Saturday 29 September 2012

ഡയറിക്കുറിപ്പുകള്‍

സെപ്റ്റംബര്‍ 29 , 2012 -- അവളുടെ ഡയറി.


 ഞാന്‍ ഉള്ളിന്‍റെയുള്ളില്‍  കരയുകയായിരുന്നു, കാരണം എന്നെ വിട്ടു അവനു പോകുവാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു. ഇത്രെയും കാലം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പരസ്പരം പങ്കിടുമായിരുന്നു ഞങ്ങള്‍‍. എപ്പോഴോ എനിക്ക് അവനോട് അനുരാഗം തോന്നി തുടങ്ങിയിരുന്നു, പക്ഷെ ഞാന്‍ എല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. സ്വന്തം പ്രണയത്തേക്കാളും അവന്‍റെ സൗഹൃദം ആയിരുന്നു എനിക്ക് വലുത്. നാല് കൊല്ലത്തിനിടക്ക് എന്നെ വേറാരും ഇത്രെയും മനസിലാക്കിയിട്ടില്ല, എന്തേലും ഞാന്‍ മനസ്സില്‍ കണ്ടാല്‍ അവന്‍ അതും കണ്ടുപിടിക്കുമാരുന്നു. അവനു മനസ് വായിക്കാന്‍ ഉള്ള കഴിവുണ്ടോ എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാണുമായിരിക്കും,അല്ലെങ്കില്‍ എങ്ങനെ ആണ് അവന്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാറുള്ളത്? എന്‍റെ പ്രണയം ഒഴിച്ച് ബാക്കി എല്ലാം അവന്‍ കണ്ടുപിടിച്ചിട്ടുണ്ട്, അതൊ കണ്ടിട്ടും കാണാതെ പോലെ അവന്‍ അഭിനയിക്കുകയായിരുന്നോ? 

ഒരുമിച്ചാണ് അവനും ഞാനും കൂടെ ഈ ജോലിക്ക് ചേര്‍ന്നത്‌. അവന്‍റെയും എന്‍റെയും ചിന്തകള്‍ ഒരു പോലെയുള്ളവ ആയിരുന്നു. അല്ലെങ്കില്‍ പഠിച്ചിറങ്ങിയ ഉടന്‍ തന്നെ   പഠിപ്പിക്കാന്‍ എന്ന് പറഞ്ഞു ഞങ്ങള്‍ വണ്ടി കേറില്ലായിരുന്നല്ലോ. സാഹിത്യത്തോടെ ഉള്ള കമ്പം മൂത്ത്, ഒരേ കോളേജില്‍ തന്നെ ഞങ്ങള്‍ എത്തി. ഞാന്‍ ആംഗലേയ ഭാഷയും, അവന്‍ മലയാളവും പഠിപ്പിച്ചു. ഞാന്‍ എഴുതുന്ന കവിതകള്‍ അവനും, അവന്റെത്‌ ഞാനും വിശകലനം നടത്തി. പലപ്പോഴും എന്നിലെ പ്രണയം ആണ് കവിതാരൂപത്തില്‍ ഞാന്‍ അവനു കൊടുത്തിട്ടുള്ളത്. അവന്‍ എന്നേലും എന്‍റെ പ്രണയം മനസിലാക്കും എന്ന് ഞാന്‍ കരുതി. മിക്കപ്പോഴും വളരെ നന്നായിട്ടുണ്ടെന്ന അനുമോദനം അവന്‍ നല്‍കുമായിരുന്നു.അവനായിരുന്നു എന്‍റെ കവിതകളിലെ നായകന്‍ എന്ന് അവന്‍ എപ്പോഴെങ്കിലും മനസിലാക്കിയിരുന്നെങ്കില്‍.........   

          അവന്‍റെ മനസ്സറിയാന്‍  അവന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് ഞാന്‍ ചോദിക്കുമായിരുന്നു. ചമ്മിയ ഒരു ചിരി ചിരിച്ചു കൊണ്ടവന്‍ പറയും- "അവള്‍ പൂര്‍ണമായ, അര്‍ത്ഥസമ്പുഷ്ടമായ ഒരു കവിത പോലെ ആയിരിക്കണം". പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഞാന്‍ അപൂര്‍ണയാണോ ? ഒരു പക്ഷെ അതായിരിക്കും അവന്‍ എന്നെ പ്രണയിക്കാത്തത്. എനിക്ക് വീട്ടില്‍ കല്യാണം നോക്കുന്നതിനെ കുറിച്ച് പലപ്പോഴും അവനോട് പറഞ്ഞിട്ടുണ്ട്. അത് കേട്ടിട്ടെങ്കിലും അവന്‍ മനസ്സ് തുറക്കട്ടെ  എന്ന് കരുതി. അതും നടന്നില്ല. എന്‍റെ കല്യാണം ഉറപ്പിച്ചു എന്ന് അവനോടിന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ഒരു കണ്‍ഗ്രാട്സ് ആണ് അവന്‍ തന്നത്. അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, അവന്‍ എന്നെ ഒരു പെങ്ങളെ പോലയെ കണ്ടിട്ടോള്ളൂ. ഒരു ഭാവഭേദവും കൂടാതെ അവന്‍ വീണ്ടും പറഞ്ഞു-" ഈ വെള്ളിയാഴ്ച ഞാന്‍ രാജിവെക്കും, ഇനിയുള്ള കാലം അപ്പച്ചനും അമ്മച്ചിക്കും ഒപ്പം നാട്ടില്‍ നിക്കണം, അവിടെയുള്ള ഒരു കലാലയത്തില്‍ ജോലി ശരിയായിട്ടുണ്ട്. ഇന്നലെ ആണ് എന്നെ അവര്‍ സെലക്ട്‌ ചെയ്തത്"

           ഇനി അവന്‍റെ കൂടെ അവശേഷിക്കുന്നത് നാല് ദിവസം മാത്രം. ഒരു ജീവിതകാലം മുഴുവനും അവന്‍റെ കൂടെ കഴിയാന്‍ പറ്റണേ എന്ന് ആശിച്ചതായിരുന്നു. ഒന്നും നടന്നില്ല. എന്തായാലും അവനു നല്ലത് മാത്രം വരുത്തണേ എന്നാ പ്രാര്‍ഥനയെ ഒള്ളു എനിക്ക്. ഭാവിയില്‍ എവിടെയേലും വെച്ചു കാണുമ്പോള്‍ ഒരു ചിരി മാത്രം ആയേക്കും തങ്ങളുടെ ഈ സൗഹൃദം. അങ്ങനെ വരാതിരിക്കെട്ടെ.    



സെപ്റ്റംബര്‍ 29 , 20121 -- അവന്‍റെ ഡയറി.

ഇന്നവള്‍ എന്നോട് പറഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചു എന്ന്. എന്നെക്കൊണ്ട് അത് താങ്ങാന്‍ പറ്റുന്നില്ല. എന്തോ ഒരു വീര്‍പ്പുമുട്ടല്‍ പോലെ തോന്നുന്നു.അവളുടെ മുഖത്ത് നോക്കാന്‍ എന്തോ ഒരു വല്ലായ്മ. അതുകൊണ്ടാണ് രാജി വെക്കാന്‍ ഞാന്‍ തീരുമാനിച്ചത്.നാട്ടില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്നു അവളോട് കള്ളം പറയേണ്ടി വന്നു. ആദ്യമായാണ് അവളോട് ഒരു കള്ളം പറയുന്നത്.

        വേറെ എന്താണ് ഞാന്‍ ചെയ്യേണ്ടത്? പലപ്പോഴും അവളെ ഇഷ്ടമാണ് എന്ന് വിളിച്ചു പറയാന്‍ തോന്നിട്ടുണ്ട്. അവള്‍ അത് എങ്ങനെ എടുക്കും എന്നുള്ള പേടി കാരണം മിക്കപ്പോഴും ഞാന്‍ ആ സംരംഭത്തില്‍ നിന്ന് പിന്മാറി.അവള്‍ വിശകലനം ചെയ്യാന്‍ തരുന്ന ഓരോ കവിതയിലും അവള്‍ക്കുള്ള മറുപടി അടിവര ഇട്ടുകൊടുക്കുമായിരുന്നു, എന്നിട്ടും അവള്‍ക്ക് ഒന്നും മനസിലാവാഞ്ഞതാണോ അതൊ ആയില്ല എന്ന് നടിക്കുവായിരുന്നോ? എന്നെങ്കിലും അവളോട് നേരിട്ട് പറയണ്ടാതായിരുന്നു തന്‍റെ ഇഷ്ടത്തെ കുറിച്ച്, പക്ഷെ അവളുടെ പെരുമാറ്റം കാണുമ്പോള്‍ അവള്‍ക്ക് അങ്ങനെ ഒരു വികാരം ഇല്ല എന്ന് തോന്നിക്കുമായിരുന്നു. അതുകൊണ്ട് ഇത്ര കാലും അതിനെക്കുറിച്ച് അവളോട് ഒരക്ഷരം ഉരിയാടിയിട്ടില്ല. 

        അവള്‍ എന്നെ ഒരു സഹോദരനെ പോലെ കാണുന്നു എന്ന് പറഞ്ഞു എന്‍റെ മനസ്സിനെ ഞാന്‍ സമാധാനപ്പെടുത്തുമായിരുന്നു. അല്ലെങ്കില്‍ അവള്‍ക്ക് വരുന്ന ഓരോ കല്യാണ ആലോചനയെക്കുറിച്ചും, കാണാന്‍ വന്ന ചെറുക്കന്മാരുടെ വിശേഷവും എന്തിനു അവള്‍ എന്നോട് പറയുമായിരുന്നു?  അവളെ എനിക്ക് തീരെ മനസിലാക്കാന്‍ പറ്റിയിട്ടില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ എപ്പോഴെങ്കിലും അവള്‍ക്കു എന്നോട് പ്രേമം തോന്നിയിരുന്നുവെങ്കില്‍ എനിക്ക് മനസിലാക്കാന്‍ പറ്റിയെനെമെല്ലോ.

        ഇന്നിവള്‍ വിഷമത്തോടെ ആണ് കല്യാണക്കാര്യം വന്നു പറഞ്ഞത്, വീട്ടുകാരെ വിട്ടു പിരിയാന്‍ ഉള്ള സങ്കടമായിരിക്കും അവളുടെ വിഷമത്തിന്‍റെ കാരണം. അവളെ കൂടുതല്‍ വിഷമിപ്പിക്കേണ്ട എന്ന് കരുതി അധികം ഒന്നും ഞാന്‍ ചോദിച്ചില്ല. അവള്‍ മറ്റൊരാളുടെ ആകാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ എന്‍റെ ചങ്ക് പിടക്കുകയായിരുന്നു. മറ്റൊരുത്തന്‍റെ  ഭാര്യയായി അവളെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല, അങ്ങനെ അവളെ കാണാന്‍ തീരെ പറ്റുകയുമില്ല. അതുകൊണ്ട് ഈ കലാലയത്തില്‍ നിന്ന് പോകാതെ എനിക്ക് വേറൊരു വഴിയുമില്ല. 

       നാല് കൊല്ലത്തെ അധ്യാപക ജീവനത്തിനിടയില്‍ മറക്കാനാവാത്ത ഒരു ഏട് ആണവള്‍. എന്‍റെ സന്തോഷവും സങ്കടവും എല്ലാം ഇറക്കിവെക്കാന്‍ പറ്റിയ ഒരു കൂട്ടുകാരി.എന്ത് പ്രശ്നത്തിനും അവള്‍ക്കൊരു പോംവഴി ഉണ്ടായിരുന്നു.  എന്‍റെ ഇപ്പോളത്തെ പ്രശ്നത്തിന് ഞാന്‍ അവളുടെ അടുത്ത് നിന്നൊരു പോംവഴി തേടണമോ?? വേണ്ട, കല്യാണം ഉറപ്പിച്ച പെണ്ണല്ലേ ഞാന്‍ ഇനി അത് പറഞ്ഞാല്‍ ദൈവത്തിനു നിരക്കില്ല. ഇനിയും അവള്‍ടെ നല്ല ഒരു സുഹൃത്തായി കഴിയാം. ഭാവിയില്‍ എപ്പോളെലും  അവളെ കാണുമ്പോള്‍ തന്‍റെ മക്കള്‍ക്  പറഞ്ഞു കൊടുക്കാം -" ആ പോകുന്നത് അച്ഛന്റെ വളരെ അധികം അടുത്ത സുഹൃത്തായിരുന്നു" .അച്ഛന്‍ തന്‍റെ ഉള്ളു തുറന്നിരുന്നെങ്കില്‍ അവര്‍ നിങ്ങളുടെ അമ്മ ആയിരുന്നെനേം എന്ന് അവരോട് എനിക്ക് പറയാന്‍ പറ്റില്ലല്ലോ....



No comments:

Post a Comment