വിളിച്ചു  കൂകി വിടും"

അവസാനം എന്‍റെ മനസ്സ് ആ യുദ്ധത്തില്‍ കീഴടങ്ങി, ഇനി എന്‍റെ മാതാപിതാകള്‍ക്ക് വേണ്ടി മാത്രമല്ല എനിക്ക് വേണ്ടിയും ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനു കാരണമായ കാളിയോട്‌ മനസ്സാ നന്ദി പറഞ്ഞു കൊണ്ട് പുതിയൊരു അദ്ധ്യായം ഞാന്‍ ജീവിതപുസ്തകത്തില്‍ തുറന്നു..

വളരെപെട്ടന്ന് ഒരു കൊല്ലം കൂടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം അച്ചായന്‍ എന്നെ വിളിച്ച് നാട്ടില്‍ വരുന്ന കാര്യം പറഞ്ഞു. കാളിക്ക് ഒരു സസ്പെന്‍സ് കൊടുക്കണം.അതിനു അവനെന്‍റെ സഹായം വേണമത്രേ.. ഈ വരവിനു കാളിയുടെ കാര്യം അവന്‍റെ വീട്ടില്‍ അവതരിപ്പിക്കാനായിരുന്നു അവന്‍റെ ഉദ്ദേശ്യം. അവന്‍ പറഞ്ഞ പോലെ കാളിയേം കൂട്ടി ഞാന്‍ ഒരു സി.സി.ഡിയില്‍ ചെന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ഡറെഡുക്കാനെന്ന വ്യാജേന അവനും അവിടെ എത്തി. അവനെ കണ്ടപ്പോള്‍ അവളുടെ മുഖത്തെ ആശ്ചര്യവും, സന്തോഷവുമൊക്കെ കാണേണ്ടതാരുന്നു.. സ്വര്‍ഗത്തിലെ കട്ടുറുംമ്പാകേണ്ട എന്ന് കരുതി ഞാന്‍ പയ്യെ അവിടുന്ന് സ്ഥലം കാലിയാക്കി..അന്ന് രാത്രി അച്ചായന്‍ തന്നെ കാളിയെ ഹോസ്റ്റലില്‍ എത്തിച്ചു.. പിറ്റേന്ന് ക്ലാസിനു കാളി വന്നില്ല, അവളെ ഫോണ്‍ ചെയ്തിട്ടു മറുപടിയുമില്ല. അതിന്‍റെ പിറ്റേന്ന് അവളെ ഞാന്‍ കണ്ടു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ കലാലയത്തിലേക്ക് വരുന്നു. എന്നെ കണ്ടിട്ടോഴിഞ്ഞുമാറി അവള്‍ പോയി.. അപ്പോള്‍ തന്നെ ഞാന്‍ അച്ചായനെ വിളിച്ചു. എന്തോ ഭാഗ്യത്തിന് അവള്‍ ഫോണ്‍ എടുത്തു. അവന്‍റെ സംസാരത്തില്‍നിന്നും അവനും ദുഖിതനാണ് എന്ന് എനിക്ക് മനസിലായി. അവന്‍ അതിന്‍റെ കാര്യവും പറഞ്ഞു. നാട്ടില്‍ വന്ന അന്നുതന്നെ  അവന്‍ വീട്ടില്‍ കാളിയുടെ കാര്യം അവതരിപ്പിച്ചു, എന്നാല്‍  അവന്‍റെ അച്ഛനോ അമ്മയോ അവനെ അതില്‍ പിന്താങ്ങിയില്ല. അന്യമതത്തില്‍ പെട്ട  ദേവിയെ അവന്‍ വിവഹം ചെയ്താല്‍ അവന്‍റെ പെങ്ങമാരെ ആര് വിവാഹം കഴിക്കും എന്നതായിരുന്നു അവരുടെ പ്രശ്നം. അങ്ങനെയെങ്കില്‍ പെങ്ങന്മാരുടെ കല്യാണത്തിന് ശേഷമായികൂടെ അവന്‍റെ കല്യാണമെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞത് ഒരന്യമതക്കാരിയെ ഈ വീട്ടില്‍ കയറ്റില്ല എന്നായിരുന്നു. "ജാതിയും മതവും ഒക്കെ മുടിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു". അവനു അവന്‍റെ അപ്പനെ ധിക്കരിക്കാന്‍ വയ്യ എന്നും അവന്‍ പറഞ്ഞതോടെ ഒന്നെനിക്ക് മനസ്സിലായി - ആ പ്രേമവും അവിടെ അവസാനിക്കാന്‍ പോകുന്നു.

രണ്ടുപേരെയും എന്നാല്‍ കഴിയുന്ന വിധം വീണ്ടുമോന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഡേവിഡ് ഫോണ്‍ എടുക്കാതെയായി, അവന്‍ ഞങ്ങള്‍ക്കെത്താത്ത ദൂരത്തേക്ക് എത്തിയിരുന്നു. പ്രണയം നഷ്ടപെട്ട രണ്ടുപേര്‍ക്ക് അന്യോന്യം ഒരുപാട് മനസിലാക്കാന്‍ സാധിക്കും. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു തുടങ്ങി. അങ്ങനെ ഈ ഭദ്രനും കാളിയും അടുത്തു. അവള്‍ വീണ്ടും ചിരിച്ചു തുടങ്ങി. പക്ഷെ ഒരു ചോദ്യം എന്‍റെ മനസ്സില്‍ മുളച്ചു വന്നു - "അവളോട് എന്‍റെ ഇഷ്ടം പറയണോ?" . ഒരു നഷ്ടപ്രണയത്തിന്‍റെ വേദന ഉള്ളിലൊതുക്കിയ ഞാന്‍ വീണ്ടുമൊരു നഷ്ടം  ആഗ്രഹിച്ചിരുന്നില്ല. അവളും അതുതന്നെയായിരിക്കും മനസ്സില്‍ കരുതിയത് എന്ന് ഞാന്‍ വിചാരിച്ചു. രണ്ടുപേരും ആഗ്രഹങ്ങള്‍ മനസ്സിലടക്കി, ദുഃഖങ്ങള്‍ മറന്നു ചിരിച്ചും കളിച്ചും നടന്നു.


എത്ര വേണ്ട എന്ന് കരുതിയാലും ഒരു ദിവസം പൂച്ച്  വെളിയില്‍ വരും. ഞാന്‍ തന്നെ അവളോട് പറഞ്ഞു -"എടീ കാളി, എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷെ അതൊരു കല്യാണത്തില്‍ എത്തിക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല. അതുകൊണ്ട് എന്‍റെ ഇഷ്ടത്തെ നീ ഒരു സഹോദരസ്നേഹമായി കരുതിയാല്‍ മതി. എന്‍റെ ഇഷ്ടം കല്യാണത്തില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ നമ്മള്‍ വിഷമിക്കും, അകലും പിന്നെ ഒരിക്കലും നേരില്‍ കണ്ടില്ലെന്നും വരാം. അതിലുമെത്രെയോ നല്ലതാണ് നമ്മളെന്നും സുഹൃത്തുക്കളായി ഇരിക്കുന്നത്. ഇന്ന് മുതല്‍ ഞാന്‍ നിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരിക്കും". എല്ലാം കേട്ടുകൊണ്ട് അവള്‍ കുറെനേരം മൌനിയായി ഇരുന്നു, അതിനു ശേഷം അവള്‍ സമ്മതം പറഞ്ഞു. ഞങ്ങള്‍ 2 പേര്‍ക്കും മറ്റൊരു നൈരാശ്യം കൂടെ താങ്ങാന്‍ പറ്റുമായിരുന്നില്ല.. അങ്ങനെ കലാലയജീവിതത്തിന്‍റെ അവസാനമെത്തി. അതോടെ അവളുടെ കല്യാണവുമുറപ്പിച്ചു. നന്ദഗോപാലന്‍ എന്ന നന്ദന്‍, സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്ക് ആണ് കക്ഷി. അവളുടെ വിവാഹനിശ്ചയത്തിന്‍റെ അന്ന് വൈകിട്ട് ഞാന്‍ അച്ചായനെ യാഹൂ മെസ്സെന്‍ജെറില്‍ കണ്ടുമുട്ടി. അവനോട് ദേവിയുടെ നിശ്ചയത്തെപറ്റി ഞാന്‍ പറഞ്ഞു. അവനു സങ്കടമായോ സന്തോഷമായോ എന്നെനിക്കറിയാന്‍ പറ്റിയില്ല. അവന്‍ എന്നോടൊന്നു മാത്രം പറഞ്ഞു - "എടാ നീ അവളോട് പറയണം എന്നെ ഒരിക്കലും ശപിക്കരുത് എന്ന്. എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരിക്കലും എന്‍റെ അപ്പെനെതിര് പറയാന്‍ എനിക്ക് പറ്റില്ല. എന്‍റെ വീട്ടുകാര്‍ക്ക് വേണ്ടി അവളെ ഞാന്‍ വേണ്ടെന്നു വെച്ചു. ഈ പാപിയോട് ക്ഷമിക്കാന്‍ അവളോട് നീ പറയണം. അതോടെ അവന്‍ ഓഫ്‌ലൈന്‍ ആയി.."

ഇന്നവള്‍ കല്യാണവും കഴിഞ്ഞു, രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നു. അച്ചായന്‍ പറഞ്ഞത് ഞാന്‍ അവളോട് ഇന്ന് വരെ പറഞ്ഞിട്ടില്ല. അവന്‍റെ ഓര്‍മ ഒരിക്കലും അവളുടെ മനസ്സില്‍ ഉണരരുത് എന്ന ഉദ്ദേശ്യം മാത്രമായിരുന്നു എനിക്ക്. അവന്‍ എന്നോട് ക്ഷമിക്കട്ടെ.. അവന്‍ ഒരുക്കലും ഒരു വഞ്ചകന്‍ ആയിരുന്നില്ല.. ഞാന്‍ ജോലിയും പെണ്ണ്കാണലുമായി ഇങ്ങനെ നടക്കുന്നു. ഭദ്രനും കാളിയും ഇപ്പോളും അടുത്ത സുഹൃത്തുക്കള്‍ തന്നെ.............


ആരായിരുന്നു അവള്‍?? എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാകിയ എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇപ്പൊളവള്‍ .. ആരായിരുന്നു എന്നെനിക്കിപ്പോളുമറിയില്ല   

Sunday 7 October 2012

മഹാഭാരതം : കോമാളിയുടെ അവലോകനം- 3


കൌരവര്‍ ....

ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയില്‍ ഉണ്ടായ 101 മക്കള്‍ ..
ഗാന്ധാരിയുടെ ഗര്‍ഭകാലം 2 കൊല്ലം കഴിഞ്ഞിട്ടും അവര്‍ പ്രസവിച്ചില്ല, ഇതില്‍ മനം നൊന്തു തന്‍റെ വയറ്റില്‍ അമര്‍ത്തിയതു മൂലം ഒരു മാംസപിണ്ഡം ആണ് അവര്‍ പ്രസവിച്ചത്. ദുഖിതയായിരുന്ന അവരുടെ അടുത്ത് അപ്പോള്‍ വേദവ്യാസന്‍ ചെന്നു. വ്യാസന്‍റെ ഉപദേശപ്രകാരം അവര്‍ ആ മാംസപിണ്ഡത്തെ 100 ആയി ഭാഗം വെച്ച് 100 നെയ്യ് നിറച്ച   ഭരണിയില്‍ നിക്ഷേപിച്ചു. അങ്ങനെ ചെയ്തപ്പോള്‍ ഒരു ചെറിയ മാംസക്കഷണം ബാക്കിയായി. ഗാന്ധാരി അതും ഒരു നെയ്യ് ഭരണിയില്‍ നിക്ഷേപിച്ചു. കൃത്യം ഒരു കൊല്ലം കഴിഞ്ഞു ഭരണി തുറന്നപ്പോള്‍ മാംസക്കഷണം കുട്ടികളായി മാറിയിരുന്നു. 100 ആണ്‍കുട്ടികളും , ഒരു പെണ്ണും..

(അന്നും ക്ലോണിംഗ് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍ .. പുരാണങ്ങളില്‍ നോക്കിയാല്‍ ഇന്നത്തെ പല ശാസ്ത്ര സാങ്കേതിക വിദ്യകളും അന്നും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.....)

ആദ്യത്തെ ഭരണിയില്‍ നിന്ന് കിട്ടിയ കുട്ടിക്ക് ധൃതരാഷ്ട്രരും ഗാന്ധാരിയും കൂടെ സുയോധനന്‍ എന്ന് പേരിട്ടു. കുട്ടിയെ കയ്യിലെടുത്തപ്പോള്‍, അരുതാത്ത പല കാര്യങ്ങളും സംഭവിച്ചു. അതോടെ ആ കുട്ടി രാജ്യത്തിന്‍റെ നാശത്തിനു കാരണഹേതുവാകും എന്നും ജ്യോത്സ്യന്മാര്‍ വിധിച്ചു. എന്നാല്‍ രാജാവും റാണിയും ആ കുട്ടിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. വിദുരര്‍ അവരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, അവര്‍ ചെവിക്കൊണ്ടില്ല...


ഈ 101 മക്കളില്‍ ഏറ്റവും കൂടുതല്‍ മഹാഭാരതത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്, സുയോധനന്‍, സുശാസനന്‍, യുയുത്സു, ദുശള എന്നിവരെക്കുറിച്ചാണ് . ആദ്യത്തെ രണ്ടു പേരും പില്‍കാലത്ത് ചെയ്തു കൂട്ടിയെന്നു പറയുന്ന ദുഷ്കര്‍മങ്ങള്‍ കാരണം ദുരോധനന്‍ എന്നും ദുശാസനന്‍ എന്നും അറിയപ്പെട്ടു...

1) സുയോധനന്‍ : കുരുവംശത്തിന്‍റെ യഥാര്‍ത്ഥ അവകാശി. ഗുരുകാരണവന്മാര്‍ എല്ലാവരും പാണ്ഡവരുടെ സ്തുതി പാടിയപ്പോള്‍, യഥാര്‍ത്ഥ അവകാശിയായ തന്നെ ആരും തന്നെ ഗൌനിക്കാത്തതില്‍ അരിശം കൊണ്ടവന്‍ . തന്‍റെ അനുജന്മാര്‍ ഭീമന്‍റെ മര്‍ക്കടമുഷ്ടിയില്‍ കിടന്നു പിടഞ്ഞിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ നിന്നവന്‍,ഗദായുദ്ധത്തില്‍ ഭീമനെയും വെല്ലുന്നവന്‍ .. തന്‍റെ രാജ്യം കയ്യടക്കാന്‍ ശ്രമിച്ച പാണ്ഡവരെ ഏതുവിധേനയും ഇല്ലായ്മ ചെയ്യും എന്ന് പ്രതിജ്ഞ ചെയ്തവന്‍ .. പാണ്ഡവര്‍ എന്ന് ഹസ്ഥിനാപുരത്ത് വന്നോ, അന്ന് മുതല്‍ അവരെ വെറുക്കാന്‍ മാത്രം ശീലിച്ചവന്‍ ..

2) സുശാസനന്‍ : ജ്യെഷ്ട്ടനെ ദൈവത്തെപോലെ കരുതി ആരാധിച്ചു, അനുസരിച്ച് വന്ന അനുജന്‍ . ജ്യെഷ്ടനെ പോലെ തന്നെ പാണ്ഡവരെ വെറുത്ത ഒരു ജന്മം..

3) യുയുത്സു : മഹാഭാരതയുദ്ധത്തില്‍ പാണ്ഡവരുടെ കൂടെ ചേര്‍ന്ന കൌരവന്‍ .യുധിഷ്ടിരന്‍ രാജ്യം ഉപേക്ഷിച്ചതിനു ശേഷം, ഭാരതത്തിന്‍റെ രാജാവ് ആയി അവരോധിക്കപെട്ടു...

4) ദുശ്ശള  : 100 ആങ്ങളമാരുടെ ഏക പെങ്ങള്‍ . യൌവനത്തില്‍ ജയദ്രഥനെ വിവാഹം ചെയ്തു..

പാണ്ഡവരേയും കൂട്ടി എന്ന് കുന്തി വനത്തില്‍ നിന്ന് ഹസ്ഥിനാപുരത്ത് വന്നോ, അന്ന് മുതല്‍ ഇവര്‍ തമ്മില്‍ സ്പര്‍ധ തുടങ്ങി. ആരാണ് കേമന്‍ എന്നതിനെ ചൊല്ലിത്തന്നെയായിരുന്നു എല്ലാം . ഭീമനെന്ന മല്ലനെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലാഞ്ഞതിനാല്‍, കൌരവകുമാരന്മാര്‍ എല്ലാം തന്നെ ഭീമന്‍റെ കരുത്ത് അനുഭവിച്ചറിഞ്ഞു. സുയോധനനും, സുശാസനനുമൊഴിച്ചുള്ളവര്‍ ഭീമന്‍ കാരണം വശംകെട്ടു. അന്ന് മുതല്‍ക്കേ തന്നെ ഭീമനെ എങ്ങനയെങ്കിലും വകവരുത്താന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു . അങ്ങനെ പാണ്ടവരും കൌരവരും തമ്മില്‍ അകന്നു... ഇവിടുന്നു തുടങ്ങുന്നു അവര്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ...

തുടരും...................................(ഗുരുകുല വിദ്യാഭ്യാസം)  

NB: 101 കൌരവര്‍ താഴെ പറഞ്ഞിട്ടുള്ളവര്‍ ആണ്.. ഇവരുടെ പേരുകള്‍ ഇന്‍റെര്‍നെറ്റില്‍ നിന്നും കിട്ടിയതാണ്..


1. സുയോധനന്‍
2. ശുശാസനന്‍
3. സുസാഹന്‍
4. ജലസന്ധന്‍
5. സാമ
6. സാഹ
7. വിന്ദ
8. അനുവിന്ദ
9. സുദര്‍ശന്‍
10. സുവഹു
11. സുപ്രദര്‍ശനന്‍
12. സുമര്‍ശനന്‍
13. സുമുഖന്‍
14. സുഷ്കര്‍ണന്‍
15. വിവിന്‍സതി
16. വികര്‍ണന്‍
17. സാലന്‍
18. സത്വന്‍
19. സുലോചനന്‍
20. ചിത്രന്‍
21. ഉപചിത്രന്‍
22. ചിത്രക്ഷണന്‍
23. ചാരുചിത്രന്‍
24. സരസണന്‍
25. സുമദന്‍
26. സുവിഗഹനന്‍
27. വിവിത്സു
28. വികടനന്‍
29. ഉര്‍ണനഭന്‍
30. സുനഭന്‍
31. നന്ദകന്‍
32. ഉപനന്ദകന്‍
33. ചിത്രവനന്‍
34. ചിത്രവര്‍മന്‍
35. സുവര്‍മന്‍
36. ദുര്‍വിമോചനന്‍
37. ആയോവഹു
38. മഹാവഹു
39. ചിത്രങ്ങന്‍
40. ചിത്രകുണ്ടലന്‍
41. ഭിമവേഗന്‍
42. ഭിമവലന്‍
43. ബാലകി
44. ബലവര്‍ദ്ധനന്‍
45. ഉഗ്രയുദ്ധന്‍
46. ഭിമന്‍
47. കര്‍ണന്‍
48. കനകയന്‍
49. ദ്രിധയുഥന്‍
50. ദ്രിഥവര്‍മന്‍
51. ദ്രിഥക്ഷത്രന്‍
52. സോമകീര്‍ത്തി
53. അനുദരന്‍
54. ദ്രിധസന്ധന്‍
55. ജരാസന്ധന്‍
56. സത്യസന്ധന്‍
57. സദന്‍
58. സുവകന്‍
59. ഉഗ്രശ്രവസ്
60. ഉഗ്രസേനന്‍
61. സേനാനി
62. ദുഷ്പരാജയന്‍
63. അപരാജിതന്‍
64. കുണ്ടസയിന്‍
65. വിശാലാക്ഷന്‍
66. ദുരാധരന്‍
67. ദ്രിഥഹസ്തന്‍
68. സുഹസ്തന്‍
69. വടവേഗന്‍
70. സുവര്‍ചാസന്‍
71. ആദിത്യകേതു
72. വഹ്വശിന്‍
73. നാഗദത്തന്‍
74. ആഗ്രയായിന്‍
75. കവചിനന്‍
76. ക്രതനന്‍
77. കുന്ദന്‍
78. കുന്ദധരന്‍
79. ധനുര്‍ധരന്‍
80. ഉഗ്രന്‍
81. ഭിമരഥന്‍  
82. വിരവാഹു
83. അലോലുപന്‍
84. അഭയന്‍
85. രുദ്രകര്‍മന്‍
86. ദ്രിഥരതന്‍
87. അനാദ്രിശ്യന്‍
88. കുന്ദഭെദിന്‍
89. വിരവി
90. ദിര്‍ഘലോച്ചനന്‍
91. പ്രമാതന്‍
92. പ്രമാതി
93. ധീര്‍ഘരോമന്‍
94. ദീര്‍ഘവാഹു
95. മഹാവാഹു
96. വ്യുധൊരു
97. കനകധ്വജ
98. കുന്ദസി
99. വിരജസ്
100. യുയുത്സു
101. ദുശ്ശള


Saturday 6 October 2012

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

നമസ്കാരം കോമാളി ടി.വിയിലെ 7 .00  മണിയുടെ വാര്‍ത്തകളിലേക്ക് സ്വാഗതം... വാര്‍ത്തകള്‍ വായിക്കുന്നത് കോമാളിക്കുട്ടന്‍ ...

പ്രധാനവാര്‍ത്തകള്‍ .. 

1) സന്തോഷ്‌ പണ്ഡിത്തിനു ഓസ്കാര്‍  നാമനിര്‍ദേശം.

2) നാഥൂറാം ഗോഡ്സെയെ ഉപരാഷ്ട്രപിതാവ് ആക്കാന്‍ ശുപാര്‍ശ 

3) ഷക്കീല സെന്‍സര്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ 

4) പാകിസ്താന്‍ കാശ്മീര്‍ അവകാശവാദത്തില്‍ നിന്ന് പിന്മാറുന്നു.
  
5) സോണിയാജി നോബല്‍ സമാധാന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

വാര്‍ത്തകള്‍ ഇനി വിശദമായി....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മലയാളികളുടെ എല്ലാമെല്ലാമായ ശ്രീ സന്തോഷ്‌ പണ്ഡിത്തിനു ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചു. ഓസ്കാര്‍ നിയമങ്ങളെല്ലാം പൊളിച്ചെഴുതിയാണ് ശ്രീ പണ്ഡിത്തിനു നാമനിര്‍ദേശം കൊടുത്തത്. വിദേശഭാഷയിലുള്ള ഒരു ചിത്രത്തിനു എല്ലാ ഓസ്കാര്‍ അവാര്‍ഡിനും ആദ്യമായി ആണ് നാമനിര്‍ദേശം കൊടുക്കുന്നത്. സന്തോഷ്‌ എന്ന സിനിമ പ്രസ്ഥാനത്തെ കണ്ടില്ല എന്ന് നടിക്കാന്‍ പറ്റാത്ത കൊണ്ടാണ് ഓസ്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതെന്നു ഓസ്കാര്‍ അക്കാഡമി പ്രസിഡന്‍റ് ശ്രി ഹോക്ക് കോച്ച് പറഞ്ഞു. സര്‍വകലാവല്ലഭാനായ ശ്രി പണ്ഡിത്ത് ലോകസിനിമയുടെ  ഭാവി ആല്‍ഫ്രെഡ് ഹിച്ച്കൊക്കോ , അകിരോ കുറുസോവയോ ആയെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു... പണ്ഡിത്തിന്‍റെ "ഞാന്‍ സൂപ്പര്‍ സ്റ്റാര്‍" സന്തോഷ്‌ പണ്ഡിത്ത്" എന്ന ചിത്രത്തിനാണ് നാമനിര്‍ദേശങ്ങളെല്ലാം തന്നെ ലഭിച്ചത്.

വിവരം അറിഞ്ഞ ഉടനെ അമ്മയുടെ പ്രസിഡന്‍റ്റു കരിംകള്ളന്‍, പണ്ഡിത്തിനെ വിളിച്ചു അനുമോദിച്ചു. അടുത്ത ചിത്രത്തിന് എന്ത് സഹായം വേണമെങ്കിലും അമ്മ നല്‍കാം എന്നും കരികള്ളന്‍ പറഞ്ഞു.
ഹോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ വാര്‍ണര്‍ സഹോദരങ്ങള്‍ ശ്രി പണ്ഡിത്തിനെ ഹോളിവുഡിലേക്ക് ക്ഷണിച്ചു.  മലയാളത്തിനു ഇതൊരു അസുലഭ നിമിഷം ആണെന്നും, അമ്മ സഹായിക്കിഞ്ഞിട്ടും അച്ഛന്‍ സഹായിച്ചത് കൊണ്ടാണ് താന്‍ ഇവിടം വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
നാഥുറാം ഗോഡ്സെയെ  ഉപരാഷ്ട്രപിതാവാക്കാന്‍ നീക്കം. UPA സര്‍ക്കാരിന്‍റെ പുതിയ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഗാന്ധിജിയെ രക്തസാക്ഷി ആക്കി കോണ്‍ഗ്രസിന്‍റെ ഭരണം അന്ന് മുതലേ ഡല്‍ഹിയില്‍ ഉറപ്പിച്ചതിനു പ്രത്യുപകാരമായി ആണ് ഈ നീക്കം എന്ന് നമുക്ക് കരുതാം. പ്രധാനമന്ത്രി രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ പറയുന്നത് ഇങ്ങനെ - "അഹിംസ എന്നും പ്രോല്‍ത്സാഹിപ്പിച്ച രാഷ്ത്രപിതാവിന്‍റെ പാത നമ്മളും പിന്തുടരണം എന്നാണ് സര്‍ക്കാര്‍ ഇച്ച്ചിക്കുന്നത് , അതിനു ഗോഡ്സെയെ ഉപരാഷ്ട്രപിതാവ് ആക്കുന്നതാണ് ഉത്തമം." രാഷ്ട്രപിതാവിനെ വധിച്ച ഗോഡ് സെയോട് ക്ഷമിച്ചു, അഹിംസ പ്രകടിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗം വേറെയൊന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോഡ്സെയെ ഉപരാഷ്ട്രപിതാവക്കുന്നതിനോട്‌ നിങ്ങള്‍ യോജിക്കുന്നുണ്ടോ? ഉണ്ടെകില്‍ ഞങ്ങള്‍ക്ക് എസ്.എം.എസ് അയയ്ക്കു, സമ്മാനം നേടു...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഷക്കീല സെന്‍സര്‍ ബോര്‍ഡ്‌ പ്രസിഡണ്ട്..

ഇന്നലെ ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ്‌ യോഗം ഷക്കീലയെ സെന്‍സര്‍ ബോര്‍ഡ്‌ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഷക്കീലാ ഫാന്‍സിനെ പുളകം കൊള്ളിച്ചു കൊണ്ട് പല നവീകരണങ്ങളും അവര്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ഒരു (A) സിനിമയും സെന്‍സര്‍ ചെയ്യില്ല എന്നും, ബുദ്ധിമുട്ടി വിവസ്ത്രരായി അഭിനയിക്കുന്നത് സെന്‍സര്‍ ചെയ്യാന്‍ വേണ്ടി അല്ല എന്നും ഷക്കീല അറിയിച്ചു. ഈ കൊല്ലം മുതല്‍ (A) പടങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ്‌ ഏര്‍പ്പെടുത്താനും തീരുമാനമായത്രേ. ഏറ്റവും നല്ല (A) നടന്‍, നടി, മികച്ച ബലാല്‍സംഗക്കാരന്‍, മികച്ച (A) ചിത്രം എന്നിവയ്ക്ക് അവാര്‍ഡ്‌ കൊടുക്കും എന്നും ശ്രീമതി ഷക്കീല അറിയിച്ചു.

ഷക്കീലയുടെ ഈ പ്രഖ്യാപനത്തിന് ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡണ്ട് വാസ്കോയും, ട്രേഷറര്‍ മുള്ളന്‍ ചന്ദ്രപ്പനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പാക്കിസ്ഥാന്‍  കാശ്മീര്‍  അവകാശവാദത്തില്‍ നിന്ന് പിന്മാറുന്നു...

പാക്കിസ്ഥാന്‍ കാശ്മീര്‍ വേണ്ട എന്ന് വെക്കുന്നു.  കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതും, ശ്രീലങ്ക അവരെ പിന്നെയും തോല്‍പ്പിച്ചതും ആണ് ഇതിനു കാരണം എന്ന് അറിയപ്പെടുന്നു.  ഇന്ത്യയോട്  ലോകകപ്പില്‍ ഇനി ഒരിക്കല്‍ കൂടെ തോറ്റാല്‍ അന്ന് കാശ്മീര്‍ അവകാശവാദം ഉപേക്ഷിക്കും എന്ന് കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു, ഇതനുസരിച്ച് ജിഹാദികളോട് കാശ്മീരില്‍ നിന്ന് പിന്മാറാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

ഇത് പോരാഞ്ഞു ഇന്ത്യയോട് തോറ്റ ടീമില്‍ ഉണ്ടായിരുന്ന, മൂന്നു ഗോള്‍ഡന്‍ ഡക്ക് നേടിയ അഫ്രീദിക്ക് മുട്ട കച്ചവടം തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു എന്നും വാര്‍ത്തകള്‍ പരക്കുന്നു...

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സോണിയാജി നോബല്‍ സമാധാന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടത്തില്‍ ഏര്‍പെട്ട സോനിയാജീയെ ഒടുക്കം നോബല്‍ സമാധാന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സാമൂഹിക സംഘടന ആണ് ഇത് ചെയ്തത്. പാകിസ്ഥാനെ കാശ്മീരില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചു, അത് വഴി അനേകായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് സംഘടന പറയുന്നത്. ഇതിനെക്കുറിച്ച്‌ ചില കിംവദന്തികളും പരക്കുന്നുണ്ട്. സോണിയാജീ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കോഴ കൊടുത്തു, അങ്ങനെ അവര്‍ തോറ്റത് കൊണ്ടാണ് പാക്കിസ്ഥാന്‍ കാശ്മീര്‍ വേണ്ട എന്ന് വെച്ചത് എന്നും കേള്‍ക്കുന്നു. എന്തൊക്കെയായാലും ഒരുപാട് നിരപാരധികളുടെ ജീവന്‍ രക്ഷിച്ച സോണിയാജീക്ക് അടുത്ത അഞ്ചു കൊല്ലവും സമാധാന നോബലിനു നാമനിര്‍ദേശം കൊടുക്കും എന്ന് പഞ്ജാബി ഹൌസിലെ ഗുര്‍ബീന്ദിര്‍ സിംഗ് അറിയിച്ചു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇതോടെ കോമാളി വാര്‍ത്തകള്‍ ഇവിടെ അവസാനിക്കുന്നു.. അടുത്ത വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കകം..

Monday 1 October 2012

മഹാഭാരതം : കോമാളിയുടെ അവലോകനം- 2

പാണ്ഡവര്‍  അഥവാ കൌന്ധേയന്മാര്‍

പാണ്ടു, തനിക്ക് വന്നുചേര്‍ന്ന ശാപത്താല്‍ മനം നൊന്ത് കുന്തിയേയും , മാദ്രിയേയും കൂട്ടി വനവാസത്തിനു പോയി. കുട്ടികള്‍ ഉണ്ടാകാത്തതില്‍  വിഷമിച്ചിരുന്ന പാണ്ടുവിനോട്, കുന്തി തനിക്ക് ദുര്‍വാസാവില്‍ നിന്ന് ലഭിച്ച വരത്തെക്കുറിച്ച്‌ പറഞ്ഞു. അങ്ങനെ പുത്രകാമേഷ്ടി വരത്താല്‍ കുന്തിക്കും മാദ്രിക്കും കൂടെ  5 കുട്ടികള്‍ പിറന്നു. പഞ്ചപാണ്ഡവര്‍  എന്നവര്‍ അറിയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം പാണ്ടു, ശാപത്തെ മറന്നു  മാദ്രിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി കാമാവേശത്തോടെ  അവരെ വാരിപ്പുണര്‍ന്നു. അതോടെ ശാപം ഫലിച്ചു, പാണ്ടു ഇഹലോകവാസം വെടിഞ്ഞു. മാദ്രിയും സ്വന്തം ജീവന്‍ പാണ്ടുവിന്‍റെ ചിതയിലോടുക്കി.

യൌവനത്തിലേക്ക് കടക്കുന്ന അഞ്ച്  മക്കളെയും കൊണ്ട് കുന്തി ഹസ്തിനപുരത്തെക്ക് മടങ്ങി..  ഇതോടെ തുടങ്ങുന്നു പാണ്ഡവരും  കൌരവരും തമ്മില്ലുള്ള സ്പര്‍ധ.

ഹസ്ഥിനപുരത്തെക്ക് പാണ്ഡവരുടെ കൂടെ പോകും മുന്നേ കോമാളി അവരെ കുറിച്ച് പറയട്ടെ 

പാണ്ഡവര്‍ അഞ്ചു  പേരെങ്കിലും, അവര്‍ക്ക് മൂത്ത ഒരു ജേഷ്ഠന്‍ കൂടെ ഉണ്ട് കര്‍ണന്‍.. ..മുതിര്‍ന്നവരില്‍ നിന്ന് കോമാളി തുടങ്ങുന്നു .

കര്‍ണന്‍ : ദുര്‍വാസവില്‍ നിന്ന് ലഭിച്ച മന്ത്രം ഫലിക്കുമോ എന്ന് കുന്തി പരീക്ഷിച്ചതില്‍ നിന്ന്, സൂര്യന്‍റെ അനുഗ്രഹത്താല്‍ പിറവിയെടുത്ത ജന്മം. വിധി എന്നും എതിരെങ്കിലും , വിധിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു  സ്വയം പരാജിതനായ കൌന്ധേയന്‍ .ധര്‍മപാലനത്തില്‍ യുധിഷ്ടിരനെക്കാളും ശ്രേഷ്ഠന്‍ , ഗദായുദ്ധത്തിലും, മല്ലയുദ്ധത്തിലും ഭീമനെക്കാളും മികച്ചവന്‍ , അര്‍ജ്ജുനനെ വെല്ലുന്ന വില്ലാളി, അശ്വപാലനത്തില്‍ നകുലന് ഒരു പടി മുകളില്‍, വാള്‍പയറ്റില്‍ സഹദേവനേക്കാള്‍  കേമന്‍ .. അതായിരുന്നു കര്‍ണന്‍ ..  എന്നും രാവിലെ ഗംഗയുടെ തീരത്ത് സൂര്യനമസ്കാരം ചെയ്ത ശേഷം ആരെന്ത്‌ ദാനമായി ചോദിച്ചാലും കൊടുത്തു പോന്ന ദാനധര്‍മിഷ്ടന്‍ .. സ്വന്തം ജീവനേക്കാളും സുഹൃത്ത്ബന്ധത്തിനു വിലകല്പ്പിച്ച മഹാന്‍ ..

യുധിഷ്ഠിരന്‍ : കുന്തിക്ക് ധര്‍മ്മദേവനില്‍ നിന്ന് ജനിച്ച പുത്രന്‍ .. ധര്‍മിഷ്ഠന്‍ എന്ന് മാലോകര്‍ വിളിച്ചുപോന്ന രാജാവ്. സത്യമല്ലാതെ ഒന്നും ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്ത ആദര്‍ശശാലി. ചൂതുകളിയിലുള്ള കംബംമൂലം രാജ്യവും, സമ്പത്തും,  എന്തിനു സ്വന്തം ഭാര്യയേയും സഹോദരന്മാരെയും പണയം വെച്ചവന്‍ ..

ഭീമന്‍ : വായുപുത്രന്‍ .. ആയിരം ആനയുടെ ശക്തിയുണ്ട് എന്ന് ലോകം കരുതിപോന്ന ഒരു മന്തന്‍ . എം ടി വാസുദേവന്‍ നായുരുടെ രണ്ടാമൂഴത്തില്‍ തിന്നു മുടിക്കുന്ന, എന്തിനേയും തന്‍റെ കൈക്കരുത്തില്‍ അളക്കുന്നവന്‍ .. 99 കൌരവരേയും കാലന്‍റെയടുത്തെക്ക് അയച്ചവന്‍ .. എന്നും രണ്ടാമതായതിന്‍റെ   ദുഖവും, ദ്രൌപതിയോടുള്ള അഗാധമായ സ്നേഹവും ഉള്ളില്‍ കൊണ്ട് നടന്നവന്‍ . ദുര്യോധനനോട്‌ എന്നും കലഹിച്ചുകൊണ്ടിരുന്നവന്‍ .

അര്‍ജ്ജുനന്‍ : പാണ്ഡവരിലെ നടുവന്‍ .ഇന്ദ്രപുത്രന്‍ . താനാണ് ലോകത്തിലെ ഏറ്റവും മികച്ച വില്ലാളി എന്ന് സ്വയം ധരിച്ചു വന്ന മൂഡന്‍ .. ശ്രീകൃഷ്ണന്‍ എന്ന തന്ത്രജ്ഞനായ സുഹൃത്ത് ഇല്ലായിരുന്നെങ്കില്‍ കര്‍ണ്ണനാല്‍  എന്നേ പരലോകം പൂകേണ്ടിയിരുന്ന ജന്മം. ദ്രോണാചാര്യരുടെ പ്രിയപ്പെട്ട ശിഷ്യന്‍ .കര്‍ണ്ണനെയും,എകലവ്യനെയും കണ്ടില്ലെന്നു ധരിച്ചു, ലോകത്തിലെ ഏറ്റവും  മികച്ച വില്ലാളി  തന്‍റെ ഈ ശിഷ്യന്‍ ആണെന്ന് ഗുരുവിനെ കൊണ്ട് വിളിച്ചു പറയിപ്പിച്ചവന്‍.. മികച്ച വില്ലാളി ആയിരുന്നു അര്‍ജുനന്‍, പക്ഷെ അതിന്‍റെ  ഗര്‍വ് എന്നും കാട്ടിയിരുന്നു.

നകുലന്‍ : മാദ്രിക്ക് അശ്വിനീദേവന്മാരുടെ ആശിര്‍വാദത്താല്‍  പിറന്നവന്‍ . സ്വന്തം സൌന്ദര്യത്തില്‍ അഹങ്കാരം കാണിച്ചവന്‍, മികച്ച വാള്‍പയറ്റുകാരന്‍ .  അശ്വപാലനത്തിലും, ജ്യോതിഷത്തിലും കേമന്‍ .ഭാവിയെക്കുറിച്ചു  നകുലന്‍ എന്ത് പ്രവചിച്ചാലും ഉടന്‍ തന്നെ അത് മറന്നു പോകുമായിരുന്നു.(എന്താണ് താന്‍ പ്രവചിച്ചത് എന്ന് പിന്നീട് ഓര്‍മ വരില്ല )

സഹദേവന്‍ : മാദ്രിക്ക് അശ്വിനീദേവന്മാരുടെ ആശിര്‍വാദത്താല്‍  പിറന്നവന്‍ . തന്‍റെ  അറിവിലും സാമാര്‍ത്ഥ്യത്തിലും ഗര്‍വ് കാണിച്ചവന്‍ . വാള്‍പയറ്റിലും , ജ്യോതിഷത്തിലും ബഹുകേമി.     

കുന്തീദേവി എന്ത് പറഞ്ഞാലും അനുസരിക്കുന്നവര്‍ ആയിരുന്നു അഞ്ചു പേരും. വനത്തിലായിരുന്നപോളേ അവര്‍ ധീരന്മാരായി വളര്‍ന്നു. അഞ്ചു പേരും ഒന്നുച്ചു  നിന്നാല്‍ പിന്നെ അവരെ തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. വായുവേഗമുള്ള ഭീമനും, ഇന്ദ്രനെപ്പോലെയുള്ള അര്‍ജ്ജുനനുമായിരുന്നു പാണ്ഡവരുടെ ശക്തിദുര്‍ഗം..


തുടരും...................................(ബാല്യം --- കൌരവര്‍  )    

Sunday 30 September 2012

മഹാഭാരതം : കോമാളിയുടെ അവലോകനം- 1



മഹാഭാരതം: സംസ്കൃതത്തില്‍ രചിക്കപ്പെട്ട രണ്ടു അഭ്രകാവ്യങ്ങളില്‍ ഒന്ന്. വേദവ്യാസന്‍ ഗണപതിക്ക് പറഞ്ഞു കൊടുത്ത്, ഗണപതിയാല്‍ എഴുതപെട്ടതാണ് മഹാഭാരതം എന്ന് എല്ലാ ഹിന്ദുക്കളും വിശ്വസിക്കുന്നു. ഭാരതത്തിന്‍റെ ചരിത്രം ആണ് ഈ അഭ്രകാവ്യം എന്ന് ഇന്നും പലരും വിശ്വസിക്കുന്നു, ഞാനും അത് തന്നെ വിശ്വസിക്കുന്നു. ഓരോ യുഗത്തിന്‍റെ അന്ത്യത്തിലും മഹാപ്രളയം ഉണ്ടായി എന്ന് കരുതപ്പെടുന്നു, എന്നിട്ടും നമുക്ക് ഓരോ യുഗത്തിനെയും കുറിച്ചറിയാം. എങ്ങനെ? പ്രളയത്താല്‍ നശിക്കപ്പെടാതെ പോയ ഒരു "മിസ്സിംഗ്‌ ലിങ്ക്" ഓരോ യുഗത്തെയും ബന്ധിപ്പിക്കുന്നു എന്ന് കരുതണം. ഇത്രയും ഞാന്‍ പറഞ്ഞത്, മഹാഭാരതം എന്നാ ഗ്രന്ഥം ഭാരതത്തിന്‍റെ  ചരിത്രം ആണ് എന്ന് വിശ്വസിച്ചു കൊണ്ടാണ്.

എന്താണ് ചരിത്രം? ആരാണ് ചരിത്രം രചിക്കുന്നത്? ചരിത്രം എപ്പോഴും രചിക്കുന്നത് വിജയശ്രീലാളിതര്‍ ആണ്. പ്രത്യേകിച്ച് ഒരു യുദ്ധാവസാനം, യുദ്ധഹേതുവിനെയും, യുദ്ധത്തിനേയും എഴുതുക യുദ്ധം ജയിച്ചവര്‍ ആയിരിക്കും. ഒരു പക്ഷെ ഇതെഴുതിയ വ്യക്തി, വിജയികളെ കുറിച്ച് പുകഴ്ത്തി മാത്രമേ എഴുതൂ. (അല്ലെങ്കില്‍ കഴുത്തിന്‌ മുകളില്‍ തല കണ്ടു എന്ന് വരില്ലാ). വിജയികള്‍ക്ക് എങ്ങനെ ആയാലും ചരിത്രത്തിന്മേല്‍ ഒരു സ്വാധീനം ഉണ്ടാവും.

ഈ കോമാളിയുടെ വീക്ഷണത്തില്‍ മഹാഭാരതം പാണ്ഡവരെ പുകഴ്ത്തിയെഴുതിയ ഒരു ഗ്രന്ഥമാണ്. ഈ അവലോകനത്തില്‍ കോമാളി കൌരവരുടെ കൂടെ ആണ്. ജയിക്കുന്നവരെ മാത്രം പുകഴ്ത്തി പറഞ്ഞാല്‍ പോരെല്ലോ തോറ്റവരെ ബഹുമാനിക്കുകയും വേണ്ടേ?


മഹാഭാരതം കുരുവംശത്തിന്‍റെ കഥ ആണ്. ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കപെട്ട യുദ്ധത്തിന്‍റെ കഥ ആണ്. എന്നാല്‍ നമുക്ക് നോക്കാം ആരായിരുന്നു ഭാരതം ഭരിക്കേണ്ടിയിരുന്ന കുരു രാജാവ് എന്ന്. എന്നിട്ട് തീരുമാനിക്കാം ഇത് യുദ്ധം വരെ എത്തേണ്ട ഒരു തര്‍ക്കം ആയിരുന്നോ അല്ലിയോ എന്ന്.

കുരുവംശത്തിലെ ഒരു മഹാരാജാവ് ശന്തനു, സ്ത്രീ രൂപത്തിലുള്ള ഗംഗയെ കണ്ടു മോഹിതനാകുന്നു. ഗംഗയെ പരിണയിക്കണം എന്ന ആഗ്രഹം അദ്ദേഹം അവരെ അറിയിക്കുന്നു. ഒരേ ഒരു വ്യവസ്ഥ മാത്രമാണ് ഗംഗ മുന്നോട്ട് വെച്ചത്. താനാരാണെന്ന് ചോദിക്കുകയോ, തന്റെ പ്രവര്‍ത്തികളെ ശന്തനു ചോദ്യം ചെയ്യുകയോ അരുത്. എന്നെങ്കിലും ഈ വ്യവസ്ഥ തെറ്റിച്ചാല്‍ അന്ന് ഗംഗ രാജാവിനെ വിട്ടു പോകും.  അത് അംഗീകരിച്ച മഹാരാജാവിനെ ഗംഗാദേവി കല്യാണം ചെയ്തു. അവര്‍ക്ക് 7 പുത്രന്മാര്‍ ഉണ്ടായി. ഓരോ പ്രസവ ശേഷവും ഗംഗാദേവി കുട്ടിയെ കൊണ്ടുപോയി ഗംഗാനദിയില്‍ മുക്കി കൊലപ്പെടുത്തി. എട്ടാമത്തെ പ്രസവശേഷം  കുട്ടിയെ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗംഗയെ രാജാവ് ചോദ്യം ചെയ്തു  അതില്‍ കുപിതയായ ഗംഗ കുട്ടിയെ രാജാവിനു കൊടുത്ത്, തന്‍റെ ശരിക്കുള്ള രൂപം അദ്ധേഹത്തെ കാണിച്ചു കൊടുത്തിട്ട് അപ്രത്യക്ഷ ആയി. ഗംഗ തന്നെ വിട്ടു പോയതില്‍ മനം നൊന്തു രാജാവ് കഴിഞ്ഞു. അദ്ദേഹം ആ കുട്ടിക്ക് ദേവവ്രതന്‍ എന്ന് നാമം ചെയ്തു, അവനെ യുവരാജാവായി വാഴിച്ചു.


ഇനി കഥ സത്യവതി അഥവാ മത്സ്യഗന്ധിയിലേക്ക് കൊണ്ടുപോകാം. മത്സ്യത്തിന്‍റെ ഗന്ധമുള്ള, സുന്ദരിയായ ഒരു മുക്കുവ സ്ത്രീ ആയിരുന്നു സത്യവതി. മുക്കുവ നേതാവിന്‍റെ മകളായി പിറന്ന പെണ്‍കിടാവിനു മത്സ്യത്തിന്‍റെ ഗന്ധം ഉണ്ടായതിനാല്‍ മത്സ്യഗന്ധി എന്ന് പേരും വന്നു. ഒരു ദിവസം മത്സ്യഗന്ധിയെ  പരാശര മഹര്‍ഷി കണ്ടു മുട്ടി. അവളില്‍ അനുരാഗിയായ മഹര്‍ഷിയില്‍ നിന്ന് അവള്‍ക്കൊരു ആണ്‍ കുഞ്ഞു പിറന്നു. മഹര്‍ഷിയുടെ വരദാനത്താല്‍ അവളുടെ മത്സ്യഗന്ധം മാറി അവള്‍ ഒരു സര്‍വ്വ സുഗന്ധിയായി മാറി.

ഒരിക്കല്‍ നായട്ടിനെത്തിയ ശന്തനുവിനു, സത്യവതിയുടെ സുഗന്ധം  കിട്ടി. അന്വേഷിച്ചു ചെന്നപ്പോള്‍ സുന്ദരിയായ സത്യവതിയെ അദ്ദേഹം കണ്ടെത്തി. സത്യവതിയോട് തന്നെ കല്യാണം കഴിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. സത്യവതിയും ഒരു വ്യവസ്ഥ വെച്ചു. സത്യവതിക്ക് ശന്തനുവില്‍ ഉണ്ടാകുന്ന പുത്രന്മാര്‍ ആയിരിക്കണം ഇനി ഭാരതം ഭരിക്കുന്നത് എന്നായിരുന്നു വ്യവസ്ഥ. ശന്തനുവിനു ദേവവ്രതനെ രാജാവാക്കണം എന്നതായിരുന്നു ആശ. ആ വ്യവസ്ഥ അംഗീകരിക്കാന്‍  രാജാവിനു മനസ്സ് വന്നില്ല. അദ്ദേഹം ദുഖിതനായി രാജധാനിയിലേക്ക് മടങ്ങി. കൊട്ടാരത്തില്‍ എത്തിയ ശന്തനുവിന്‍റെ ദുഖാവസ്ഥ ദേവവ്രതന്‍ അറിയാന്‍ ശ്രമിച്ചു, പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറഞ്ഞില്ല.

രാജപരിവാരങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച ദേവവ്രതന്‍ സത്യവതിയെ ചെന്ന് കണ്ടു അവരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ താന്‍ തയ്യാറാണ്, തന്‍റെ അച്ഛന് വേണ്ടി ഭരണം ഉപേക്ഷിക്കാനും താന്‍ ഒരുക്കമാണ് എന്ന് അറിയിക്കുന്നു. എന്നാല്‍ സത്യവതിക്ക്, ദേവവ്രതന് ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ കുട്ടികളോട് രാജ്യഭരണത്തിനായി യുദ്ധം ചെയ്യുമോ എന്നായിരുന്നു ആധി. ഇത് മനസിലാക്കിയ ദേവവ്രതന്‍  ഒരുഗ്ര പ്രതിജ്ഞ   ചെയ്തു. താന്‍ ഈ ജന്മത്തില്‍ ഒരു സ്ത്രീയോടും ആകൃഷ്ടനാവില്ല, താന്‍ ഒരിക്കലും വിവാഹം കഴിക്കില്ല, രാജ്യഭാരം വഹിക്കുന്നതാരായാലും അവരെ താന്‍ എന്നും കാത്തുകൊള്ളും എന്നായിരുന്നു പ്രതിജ്ഞ. ആ പ്രതിജ്ഞക്ക് ശേഷം അദ്ദേഹം ഭീഷ്മര്‍ എന്ന പേരില്‍ പ്രസിദ്ധനായി..


ശന്തനുവിനു സത്യവതിയില്‍ 2 പുത്രന്മാര്‍ ഉണ്ടായി. ചിത്രാംഗതനും, വിചിത്രവീര്യനും. ഇവര്‍ രണ്ടുപേരും ആരോഗ്യത്തില്‍ വളരെ മോശമായിരുന്നു. ശന്തനുവിന്‍റെ മരണത്തിനു  ശേഷം ചിത്രാംഗതനും മരിച്ചു.ഭീഷ്മര്‍ വിചിത്രവീര്യന് വേണ്ടി അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ തട്ടികൊണ്ട് വന്നു. അതില്‍ അംബ ഭീഷ്മരെ ശപിച്ചിട്ടു ആത്മഹത്യ ചെയ്തു. അംബികക്കും അംബാലികക്കും കുട്ടികള്‍ ഉണ്ടാകുന്നതിനു മുന്നേ വിചിത്രവീര്യനും മരിച്ചു. വംശം അന്യം നിന്നുപോകാതിരിക്കാന്‍ സത്യവതി തന്‍റെ ആദ്യ പുത്രനായ വ്യാസനെ വരുത്തി. വ്യാസനെ കണ്ടു പേടിച്ചു കണ്ണടച്ച അംബികക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ജനിച്ചു, പേടിച്ചു വിളറി വെളുത്ത അംബാലികക്ക് രക്തമയമില്ലാതെ വിളറി പാണ്ട് വന്ന പാണ്ടുവും ജനിച്ചു . രാജ്യഭാരത്തിന് ഇവര്‍ രണ്ടും പോര എന്ന് മനസ്സിലാക്കിയ വ്യാസന്‍ വീണ്ടും അവരോട് തന്‍റെ അടുക്കലേക്ക് വരാന്‍ പറഞ്ഞു. പേടിച്ചിരുന്ന അവര്‍ രണ്ടും കൂടെ അവരുടെ ദാസിയെ വ്യാസന്‍റെ അടുക്കലേക്ക് പറഞ്ഞു വിട്ടു. ഭയമോ പരിഭ്രമമോ തോന്നാഞ്ഞ ദാസിയില്‍ ബുദ്ധിമാനായ വിദുരര്‍ ജനിച്ചു.

ഇതില്‍  നിന്ന് നമുക്ക് മനസിലാക്കാം  കുരുവംശം ഭീഷ്മരില്‍ അന്യം നിന്നു പോയി എന്ന്. വ്യാസനില്‍ ജനിച്ച ധൃതരാഷ്ട്രരോ, പാണ്ടുവോ, വിദുരരോ  കുരുവംശത്തില്‍ പെട്ടവരല്ല.

അന്ധനായ ധൃതരാഷ്ട്രര്‍ക്ക് ഭരണം നടത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട്  അനുജനായ പാണ്ടു ഭരണം ഏറ്റെടുത്തു. ധൃതരാഷ്ട്രര്‍  ഗാന്ധാരിയേയും, പാണ്ടു കുന്തിയേയും വിവാഹം ചെയ്തു. വേട്ടയ്ക്ക് പോയ പാണ്ടു രതി നടത്തികൊണ്ടിരുന്ന കിണ്ടമ മഹര്‍ഷിയെയും ഭാര്യയേയും, മാനുകള്‍ എന്ന് തെറ്റിദ്ധരിച്ചു അമ്പൈത്  വധിച്ചു. മരിക്കും മുന്നേ മഹര്‍ഷി പാണ്ടുവിനെ ശപിച്ചു, എപ്പോളെലും പാണ്ടു ഏതെങ്കിലും സ്ത്രീയെ കാമം മൂത്ത് പ്രാപിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ മരിക്കും എന്ന്.

കുന്തി, ദുര്‍വാസാവ് മഹര്‍ഷി ഉപദേശിച്ചു കൊടുത്ത പുത്രകാമേഷ്ടി മന്ത്രത്താല്‍ ഗര്‍ഭം ധരിച്ചു, ഇതേ സമയം ഗാന്ധാരിയും ഗര്‍ഭിണി ആയി. കുന്തിയേക്കാള്‍ മുന്നേ പ്രസവിച്ചാലേ തന്‍റെ മക്കള്‍ക് രാജ്യഭാരം ലഭിക്കൂ  എന്ന് മനസിലാക്കിയ ഗാന്ധാരി, തന്‍റെ ഗര്‍ഭത്തില്‍ അമര്‍ത്തിയത് മൂലം, ഒരു മാംസപിണ്ഡം പ്രസവിച്ചു. വ്യാസന്‍റെ ഉപദേശത്താല്‍, അവര്‍ അത് നൂറു തുല്യ ഭാഗമാക്കി ഭരണിയില്‍ അടച്ചു. അധികം വന്ന ഒരു ചെറിയ ഭാഗവും അവര്‍ ഭരണിയില്‍ അടച്ചു. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോള്‍ ഭരണിയില്‍ നിന്നും 100 ആണ്മക്കളും ഒരു പെണ്ണും ജനിച്ചു. കുന്തിക്കും, പാണ്ടുവിന്‍റെ മറ്റൊരു ഭാര്യയ മാദ്രിക്കും പുത്രകാമേഷ്ടി മന്ത്രത്താല്‍ അഞ്ചു പുത്രന്മാര്‍ ജനിച്ചു.


ഗാന്ധാരിയുടെ മക്കള്‍ കൌരവര്‍ എന്നും, കൌന്തേയന്മാര്‍ പാണ്ഡവര്‍ എന്നും അറിയപ്പെട്ടു.

ഇനിയാണ് ചോദ്യം.. ധൃതരാഷ്ട്രരുടെ മക്കള്‍ക്കാണോ അതോ, കുന്തിയുടെ മക്കള്‍ക്കാണോ രാജ്യം ഭരിക്കാനുള്ള അവകാശം?കോമാളിയുടെ തലമണ്ട പറയുന്നത് പാണ്ടവര്‍ക്ക് രാജ്യം കൊടുക്കേണ്ട യാതൊരു കാര്യവും ഇല്ല എന്നാണ്. കാരണം അവര്‍ കുന്തിയുടെ മക്കളാണ് പാണ്ടുവിന്‍റെ  അല്ല...


തുടരും...................................(പാണ്ഡവര്‍ അഥവാ കൌന്ധേയര്‍ )







ഒരു ട്രെയിന്‍ യാത്രയില്‍ കിട്ടിയ ഓര്‍മ്മക്കുറിപ്പ്


ട്രെയിന്‍ യാത്ര എന്നും കോമാളിക്ക് ഒരു ഹരമായിരുന്നു. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ കോമാളിക്ക് സമ്മാനിച്ചിരുന്നു. പാസ്സഞ്ചറും, എക്സ്പ്രസും, സൂപ്പര്‍ഫാസ്റ്റിലും ഒക്കെ ഒരു കാലത്ത് കോമാളി കയറി ഇറങ്ങിയിരുന്നു.

 അങ്ങനെ ഒരു യാത്രക്കിടയില്‍ ആണ് ഞാന്‍ അരുണിനെ മനസിലാക്കുന്നത്‌.45 45   വയസുള്ള ഒരു അവിവാഹിതന്‍ ആണ് കക്ഷി.ആറക്ക ശമ്പളം, സല്‍സ്വഭാവി, സുമുഖന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആള്‍ക്കാര്‍ക്ക് ഒരു മതിപ്പുളവാക്കുന്ന വ്യക്തിത്വത്തിന് ഉടമ. അതാണ്‌ അരുണ്‍. അരുണിന്‍റെ  മനസ്സ് ഞാന്‍ നിങ്ങള്‍ക്കായി തുറക്കുന്നു.

     നാല് മണിക്കൂര്‍ ആയി ഇരിക്കുന്നതിന്‍റെ ഒരു വല്ലായ്മ ഉണ്ട്, താന്‍ അത് പുറമേ കാണിക്കുന്നില്ല എന്നേയൊള്ളൂ. എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര ആണ്, തിരുവനന്തപുരം ആണ് ലക്‌ഷ്യം.ലോകത്തിന്‍റെ ഏതു കോണിലായാലും , എല്ലാ കൊല്ലവും ഇതേ ദിവസം തിരുവനന്തപുരത്തേക്ക് ഒരു യാത്ര പതിവാണ്. മുടക്കമില്ലാത്ത ഇരുപത്തിമൂന്നാമത്തെ യാത്ര ആണ് ഇത്. രണ്ട് സ്ഥലങ്ങള്‍ ആണ് മനസ്സില്‍ ഉള്ളത്, തന്‍റെ പൂര്‍വ കലാലയവും അതിന്റെ അടുത്തായി തന്നെ ഉള്ള മുത്തപ്പന്‍ കോവിലും. ഓര്‍ക്കാനായി എത്രമാത്രം സുന്ദര മുഹൂര്‍ത്തങ്ങള്‍ ആണ് ഈ രണ്ടു സ്ഥലങ്ങളും തനിക്കു നല്‍കിയിരിക്കുന്നത്. ഓര്‍മകള്‍ക്ക് മരണമില്ല എന്ന് ഏതോ കവി പാടിയത് സത്യമാണ്.

         മീശ കിളിര്‍ന്നു വന്ന പ്രായത്തില്‍ ആണ് താന്‍ ഈ കലാലയത്തില്‍ ചേര്‍ന്നത്‌. ചേര്‍ന്ന ദിവസം തന്നെ സീനിയേര്‍സിന്‍റെ വക റാഗ്ഗിംഗ് കിട്ടി. ഉണ്ടായിരുന്ന പൊടിമീശ പോകുകെയും ചെയ്തു പെണ്‍പിള്ളേരുടെ  മുന്നില്‍ മാനവും പോയി. കിട്ടുന്നതൊക്കെ അടുത്ത ബാച്ചിനായി കരുതി വെക്കുക എന്നൊരു സമ്പ്രാദായം പണ്ട് മുതല്‍ക്കേ കലാലയങ്ങളില്‍ പതിവുള്ളതാണ്. താന്‍ രണ്ടാം വര്‍ഷം ആയപ്പോളേക്കും ചെങ്കൊടി പാര്‍ട്ടിയുടെ തീപ്പൊരി സഖാവായി മാറിയിരുന്നു. പുതിയ കുട്ടികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്ന ജോലി തന്നില്‍ നിക്ഷിപ്തമായിരുന്നു. അങ്ങനെ ഒരു ദിവസം ഒന്നാം വര്‍ഷ ബോട്ടണി ക്ലാസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് അവളെ ആദ്യമായി കാണുന്നത്. ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത് സൗന്ദര്യം ആയിരുന്നില്ല മറിച്ചു നിഷ്കളങ്കത  ആയിരുന്നു. അതിനു ശേഷം പലയിടത്ത് വെച്ചും അവളെ കണ്ടു മുട്ടി. എന്നും അവളെ കാണാനായി അവള്‍ പോകാറുള്ള മുത്തപ്പന്‍ കോവിലിന്‍റെ  വഴിയരികില്‍ കാത്തു നിന്നു. ആദ്യം കണ്ണും കണ്ണും തമ്മില്‍ ഉള്ള സംസാരം മാത്രമായിരുന്നു, പിന്നെ ഒരു ചിരിക്ക് വഴിമാറി , അങ്ങനെ സംസാരത്തില്‍ എത്തി, ഒടുവില്‍ പ്രേമവുമായി.

      അവളാണ് തന്നെ ഒരുപാട് മാറ്റിയെടുത്തത്. രാഷ്ടീയവും സമരവും തല്ലുമായി നടന്ന തന്നെ വീണ്ടും ഒരു മനുഷ്യനാക്കിയതും, ദൈവവിശ്വാസിയാക്കിയതും അവള്‍ തന്നെ. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍ പ്രണയലേഖനങ്ങള്‍ ആയിരുന്നു തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നത്. പ്രണയവല്ലരി  പൂത്തുലഞ്ഞപ്പോളെക്കും  തനിക്കു കലാലയം വിട്ടു പോകാന്‍ ഉള്ള സമയമായി . അവളെ തനിച്ചാക്കി പോകുവാന്‍ മനസ് ഉണ്ടായിട്ടല്ല, അവള്‍ പഠിച്ചു ഇറങ്ങുമ്പോളേക്കും അവളെ പോറ്റുവാനായി ഒരു ജോലി വേണമായിരുന്നു. അവളുടെ പഠിപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുത്തപ്പന്‍റെ  നടയില്‍ വെച്ച് താലി കെട്ടി തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കാം എന്ന് വാക്ക് കൊടുത്തിട്ടാണ് താന്‍ പോയത്. ഇത് വരെ പാലിക്കാന്‍ പറ്റാതെ പോയൊരു പാഴ്വാക്ക്. ഈ യാത്ര അവളെ തേടിയാണ്, അവള്‍ടെ ഓര്‍മകളെ തേടിയാണ്.

     ആരും അറിയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം ആയിരിക്കും എളുപ്പം പരക്കുന്നത്.രഹസ്യമായ ഈ പ്രണയം അവള്‍ടെ വീട്ടുകാര്‍ എങ്ങനെയോ അറിഞ്ഞു. പ്രണയം പാപമായി കരുതി പോന്ന ഒരു കാലഘട്ടത്തില്‍ ജനിച്ചതായിരുന്നു ഞങ്ങളുടെ തെറ്റ്. വീട്ടു തടങ്കലിലായ അവളുടെ കല്യാണം അവര്‍ ഒരു ഗള്‍ഫ്കാരനുമായി നടത്തി. എല്ലാം വളരെ പെട്ടന്നായകൊണ്ട് തനിക്കൊന്നു  പ്രവര്‍ത്തിക്കുവാന്‍ കൂടി സമയം കിട്ടിയില്ല. പിന്നീട് അവള്‍ടെ ഒരു കൂട്ടുകാരിയില്‍ നിന്നും അറിഞ്ഞു അവള്‍ ഗള്‍ഫില്‍  സ്ഥിരതാമാസമായി എന്ന്.അവളുടെ ദാമ്പത്യത്തില്‍ ആദ്യം കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പോലും, എന്നാല്‍ ക്രമേണ അവള്‍ നല്ലൊരു കുടുംബിനി ആയി മാറിയത്രെ.

     അവളെ താന്‍ ഒരിക്കലും വെറുക്കില്ല, തനിക്കു അതിനു പറ്റുകയുമില്ല. ഇന്ന് അവളുടെ ഇരുപത്തിമൂന്നാമത്തെ വിവാഹ വാര്‍ഷികമാണ്. തനിക്ക് അവളെ എന്നന്നേക്കുമായി നഷ്ട്ടപെട്ട ദിവസം. അവള്‍ ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ഒക്കെ ആയി തിരക്കിലായിരിക്കും, തന്നെ ഓര്‍ക്കുവാന്‍ സമയം കിട്ടി എന്നു വരില്ല, സമയം കിട്ടിയാല്‍ തന്നെ തന്നെ ഓര്‍ത്തു എന്നും വരില്ല. പക്ഷെ ഈ ജീവിതാവസാനം വരെയും താന്‍ അവളെ മറക്കില്ല, വെറുക്കുകയുമില്ല. കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്ത തന്നോട ദൈവം പൊറുക്കട്ടെ.

Saturday 29 September 2012

ഡയറിക്കുറിപ്പുകള്‍

സെപ്റ്റംബര്‍ 29 , 2012 -- അവളുടെ ഡയറി.


 ഞാന്‍ ഉള്ളിന്‍റെയുള്ളില്‍  കരയുകയായിരുന്നു, കാരണം എന്നെ വിട്ടു അവനു പോകുവാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു. ഇത്രെയും കാലം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പരസ്പരം പങ്കിടുമായിരുന്നു ഞങ്ങള്‍‍. എപ്പോഴോ എനിക്ക് അവനോട് അനുരാഗം തോന്നി തുടങ്ങിയിരുന്നു, പക്ഷെ ഞാന്‍ എല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. സ്വന്തം പ്രണയത്തേക്കാളും അവന്‍റെ സൗഹൃദം ആയിരുന്നു എനിക്ക് വലുത്. നാല് കൊല്ലത്തിനിടക്ക് എന്നെ വേറാരും ഇത്രെയും മനസിലാക്കിയിട്ടില്ല, എന്തേലും ഞാന്‍ മനസ്സില്‍ കണ്ടാല്‍ അവന്‍ അതും കണ്ടുപിടിക്കുമാരുന്നു. അവനു മനസ് വായിക്കാന്‍ ഉള്ള കഴിവുണ്ടോ എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാണുമായിരിക്കും,അല്ലെങ്കില്‍ എങ്ങനെ ആണ് അവന്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാറുള്ളത്? എന്‍റെ പ്രണയം ഒഴിച്ച് ബാക്കി എല്ലാം അവന്‍ കണ്ടുപിടിച്ചിട്ടുണ്ട്, അതൊ കണ്ടിട്ടും കാണാതെ പോലെ അവന്‍ അഭിനയിക്കുകയായിരുന്നോ? 

ഒരുമിച്ചാണ് അവനും ഞാനും കൂടെ ഈ ജോലിക്ക് ചേര്‍ന്നത്‌. അവന്‍റെയും എന്‍റെയും ചിന്തകള്‍ ഒരു പോലെയുള്ളവ ആയിരുന്നു. അല്ലെങ്കില്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ   പഠിപ്പിക്കാന്‍ എന്ന് പറഞ്ഞു ഞങ്ങള്‍ വണ്ടി കേറില്ലായിരുന്നല്ലോ. സാഹിത്യത്തോടെ ഉള്ള കമ്പം മൂത്ത്, ഒരേ കോളേജില്‍ തന്നെ ഞങ്ങള്‍ എത്തി. ഞാന്‍ ആംഗലേയ ഭാഷയും, അവന്‍ മലയാളവും പഠിപ്പിച്ചു. ഞാന്‍ എഴുതുന്ന കവിതകള്‍ അവനും, അവന്റെത്‌ ഞാനും വിശകലനം നടത്തി. പലപ്പോഴും എന്നിലെ പ്രണയം ആണ് കവിതാരൂപത്തില്‍ ഞാന്‍ അവനു കൊടുത്തിട്ടുള്ളത്. അവന്‍ എന്നേലും എന്‍റെ പ്രണയം മനസിലാക്കും എന്ന് ഞാന്‍ കരുതി. മിക്കപ്പോഴും വളരെ നന്നായിട്ടുണ്ടെന്ന അനുമോദനം അവന്‍ നല്‍കുമായിരുന്നു.അവനായിരുന്നു എന്‍റെ കവിതകളിലെ നായകന്‍ എന്ന് അവന്‍ എപ്പോഴെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍.........   

          അവന്‍റെ മനസ്സറിയാന്‍  അവന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് ഞാന്‍ ചോദിക്കുമായിരുന്നു. ചമ്മിയ ഒരു ചിരി ചിരിച്ചു കൊ

Friday 28 September 2012

വളിച്ച തമാശകള്‍

സ്കൂളില്‍ പഠിക്കുമ്പോള്‍, കോമാളിക്ക് തമാശ പറയാന്‍ അറിയില്ല എന്നായിരുന്നു കൂട്ടുകാരുടെ കണ്ടെത്തല്‍. കോമാളി എന്തെങ്കിലും തമാശ പറഞ്ഞാല്‍ കൂട്ടുകാര്‍ എല്ലാരും പരസ്പരം നോക്കും അതിനു ശേഷം കോമാളിയെ നോക്കി ഹ ഹാ ഹാ ഹ എന്ന് ചിരിക്കും എന്നിട്ട് പറയും - "പണ്ടാരം...വളിച്ച തമാശയുമായി ഇറങ്ങിയെക്കുവാ."

കോളേജില്‍ എത്തിയപ്പോള്‍ വളിച്ച തമാശകള്‍ക്കായി ഡിമാണ്ട്. നമ്മള്‍ പറയുന്ന തമാശ കേട്ടാല്‍ ആള്‍ക്കാര്‍ നമ്മളെ തല്ലാന്‍ വരണം. തല്ല് കിട്ടിയാല്‍ ഉറപ്പിച്ചോ അത് മാരക വ.ത (വളിച്ച തമാശ) ആയിരിക്കും. അതോടെ കോമാളി ഒന്ന് തീരുമാനിച്ചു - വളിച്ച തമാശ പറഞ്ഞു എല്ലാരേയും കരയിപ്പിക്കും എന്ന്. വളിച്ച തമാശ എന്നുള്ളത് അനഭിമിതമായ ഒരു വാക്കായി തോന്നിയതിനാല്‍ കോമാളിയും കൂട്ടുകാരും അതിനെ ചളു , ചളി എന്നൊക്കെ വിളിക്കാന്‍ തുടങ്ങി..

ചില സാമ്പിളുകള്‍ താഴെ:

1 )  കുറേ കണക്ക്  വിദ്ധ്യാര്‍ഥികള്‍ ഒരു ഡീലക്സ്(dlux) ബസ്സില്‍ വിനോദയാത്രക്ക് പോയി. ഒരു മരുഭൂമിയില്‍ വെച്ച് ബസ്‌ കേടായി,  അവര്‍ ചൂടുകാരണം വിയര്‍ത്ത് അവശരായി. എങ്ങനെയെങ്കിലും ഒന്ന് കുളിച്ചേ പറ്റു എന്നായി അവര്‍ക്ക്. പക്ഷെ വെള്ളവുമില്ല സോപ്പും ഇല്ല , എന്നാലും അവര്‍ കുളിച്ചു. എങ്ങനെ??

കണക്ക് വിദ്ധ്യാര്‍ഥികളല്ലേ, അവര്‍ ആ ഡീലക്സ്(dlux) ബസ്സിനെ ഇന്‍റെഗ്രേറ്റു ചെയ്തു, [dlux =lux  + [ഡി = lux +c (sea ). കടലുമായി സോപ്പും കിട്ടി, അവര്‍ കുളിച്ചു :)

2) ഉറുമ്പും തിമിംഗലവും തമ്മില്‍ അടി കൂടുന്നു. തിമിംഗലം വാല് കൊണ്ട് ഉറുമ്പിനെ അടിച്ചു. അടി കൊണ്ടിട്ടും ഉറുമ്പിനു ഒന്നും പറ്റിയില്ല. എന്ത് കൊണ്ട്?

ഉറുമ്പ് സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടിയിരുന്നു. വെയില്‍(whale) അടിച്ചാല്‍ ഏല്‍ക്കില്ല.

3) ആനയും ഉറുമ്പും സ്കൂട്ടെറില്‍ പോകുവായിരുന്നു. പെട്ടന്ന് സ്കൂട്ടെര്‍ അപകടത്തില്‍ പെട്ടു. ആന തല്‍ക്ഷണം മരിച്ചു, ഉറുമ്പ് രക്ഷപെട്ടു എങ്ങനെ?

ഉറുമ്പ് ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ടായിരുന്നു.

4) കുറേ ഉറുമ്പുകള്‍ ഒരു കുളത്തില്‍ കുളിക്കുവായിരുന്നു. പെട്ടന്ന് ഒരു ആന ഓടി വന്നു കുളത്തിലോട്ട് ചാടി. നാല് പാടും വെള്ളം തെറിച്ചു. ഉറുമ്പുകളെല്ലാം കരയിലെത്തി ഒരുത്തന്‍ ആനയുടെ മസ്തകത്തിലും. അവനോട് കരയിലായ ഉറുമ്പുകള്‍ എന്തോ വിളിച്ചു പറഞ്ഞു. എന്താണ് പറഞ്ഞത്?

മുക്കി കൊല്ലടാ ആ നായിന്‍റെ മോനെ 

5) ആനക്ക് ആക്സിഡെന്‍ററ്  ആയി. ഐ.സി.യു ഇലേക്ക് ഒരു ഉറുമ്പും കേറി പോയി. എന്തിനു?

ആനക്ക് ബ്ലഡ്‌ കൊടുക്കാന്‍....


അങ്ങനെ പോകുന്നു വളിച്ച തമാശകള്‍.. സത്യം പറയൂ നിങ്ങള്‍ക്ക് കോമാളിയെ തല്ലാന്‍ തോന്നുന്നുണ്ടോ???

സീരിയല്‍

ഓര്‍മ വെച്ച കാലത്ത് ടി.വി എന്നാല്‍ ദൂരദര്‍ശന്‍ ആരുന്നു. രാവിലെ മുതല്‍ വൈകുന്ന വരെ ഹിന്ദി പരിപാടികള്‍, അത് കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുന്ന മലയാളം പരിപാടികള്‍. എന്തരോ എന്തോ. അന്ന് ഹിന്ദിയില്‍ കുറേ സീരിയല്‍ ഉണ്ടായിരുന്നു, പുരാണവും, ഐതിഹാസികവും പിന്നെ സ്ഥിരം അമ്മായിയമ്മ പോരും. എല്ലാം ഹിന്ദിമയം ആയതുകൊണ്ട് ഞങ്ങള്‍ പിള്ളേര്‍ക്ക് ഒരു ചുക്കും മനസിലാവില്ല, എന്നാലും ഇരുന്നു രാമായണവും മഹാഭാരതവും ചന്ദ്രകാന്തയും ഒക്കെ കാണുമായിരുന്നു. പരസ്യം ആകുമ്പോള്‍ അച്ഛനോടും അമ്മയോടും ചോദിച്ചു അത് വരെ നടന്നത് എന്താണെന്ന് മനസിലാക്കും. അത് കൊണ്ട് ഒരു ഗുണമുണ്ടായി..ഹിന്ദി തോട തോട മാലൂം ഹേ എന്ന് പറയാന്‍ പഠിച്ചു. പിന്നീട് ഈ സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു കണ്ടു, അപ്പോളും മലയാളത്തിന്‍റെ സ്വന്തം സീരിയലുകള്‍ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല.

അവസാനം ഏതോ കുറേ മലയാളികള്‍ സീരിയല്‍ പിടിക്കാന്‍ തീരുമാനിച്ചു, ആരാ ഏതാ എന്നൊന്നും ഓര്‍മയില്ല. ഓര്‍മയുള്ളത് ഒരാളെ മാത്രം. മധു മോഹന്‍. സീരിയലുകളിലെ ബാലചന്ദ്ര മേനോന്‍. രചന, സംവിധാനം, അഭിനയം മുതല്‍ തന്നെകൊണ്ട് ചെയ്യാവുന്ന എല്ലാം ഭംഗിയായി ചെയ്ത ഒരു കലാപ്രേമി. അന്നൊക്കെ സീരിയല്‍ തുടങ്ങുമ്പോള്‍ ഒരു പാട്ട് കാണും, പേരെല്ലാം എഴുതിക്കാണിക്കും, പിന്നെ സീരിയല്‍ തുടങ്ങും. ഹിന്ദി സീരിയലും ഇതേ പോലെ തന്നെ. അന്നത്തെ പ്രത്യേകത എന്തെന്നാല്‍ മെഗാസീരിയല്‍ എന്നൊരു സാധനം ഇല്ലായിരുന്നു, വെറും 14 ഭാഗങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ സംരംഭം ആയിരുന്നു അവ.

കാലം മാറി, അതിനനുസരിച്ച് സീരിയലുകളുടെ നീളം കൂടാന്‍ തുടങ്ങി,28 ഭാഗങ്ങള്‍ ആയി പിന്നെ രചിച്ചവര്‍ക്ക് പോലും എണ്ണാന്‍ പറ്റാത്തെയത്ര ഭാഗങ്ങള്‍ ആയി. പ്രേക്ഷകരെ പിടിച്ച് ഇരുത്തണം എന്ന ഉദ്ദേശം മാത്രമായി മലയാളം സീരിയലുകള്‍ക്ക്. ഇത് കാണുന്നത് കൂടുതലും സ്ത്രീകള്‍ ആയതുകൊണ്ട് അമ്മായിയമ്മപോര്‍, അമ്മയും മകളും തമ്മിലടി മുതലായ  കണ്ണീരൊഴുക്കാന്‍ പറ്റിയ വിഷയങ്ങള്‍ അവര്‍ കൊണ്ടുവന്നു. ആദ്യകാലത്തെ മെലിഞ്ഞ നായികമാര്‍ ഇന്നത്തെകാലത്ത് വീര്‍ത്തു വീപ്പക്കുറ്റി പോലെ ആയിട്ടും നായിക തന്നെ. കലികാലം. പട്ടിണിയും പരിവട്ടവും കണ്ണീരും അടിയും പിടിയും മാത്രമായി മലയാളം സീരിയല്‍.

ഹിന്ദിക്കാര്‍ക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി അമ്മായിയമ്മ പോരും, കണ്ണീരും  മാത്രമായാല്‍ പ്രേക്ഷകരെ കിട്ടില്ലാ എന്ന്.. അതോടെ അവര്‍ ചുവടു മാറ്റി. ഏകതാ കപൂര്‍ മഹാഭാരതം റീ മെയിക്ക് ചെയ്തു. 300 എന്ന ഇംഗ്ലീഷ് പടം കണ്ടിട്ടായിരിക്കും, അതിലെ എല്ലാ ആണുങ്ങള്‍ക്കും സിക്സ് പായ്ക്ക് ആയിരുന്നു. 30  വയസ്  തോന്നുന്ന പെണ്ണ് കുന്തീ ദേവിയായിട്ടും 24 തോന്നിക്കുന്ന  സിക്സ് പാക്കന്മാര്‍ പാണ്ടവരായിട്ടും. അതും കുറച്ചുനാള്‍ ഓടി, പിന്നെ കിതച്ചു നിന്നു. പയ്യെ പയ്യെ ഹിന്ദിയില്‍ തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കി, പരസ്യങ്ങള്‍ കുറച്ചു, ഒഴുക്കുള്ള കഥ പറയാന്‍ തുടങ്ങി. അതോടെ പ്രേക്ഷകര്‍ വീണ്ടും സീരിയല്‍ കാണാനും തുടങ്ങി. അതെ സമയം മലയാളത്തില്‍ പഴയ പടി തന്നെ, പ്രേക്ഷകരെ കരയിപ്പിച്ചു ഇരുത്തുക എന്നാ ലക്ഷ്യം മാത്രം. അമ്മയ്ക്ക് മകളെ അറിയില്ല, അച്ഛന് മകനെ അറിയില്ല, അച്ഛന് രണ്ടു ഭാര്യമാര്‍, അവര്‍ തമ്മിലടി അങ്ങനെ അങ്ങനെ പോകുന്നു. എന്നിട്ടും കേരളത്തിലെ വനിതകള്‍ ഇതൊക്കെ കാണാനായി ഇരിക്കുന്നു.


ഹിന്ദിയില്‍ ഇപ്പോള്‍ കോട്ടും സ്യൂട്ടും  ഇട്ട നായകന്മാരും സിംപ്ലത്തികളായ നായികമാരും ആണ്. കോട്ടും സ്യൂട്ടും ഒന്നും വേണ്ട, അല്പം കാതലുള്ള കഥ ഉള്ള ഒരു മലയാളം സീരിയല്‍ ഇനി ഉണ്ടാവുമോ എന്തോ?. ഒരുപാട് പേരുടെ സാമ്പത്തിക സ്ത്രോധാസ്സാണ് സീരിയല്‍ രംഗം, അവര്‍ തന്നെ കുഴി തൊണ്ടാതെ, നല്ല വിഷയങ്ങളുമായി എത്തും എന്ന് നമള്‍ക്ക് പ്രതീക്ഷിക്കാം.

വാല്‍ക്കഷണം: സന്തോഷ്‌ പണ്ടിതിനെ പോലെ ആരെങ്കിലും ഒക്കെ വന്നു കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സീരിയലിനെ രക്ഷിക്കും എന്ന് വിചാരിക്കാം. പൊട്ടി പൊളിഞ്ഞു കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ഇങ്ങനെയും ഒരു പടം പിടിക്കാം എന്ന് പഠിപ്പിച്ചു കൊടുത്തത് സന്തോഷ്‌ ആയിരുന്നല്ലോ..  

കോമാളിത്തരങ്ങള്‍

ജീവിതമേ ഒരു കോമഡി ആയിരിക്കുന്ന ഈ വേളയില്‍ കുറേ കോമാളിത്തരവുമായി ഞാന്‍ എത്തുന്നു. എന്തിനോടും ഏതിനോടും പ്രതികരിക്കുന്ന ഒരു ഭ്രാന്തന്‍ കോമാളി