Sunday 30 September 2012

മഹാഭാരതം : കോമാളിയുടെ അവലോകനം- 1



മഹാഭാരതം: സംസ്കൃതത്തില്‍ രചിക്കപ്പെട്ട രണ്ടു അഭ്രകാവ്യങ്ങളില്‍ ഒന്ന്. വേദവ്യാസന്‍ ഗണപതിക്ക് പറഞ്ഞു കൊടുത്ത്, ഗണപതിയാല്‍ എഴുതപെട്ടതാണ് മഹാഭാരതം എന്ന് എല്ലാ ഹിന്ദുക്കളും വിശ്വസിക്കുന്നു. ഭാരതത്തിന്‍റെ ചരിത്രം ആണ് ഈ അഭ്രകാവ്യം എന്ന് ഇന്നും പലരും വിശ്വസിക്കുന്നു, ഞാനും അത് തന്നെ വിശ്വസിക്കുന്നു. ഓരോ യുഗത്തിന്‍റെ അന്ത്യത്തിലും മഹാപ്രളയം ഉണ്ടായി എന്ന് കരുതപ്പെടുന്നു, എന്നിട്ടും നമുക്ക് ഓരോ യുഗത്തിനെയും കുറിച്ചറിയാം. എങ്ങനെ? പ്രളയത്താല്‍ നശിക്കപ്പെടാതെ പോയ ഒരു "മിസ്സിംഗ്‌ ലിങ്ക്" ഓരോ യുഗത്തെയും ബന്ധിപ്പിക്കുന്നു എന്ന് കരുതണം. ഇത്രയും ഞാന്‍ പറഞ്ഞത്, മഹാഭാരതം എന്നാ ഗ്രന്ഥം ഭാരതത്തിന്‍റെ  ചരിത്രം ആണ് എന്ന് വിശ്വസിച്ചു കൊണ്ടാണ്.

എന്താണ് ചരിത്രം? ആരാണ് ചരിത്രം രചിക്കുന്നത്? ചരിത്രം എപ്പോഴും രചിക്കുന്നത് വിജയശ്രീലാളിതര്‍ ആണ്. പ്രത്യേകിച്ച് ഒരു യുദ്ധാവസാനം, യുദ്ധഹേതുവിനെയും, യുദ്ധത്തിനേയും എഴുതുക യുദ്ധം ജയിച്ചവര്‍ ആയിരിക്കും. ഒരു പക്ഷെ ഇതെഴുതിയ വ്യക്തി, വിജയികളെ കുറിച്ച് പുകഴ്ത്തി മാത്രമേ എഴുതൂ. (അല്ലെങ്കില്‍ കഴുത്തിന്‌ മുകളില്‍ തല കണ്ടു എന്ന് വരില്ലാ). വിജയികള്‍ക്ക് എങ്ങനെ ആയാലും ചരിത്രത്തിന്മേല്‍ ഒരു സ്വാധീനം ഉണ്ടാവും.

ഈ കോമാളിയുടെ വീക്ഷണത്തില്‍ മഹാഭാരതം പാണ്ഡവരെ പുകഴ്ത്തിയെഴുതിയ ഒരു ഗ്രന്ഥമാണ്. ഈ അവലോകനത്തില്‍ കോമാളി കൌരവരുടെ കൂടെ ആണ്. ജയിക്കുന്നവരെ മാത്രം പുകഴ്ത്തി പറഞ്ഞാല്‍ പോരെല്ലോ തോറ്റവരെ ബഹുമാനിക്കുകയും വേണ്ടേ?


മഹാഭാരതം കുരുവംശത്തിന്‍റെ കഥ ആണ്. ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കപെട്ട യുദ്ധത്തിന്‍റെ കഥ ആണ്. എന്നാല്‍ നമുക്ക് നോക്കാം ആരായിരുന്നു ഭാരതം ഭരിക്കേണ്ടിയിരുന്ന കുരു രാജാവ് എന്ന്. എന്നിട്ട് തീരുമാനിക്കാം ഇത് യുദ്ധം വരെ എത്തേണ്ട ഒരു തര്‍ക്കം ആയിരുന്നോ അല്ലിയോ എന്ന്.

കുരുവംശത്തിലെ ഒരു മഹാരാജാവ് ശന്തനു, സ്ത്രീ രൂപത്തിലുള്ള ഗംഗയെ കണ്ടു മോഹിതനാകുന്നു. ഗംഗയെ പരിണയിക്കണം എന്ന ആഗ്രഹം അദ്ദേഹം അവരെ അറിയിക്കുന്നു. ഒരേ ഒരു വ്യവസ്ഥ മാത്രമാണ് ഗംഗ മുന്നോട്ട് വെച്ചത്. താനാരാണെന്ന് ചോദിക്കുകയോ, തന്റെ പ്രവര്‍ത്തികളെ ശന്തനു ചോദ്യം ചെയ്യുകയോ അരുത്. എന്നെങ്കിലും ഈ വ്യവസ്ഥ തെറ്റിച്ചാല്‍ അന്ന് ഗംഗ രാജാവിനെ വിട്ടു പോകും.  അത് അംഗീകരിച്ച മഹാരാജാവിനെ ഗംഗാദേവി കല്യാണം ചെയ്തു. അവര്‍ക്ക് 7 പുത്രന്മാര്‍ ഉണ്ടായി. ഓരോ പ്രസവ ശേഷവും ഗംഗാദേവി കുട്ടിയെ കൊണ്ടുപോയി ഗംഗാനദിയില്‍ മുക്കി കൊലപ്പെടുത്തി. എട്ടാമത്തെ പ്രസവശേഷം  കുട്ടിയെ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗംഗയെ രാജാവ് ചോദ്യം ചെയ്തു  അതില്‍ കുപിതയായ ഗംഗ കുട്ടിയെ രാജാവിനു കൊടുത്ത്, തന്‍റെ ശരിക്കുള്ള രൂപം അദ്ധേഹത്തെ കാണിച്ചു കൊടുത്തിട്ട് അപ്രത്യക്ഷ ആയി. ഗംഗ തന്നെ വിട്ടു പോയതില്‍ മനം നൊന്തു രാജാവ് കഴിഞ്ഞു. അദ്ദേഹം ആ കുട്ടിക്ക് ദേവവ്രതന്‍ എന്ന് നാമം ചെയ്തു, അവനെ യുവരാജാവായി വാഴിച്ചു.


ഇനി കഥ സത്യവതി അഥവാ മത്സ്യഗന്ധിയിലേക്ക് കൊണ്ടുപോകാം. മത്സ്യത്തിന്‍റെ ഗന്ധമുള്ള, സുന്ദരിയായ ഒരു മുക്കുവ സ്ത്രീ ആയിരുന്നു സത്യവതി. മുക്കുവ നേതാവിന്‍റെ മകളായി പിറന്ന പെണ്‍കിടാവിനു മത്സ്യത്തിന്‍റെ ഗന്ധം ഉണ്ടായതിനാല്‍ മത്സ്യഗന്ധി എന്ന് പേരും വന്നു. ഒരു ദിവസം മത്സ്യഗന്ധിയെ  പരാശര മഹര്‍ഷി കണ്ടു മുട്ടി. അവളില്‍ അനുരാഗിയായ മഹര്‍ഷിയില്‍ നിന്ന് അവള്‍ക്കൊരു ആണ്‍ കുഞ്ഞു പിറന്നു. മഹര്‍ഷിയുടെ വരദാനത്താല്‍ അവളുടെ മത്സ്യഗന്ധം മാറി അവള്‍ ഒരു സര്‍വ്വ സുഗന്ധിയായി മാറി.

ഒരിക്കല്‍ നായട്ടിനെത്തിയ ശന്തനുവിനു, സത്യവതിയുടെ സുഗന്ധം  കിട്ടി. അന്വേഷിച്ചു ചെന്നപ്പോള്‍ സുന്ദരിയായ സത്യവതിയെ അദ്ദേഹം കണ്ടെത്തി. സത്യവതിയോട് തന്നെ കല്യാണം കഴിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. സത്യവതിയും ഒരു വ്യവസ്ഥ വെച്ചു. സത്യവതിക്ക് ശന്തനുവില്‍ ഉണ്ടാകുന്ന പുത്രന്മാര്‍ ആയിരിക്കണം ഇനി ഭാരതം ഭരിക്കുന്നത് എന്നായിരുന്നു വ്യവസ്ഥ. ശന്തനുവിനു ദേവവ്രതനെ രാജാവാക്കണം എന്നതായിരുന്നു ആശ. ആ വ്യവസ്ഥ അംഗീകരിക്കാന്‍  രാജാവിനു മനസ്സ് വന്നില്ല. അദ്ദേഹം ദുഖിതനായി രാജധാനിയിലേക്ക് മടങ്ങി. കൊട്ടാരത്തില്‍ എത്തിയ ശന്തനുവിന്‍റെ ദുഖാവസ്ഥ ദേവവ്രതന്‍ അറിയാന്‍ ശ്രമിച്ചു, പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറഞ്ഞില്ല.

രാജപരിവാരങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച ദേവവ്രതന്‍ സത്യവതിയെ ചെന്ന് കണ്ടു അവരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ താന്‍ തയ്യാറാണ്, തന്‍റെ അച്ഛന് വേണ്ടി ഭരണം ഉപേക്ഷിക്കാനും താന്‍ ഒരുക്കമാണ് എന്ന് അറിയിക്കുന്നു. എന്നാല്‍ സത്യവതിക്ക്, ദേവവ്രതന് ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ കുട്ടികളോട് രാജ്യഭരണത്തിനായി യുദ്ധം ചെയ്യുമോ എന്നായിരുന്നു ആധി. ഇത് മനസിലാക്കിയ ദേവവ്രതന്‍  ഒരുഗ്ര പ്രതിജ്ഞ   ചെയ്തു. താന്‍ ഈ ജന്മത്തില്‍ ഒരു സ്ത്രീയോടും ആകൃഷ്ടനാവില്ല, താന്‍ ഒരിക്കലും വിവാഹം കഴിക്കില്ല, രാജ്യഭാരം വഹിക്കുന്നതാരായാലും അവരെ താന്‍ എന്നും കാത്തുകൊള്ളും എന്നായിരുന്നു പ്രതിജ്ഞ. ആ പ്രതിജ്ഞക്ക് ശേഷം അദ്ദേഹം ഭീഷ്മര്‍ എന്ന പേരില്‍ പ്രസിദ്ധനായി..


ശന്തനുവിനു സത്യവതിയില്‍ 2 പുത്രന്മാര്‍ ഉണ്ടായി. ചിത്രാംഗതനും, വിചിത്രവീര്യനും. ഇവര്‍ രണ്ടുപേരും ആരോഗ്യത്തില്‍ വളരെ മോശമായിരുന്നു. ശന്തനുവിന്‍റെ മരണത്തിനു  ശേഷം ചിത്രാംഗതനും മരിച്ചു.ഭീഷ്മര്‍ വിചിത്രവീര്യന് വേണ്ടി അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ തട്ടികൊണ്ട് വന്നു. അതില്‍ അംബ ഭീഷ്മരെ ശപിച്ചിട്ടു ആത്മഹത്യ ചെയ്തു. അംബികക്കും അംബാലികക്കും കുട്ടികള്‍ ഉണ്ടാകുന്നതിനു മുന്നേ വിചിത്രവീര്യനും മരിച്ചു. വംശം അന്യം നിന്നുപോകാതിരിക്കാന്‍ സത്യവതി തന്‍റെ ആദ്യ പുത്രനായ വ്യാസനെ വരുത്തി. വ്യാസനെ കണ്ടു പേടിച്ചു കണ്ണടച്ച അംബികക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ജനിച്ചു, പേടിച്ചു വിളറി വെളുത്ത അംബാലികക്ക് രക്തമയമില്ലാതെ വിളറി പാണ്ട് വന്ന പാണ്ടുവും ജനിച്ചു . രാജ്യഭാരത്തിന് ഇവര്‍ രണ്ടും പോര എന്ന് മനസ്സിലാക്കിയ വ്യാസന്‍ വീണ്ടും അവരോട് തന്‍റെ അടുക്കലേക്ക് വരാന്‍ പറഞ്ഞു. പേടിച്ചിരുന്ന അവര്‍ രണ്ടും കൂടെ അവരുടെ ദാസിയെ വ്യാസന്‍റെ അടുക്കലേക്ക് പറഞ്ഞു വിട്ടു. ഭയമോ പരിഭ്രമമോ തോന്നാഞ്ഞ ദാസിയില്‍ ബുദ്ധിമാനായ വിദുരര്‍ ജനിച്ചു.

ഇതില്‍  നിന്ന് നമുക്ക് മനസിലാക്കാം  കുരുവംശം ഭീഷ്മരില്‍ അന്യം നിന്നു പോയി എന്ന്. വ്യാസനില്‍ ജനിച്ച ധൃതരാഷ്ട്രരോ, പാണ്ടുവോ, വിദുരരോ  കുരുവംശത്തില്‍ പെട്ടവരല്ല.

അന്ധനായ ധൃതരാഷ്ട്രര്‍ക്ക് ഭരണം നടത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട്  അനുജനായ പാണ്ടു ഭരണം ഏറ്റെടുത്തു. ധൃതരാഷ്ട്രര്‍  ഗാന്ധാരിയേയും, പാണ്ടു കുന്തിയേയും വിവാഹം ചെയ്തു. വേട്ടയ്ക്ക് പോയ പാണ്ടു രതി നടത്തികൊണ്ടിരുന്ന കിണ്ടമ മഹര്‍ഷിയെയും ഭാര്യയേയും, മാനുകള്‍ എന്ന് തെറ്റിദ്ധരിച്ചു അമ്പൈത്  വധിച്ചു. മരിക്കും മുന്നേ മഹര്‍ഷി പാണ്ടുവിനെ ശപിച്ചു, എപ്പോളെലും പാണ്ടു ഏതെങ്കിലും സ്ത്രീയെ കാമം മൂത്ത് പ്രാപിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ മരിക്കും എന്ന്.

കുന്തി, ദുര്‍വാസാവ് മഹര്‍ഷി ഉപദേശിച്ചു കൊടുത്ത പുത്രകാമേഷ്ടി മന്ത്രത്താല്‍ ഗര്‍ഭം ധരിച്ചു, ഇതേ സമയം ഗാന്ധാരിയും ഗര്‍ഭിണി ആയി. കുന്തിയേക്കാള്‍ മുന്നേ പ്രസവിച്ചാലേ തന്‍റെ മക്കള്‍ക് രാജ്യഭാരം ലഭിക്കൂ  എന്ന് മനസിലാക്കിയ ഗാന്ധാരി, തന്‍റെ ഗര്‍ഭത്തില്‍ അമര്‍ത്തിയത് മൂലം, ഒരു മാംസപിണ്ഡം പ്രസവിച്ചു. വ്യാസന്‍റെ ഉപദേശത്താല്‍, അവര്‍ അത് നൂറു തുല്യ ഭാഗമാക്കി ഭരണിയില്‍ അടച്ചു. അധികം വന്ന ഒരു ചെറിയ ഭാഗവും അവര്‍ ഭരണിയില്‍ അടച്ചു. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോള്‍ ഭരണിയില്‍ നിന്നും 100 ആണ്മക്കളും ഒരു പെണ്ണും ജനിച്ചു. കുന്തിക്കും, പാണ്ടുവിന്‍റെ മറ്റൊരു ഭാര്യയ മാദ്രിക്കും പുത്രകാമേഷ്ടി മന്ത്രത്താല്‍ അഞ്ചു പുത്രന്മാര്‍ ജനിച്ചു.


ഗാന്ധാരിയുടെ മക്കള്‍ കൌരവര്‍ എന്നും, കൌന്തേയന്മാര്‍ പാണ്ഡവര്‍ എന്നും അറിയപ്പെട്ടു.

ഇനിയാണ് ചോദ്യം.. ധൃതരാഷ്ട്രരുടെ മക്കള്‍ക്കാണോ അതോ, കുന്തിയുടെ മക്കള്‍ക്കാണോ രാജ്യം ഭരിക്കാനുള്ള അവകാശം?കോമാളിയുടെ തലമണ്ട പറയുന്നത് പാണ്ടവര്‍ക്ക് രാജ്യം കൊടുക്കേണ്ട യാതൊരു കാര്യവും ഇല്ല എന്നാണ്. കാരണം അവര്‍ കുന്തിയുടെ മക്കളാണ് പാണ്ടുവിന്‍റെ  അല്ല...


തുടരും...................................(പാണ്ഡവര്‍ അഥവാ കൌന്ധേയര്‍ )







No comments:

Post a Comment