Sunday 17 August 2014

രാഹുവും കേതുവും: ഐതിഹ്യം

ഏതു ജാതകമെടുത്താലും നമ്മൾ കേൾക്കാറുണ്ട് രാഹു, കേതു എന്നൊക്കെ. ഈ രാഹുവും കേതുവും എങ്ങനെ ഉണ്ടായി എന്നൊരു ഐതിഹ്യമുണ്ട്.

പാലാഴിമഥനം കഴിഞ്ഞു അമൃതകുംഭവുമായി അസുരന്മാർ കടന്നു കളഞ്ഞു. അങ്കലാപ്പിലായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. മോഹിനി എന്ന അവതാരം പൂണ്ട് മഹാവിഷ്ണു, അസുരന്മാർകും ദേവന്മാർക്കും അമൃത് തുല്യമായി പങ്കുവെച്ചു കൊടുക്കാം എന്ന് പറഞ്ഞു അസുരന്മാരുടെ പക്കൽ നിന്ന് കുംഭം കൈക്കലാക്കി.

രണ്ട് കൂട്ടരെയും രണ്ട് വശങ്ങളിലായി ഇരുത്തിയ മോഹിനി അസുരർക്കു പാലും ദേവന്മാർക്ക് അമൃതും കൊടുത്തു. ഒരു അസുരൻ ചതിവു മനസിലാക്കി, ദേവരൂപം കൈക്കൊണ്ട് ദേവന്മാരുടെ പക്ഷത്തു ചെന്ന് ഇരുന്നു. അയാൾ അമൃത് കഴിച്ചു തുടങ്ങിയപ്പോളാണ് സൂര്യനും ചന്ദ്രനും, അയാൾ അസുരനാണെന്നു മനസ്സിലായത്. ഉടൻ തന്നെ അവർ മോഹിനിയോട് കാര്യം പറഞ്ഞു. സമയം കളയാതെ മോഹിനി സുദർശ്ശനം ഉപയോഗിച്ച് ആ അസുരന്റെ തല അറുത്തു. പക്ഷെ തല ഉടലിൽ നിന്ന് വേർപെട്ട സമയത്ത് ഒരു തുള്ളി അമൃത് അറ്റ ഉടലിന്റെ രക്തപങ്കിലമായ ഭാഗത്ത് വീണു. അതോടെ രണ്ടായി മുറിഞ്ഞെങ്കിലും തലയും ഉടലും ചിരഞ്ജീവികളായി. തല ഭാഗം രാഹു. എന്നും ഉടൽ ഭാഗം കേതു എന്നും അറിയപ്പെടാൻ തുടങ്ങി.

സൂര്യനും ചന്ദ്രനും കാരണം ആണ് തങ്ങൾക്ക് ഈ ഗതി വന്നതെന്ന് മനസിലാക്കിയ രാഹുവിന് അവരോടു അടങ്ങാത്ത പകയായി. തക്കം കിട്ടുമ്പോൾ ചെന്ന് സൂര്യനെയും ചന്ദ്രനേയും വിഴുങ്ങാൻ നോക്കും. പക്ഷെ സൂര്യചന്ദ്രന്മാർ മുറിഞ്ഞ കഴുത്തിൽ കൂടെ രക്ഷപെടും. ഇതാണത്രേ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും.

കഴുത്തു മുറിഞ്ഞപ്പോൾ അസുരന്റെ കഴുത്തിൽ നിന്ന് ഇറ്റു വീണ ചോരയും, അമൃതും ജീവനുള്ളതായത്രേ, രക്തം ചുവന്നുള്ളിയും, അമൃത് വെളുത്തുള്ളിയും ആയി. ഇതാണത്രേ ചിലർ ചുവന്നുള്ളി കൂട്ടാൻ മടിക്കുന്നത്.

#ഐതിഹ്യം