Saturday 16 November 2013

ഒരു വേൾഡ് കപ്പ്‌ വീരഗാഥ (ചെറു നാടകം)

രംഗം: പുത്തൂരം വീട്ടിൽ ഫീഗോ ചേകവർക്കും കുടുംബത്തിനും വേൾഡ് കപ്പിനുള്ള ടിക്കറ്റും, പ്ലെയിൻ ടിക്കറ്റും ചാത്തപ്പൻ ചേകവർ കൈക്കലാകുന്നു ബ്രഹ്മാണ്ടമണ്ടൂകമായ ചാത്തപ്പൻ ചേകവരോട് ഏറ്റുമുട്ടി ടിക്കറ്റുകൾ തിരിച്ചെടുക്കാനായി പുത്തൂരം റയൽ തറവാട്ടിൽ നിന്ന് പുത്തൂരം റോണിയും, പെപ്പെയുണ്ണിയും എത്തുന്നു. കുറെ നാളായി തോൽവി അറിയാത്ത ചാത്തപ്പൻ ചേകവർ തോൽക്കുമോ???.
.*************************************************************

ചാത്തപ്പൻ (ഗാംഭീര്യത്തോടെ): ഉം??
റോണി: ഞങ്ങൾ ചാത്തപ്പൻ ചേകവരുടെ 
പെപ്പെ : ശിഷ്യത്തം സ്വീകരിക്കാൻ വന്നവരാണ്.

ചാത്തപ്പൻ: ഇവിടെ പഠിപ്പ് ഇല്ല, 17 കളരികളിൽ ശിഷ്യന്മാർ ഉണ്ട്. എവിടുന്നു വരുന്നു?
റോണി: സ്പെയിൻ എന്ന നാട്ടിൽ നിന്ന്.
ചാത്തപ്പൻ: എനിക്കറിയാത്ത നാടല്ലല്ലോ, വീടേതാണ് മക്കളെ??
പെപ്പെ : പുത്തൂരം റയൽ വീട്.

ചാത്തപ്പൻ(ഒന്ന് ഞെട്ടി, സ്പെയിനിലെ പഴേ ഓർമ്മകൾ ഒരു ഫ്ലാഷ് ബാക്ക്): നിങ്ങൾ?
റോണി: ഞാൻ പുത്തൂരം റയലിൽ, ആഞ്ചലൊട്ടി ചേകവരുടെ അരുമശിഷ്യൻ പുത്തൂരം റോണി.
ചാത്തപ്പൻ: ആഹ. അവിടെ ലെഫ്റ്റ് ബാക്ക് ഒരു പയ്യൻ ഇല്ലേ, 50 പൈസ കുറവുള്ള ഒരുത്തൻ? അവന്റെ പേര്?

റോണി: കൂവന്ത്രവോ കണ്ണൻ....
ചാത്തപ്പൻ (പെപ്പെയോട്): നീയോ?
പെപ്പെ: ഞാൻ പുത്തൂരം റോണിയുടെ അരുമ ചങ്ങാതി, പെപ്പെയുണ്ണി!!!!!

ചാത്തപ്പൻ: മക്കളെ ആഞ്ചലൊട്ടി ചേകവരുടെ കയ്യിൽ നിന്ന് പടിച്ചതിലേറെ ഒരു ഡ്രിബ്ബിങും, എന്റെ കയ്യിൽ ഇല്ല. നിങ്ങൾക്ക് മടങ്ങാം.. ആഞ്ചലൊട്ടി ചേകവർക്ക് സുഖം തന്നെയല്ലേ..

റോണി: ബന്ധം പുതുക്കാൻ വന്നവരല്ല ഞങ്ങൾ, ഞങ്ങൾക്കുള്ള പ്ലെയിൻ ടിക്കറ്റ്‌ അടിച്ചു മാറ്റി, വേൾഡ് കപ്പിന് പോകാൻ നോക്കുന്നതിനു പകരം ചോദിക്കാൻ വന്നവരാണ് ഞങ്ങൾ... അങ്കത്തിനോരുങ്ങിക്കോ ചാത്തപ്പൻ ചേകവരെ (ഡാന്ഗ്, നീണ്ട ഒരു സിംബലടി....). ആയുധമെടുക്ക് ചാത്തപ്പനമ്മാവാ, നമുക്ക് ഡ്രിബിൾ ചെയ്യാം . എന്തെ ഒരു വിളംബം. 

ചാത്തപ്പൻ: ചാത്തപ്പൻ ചേകവരുടെ ഡ്രിബ്ബ്ലിങിനെ പറ്റി നിങ്ങൾക്ക് എന്തറിയാം മക്കളെ??
പെപ്പെ: ആവശ്യത്തിലേറെ....
ചാത്തപ്പൻ: ബാർസത്തറവാട്ടിലേക്ക് ഗാർഡിയോള ചേകവരാൽ വിലക്കപ്പെട്ട ഫെരാരി ഡ്രിബ്ബിൾ ചെയ്തു പോയവൻ ചാത്തപ്പൻ. ആണത്തം തെളിയിക്കാൻ പറഞ്ഞ റിപോർട്ടറോഡ് അവൾടെ അനിയത്തിയെ വീട്ടിലോട്ട് ഡ്രിബ്ബിലിങ്ങിനായി വിടാൻ പറഞ്ഞവൻ ചാത്തപ്പൻ. ഗാർഡിയോള ചേകവരുടെ തന്തക്ക് ഡ്രിബ്ബിൾ ചെയ്തവൻ ഈ ചാത്തപ്പൻ. ചാത്തപ്പന്റെ വേറെ എന്തെല്ലാം ഡ്രിബ്ബിളുകൾ പാടി നടക്കുന്നു ഷക്കീരപിഖെ നിങ്ങടെ നാട്ടിൽ?? (വാല്യക്കാരനോട്‌ ) കുട്ടികൾക്ക് ഷിൻഗാർഡും, ബൂട്ടും കൊടുക്ക്‌ അടുത്ത വേൾഡ് കപ്പിന് പയറ്റട്ടെ, ഈ ടിക്കറ്റ്‌ ഞാൻ കൊടുക്കില്ല, അങ്കം വെട്ടാനുമില്ല...

റോണി: 7 കളരികളിൽ ഡ്രിബിൾ ചെയ്തു, പുട്ടും കടലയും വാങ്ങി കഴിച്ച ചാത്തപ്പൻ ചേകവർക്ക് ഞങ്ങളെ ഭയമോ? (ദേഷ്യത്തോടെ ഒരു ഫുട്ബോൾ ചാത്തപ്പൻ ചേകവരുടെ കാൽക്കലേക്ക് എറിയുന്നു) ബൂട്ട് കെട്ടു....

ചാത്തപ്പൻ (വാല്യക്കാരനോട്‌): ഗ്രൌണ്ടിലെ ഫ്ലെഡ് ലൈറ്റ് ഓണ്‍ ആക്കു.

(ഗ്രൗണ്ടിൽ ചാത്തപ്പൻ ചേകവരും പുത്തൂരം റൊണിയും തമ്മിൽ മുടിഞ്ഞ ഡ്രിബ്ലിംഗ്. പെപ്പെയുണ്ണി ചാത്തപ്പനെ ചവിട്ടി വീഴ്ത്തിയ സമയം റോണി ചാത്തപ്പന്റെ പോസ്റ്റിൽ പന്തെത്തിച്ചു. ദേഷ്യം വന്ന ചാത്തപ്പൻ റോണിയെ ടാക്കിൾ ചെയ്തു വീഴ്ത്തുന്നു. ഇത് കണ്ട പെപ്പെയുണ്ണി ചാടി വീണു ഡ്രിബ്ലിംഗ് തുടങ്ങി, ചാത്തപ്പനെ ചവിട്ടി വീഴ്ത്തുന്നു. തറയിൽ കിടന്നു കൊണ്ടും ചാത്തപ്പൻ മുടിഞ്ഞ ഡ്രിബ്ലിംഗ്. ഇതിനിടക്ക് ചാത്തപ്പൻ ചാടിയെന്നീറ്റു പെപ്പെയുണ്ണിയെ ടാക്കിൾ ചെയ്തു ഗ്രൌണ്ടിനു വെളിയിലാക്കുന്നു. എന്നിട്ട് ബോൾ എതിരാളിയുടെ ഗോൾപോസ്റ്റിലേക്ക് അടിച്ചിട്ട് ബൂട്ട് അഴിച്ചു. ആർക്കും തോൽവിയുമില്ല, ജയവുമില്ല)

റോണി: അങ്കം കഴിഞ്ഞില്ല ചേകവരെ. ആഞ്ചലൊട്ടി ചേകവർ പഠിപ്പിച്ച ഡ്രിബ്ലിങ്ങുകൾ വേറെയുമുണ്ട്?

ചാത്തപ്പൻ: ഇതോ അങ്കം. മൂക്കള ഒലിപ്പിക്കുന്ന പിള്ളേരുടെ കൂടെ പന്ത് തട്ടിയതോ അങ്കം? കാലിൽ ചവിട്ടാൻ നോക്കിയപ്പോൾ ഒഴിഞ്ഞു മാറിയതാണെന്ന് മനസ്സിലാക്കാൻ ഉള്ള പഠിപ്പ് നിങ്ങൾക്ക് ഇല്ലേ മക്കളെ?? ഇനിയെന്തുണ്ട് കയ്യിൽ?? മഴവില്ല് പോലെ വളഞ്ഞു ഗോൾപോസ്റ്റിൽ കയറുന്ന ഫ്രീകിക്കോ, അതോ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചിട്ടു, കാലിൻറെ മുട്ട് ചവിട്ടിമെതിക്കുന്ന പെപ്പെയുണ്ണി ടാക്കിളോ???

റോണി (ദേഷ്യത്തോടെ): ബൂട്ട് കെട്ട്........ 

ചാത്തപ്പൻ: ചാത്തപ്പനെ തോൽപ്പിക്കാനാവില്ല മക്കളെ. പണ്ട് പലരും പലവട്ടം ജീവിതത്തിൽ ചാത്തപ്പനെ തോൽപ്പിച്ചിട്ടുണ്ട്. അപ്പിയിടാൻ കേറിയപ്പോൾ വാട്ടർ ടാങ്കിന്റെ വാൽവ് അടച്ചു ആദ്യം ആരോമൽ മെസ്സി, ചാത്തപ്പനെ തോൽപ്പിച്ചു. പിക്കെയുടെ പെണ്ണിന്റെ (ഷക്കീര) കുളിസീൻ എത്തിനോക്കിയ ചാത്തപ്പനെ ബാർസക്കാർ ചന്തിക്കടിച്ചു തോൽപ്പിച്ചു. മൂക്കിൻറെ നീളത്തിൽ ആനകളും ചാത്തപ്പനെ തോൽപ്പിച്ചു. ഗാർഡിയോളക്ക് കുളിക്കാൻ വെച്ച വെള്ളത്തിൽ മൂക്ക് മുക്കിയവൻ ഈ ചാത്തപ്പൻ, പൊള്ളി മക്കളെ പൊള്ളി ചാത്തപ്പന്റെ മൂക്ക് പൊള്ളി. തോൽവികൾ ഏറ്റു വാങ്ങാൻ ചാത്തപ്പനും പൊള്ളിയ മൂക്കും പിന്നെയും ബാക്കി... മടങ്ങി പോ മക്കളെ 

പെപ്പെ: വേൾഡ് കപ്പിനുള്ള പ്ലെയിൻ ടിക്കറ്റ്‌ ഇല്ലാതെ ഞങ്ങൾ പോകില്ല..

ചാത്തപ്പൻ: ഡ്രിബ്ലിങ്ങിലും, ടെക്നിക്കൽ ഗോൾ അടിച്ചും ചതിയൻ ചാത്തപ്പനെ തോൽപ്പിക്കാൻ ആണായി പിരന്നവരിലാരുമില്ല...മടങ്ങി പോ...

റോണി: കൊല്ലുന്നെങ്കിൽ കൊല്ലു, എന്നാലും ടിക്കറ്റ്‌ ഇല്ലാതെ ഞങ്ങൾ പോവില്ലാ.... ബൂട്ട് കെട്ട്.

ചാത്തപ്പൻ: (മന്ദഹാസം തൂകി, ആലോചിക്കുന്നു. തനിക്ക് വയസ്സായി, ഇനി വേൾഡ് കപ്പിന് പൊയിട്ട് എന്ത് കിട്ടാൻ?? ബൂട്ട് കെട്ടി, ബോൾ എടുത്തു സ്വന്തം പൊസ്റ്റിലെക്ക് അടിക്കുന്നു, എന്നിട്ട് ടിക്കറ്റ്‌ എടുത്തു കുട്ടികൾക്ക് കൊടുക്കുന്നു.) നിങ്ങൾ തോല്ക്കരുത് മക്കളെ, നിങ്ങൾ തോല്ക്കരുത്. ചാത്തപ്പൻ ചേകവരുടെ കഥ ഇവിടെ തീരട്ടെ, പുത്തൂരം വീട്ടുകാരെ വേൾഡ് കപ്പിന് കൊണ്ട്പോയ പുത്തൂരം റോണിയുടെ കഥ ഇവിടെ തുടങ്ങട്ടെ... ബൂട്ട് ഊരിയെടുത്തു വേൾഡ് കപ്പിന്റെ ചോട്ടിൽ വെക്കണം. ബ്ലാറ്റെരുടെ കയ്യിൽ നിന്ന് വേൾഡ് കപ്പ്‌ മേടിക്കണം. നിന്റെ പേരും പുകിലും മാലോകർ വാഴ്ത്തട്ടെ... എന്റെ വേൾഡ് കപ്പേ.. (ഇത്രയും പറഞ്ഞു ചാത്തപ്പൻ ചേകവരുടെ ബോധം പോകുന്നു... സെന്റി ട്യൂണ്‍ മുഴങ്ങുന്നു.... റോണിയും പെപ്പെയും ടിക്കറ്റുമായി മടങ്ങുന്നു)

ശുഭം.......
***********************************************************

വാല്ക്കഷണം: ചാത്തപ്പൻ ഇല്ലാത്ത ലോകകപ്പ്, ഉപ്പില്ലാതെ കഞ്ഞി പോലെ ആകും മക്കളെ. ഒരു സംശയോം വേണ്ട. ചാത്തപ്പന് മൂക്കൊലിപ്പ് ആയതാണ് ഇന്നലെ തോല്ക്കാൻ കാരണം, സാംസണ്‍ തന്റെ ശക്തി മുടിയിൽ സൂക്ഷിച്ച മാതിരി, ചാത്തപ്പൻ തന്റെ ശക്തി മൂക്കിലാണ് സൂക്ഷിക്കുന്നത്. മൂക്കൊലിപ്പും തുമ്മലും കാരണം ഇന്നലെ മല്ലടിക്കാൻ പറ്റിയില്ല, അല്ലാതെ ശത്രുക്കൾ പറയും പോലെ പുത്തൂരം റോണിയെ കണ്ടു മുട്ടിടിച്ചിട്ടല്ല. 

***********************************************************

No comments:

Post a Comment