Sunday 30 September 2012

ഒരു ട്രെയിന്‍ യാത്രയില്‍ കിട്ടിയ ഓര്‍മ്മക്കുറിപ്പ്


ട്രെയിന്‍ യാത്ര എന്നും കോമാളിക്ക് ഒരു ഹരമായിരുന്നു. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ കോമാളിക്ക് സമ്മാനിച്ചിരുന്നു. പാസ്സഞ്ചറും, എക്സ്പ്രസും, സൂപ്പര്‍ഫാസ്റ്റിലും ഒക്കെ ഒരു കാലത്ത് കോമാളി കയറി ഇറങ്ങിയിരുന്നു.

 അങ്ങനെ ഒരു യാത്രക്കിടയില്‍ ആണ് ഞാന്‍ അരുണിനെ മനസിലാക്കുന്നത്‌.45 45   വയസുള്ള ഒരു അവിവാഹിതന്‍ ആണ് കക്ഷി.ആറക്ക ശമ്പളം, സല്‍സ്വഭാവി, സുമുഖന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആള്‍ക്കാര്‍ക്ക് ഒരു മതിപ്പുളവാക്കുന്ന വ്യക്തിത്വത്തിന് ഉടമ. അതാണ്‌ അരുണ്‍. അരുണിന്‍റെ  മനസ്സ് ഞാന്‍ നിങ്ങള്‍ക്കായി തുറക്കുന്നു.

     നാല് മണിക്കൂര്‍ ആയി ഇരിക്കുന്നതിന്‍റെ ഒരു വല്ലായ്മ ഉണ്ട്, താന്‍ അത് പുറമേ കാണിക്കുന്നില്ല എന്നേയൊള്ളൂ. എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര ആണ്, തിരുവനന്തപുരം ആണ് ലക്‌ഷ്യം.ലോകത്തിന്‍റെ ഏതു കോണിലായാലും , എല്ലാ കൊല്ലവും ഇതേ ദിവസം തിരുവനന്തപുരത്തേക്ക് ഒരു യാത്ര പതിവാണ്. മുടക്കമില്ലാത്ത ഇരുപത്തിമൂന്നാമത്തെ യാത്ര ആണ് ഇത്. രണ്ട് സ്ഥലങ്ങള്‍ ആണ് മനസ്സില്‍ ഉള്ളത്, തന്‍റെ പൂര്‍വ കലാലയവും അതിന്റെ അടുത്തായി തന്നെ ഉള്ള മുത്തപ്പന്‍ കോവിലും. ഓര്‍ക്കാനായി എത്രമാത്രം സുന്ദര മുഹൂര്‍ത്തങ്ങള്‍ ആണ് ഈ രണ്ടു സ്ഥലങ്ങളും തനിക്കു നല്‍കിയിരിക്കുന്നത്. ഓര്‍മകള്‍ക്ക് മരണമില്ല എന്ന് ഏതോ കവി പാടിയത് സത്യമാണ്.

         മീശ കിളിര്‍ന്നു വന്ന പ്രായത്തില്‍ ആണ് താന്‍ ഈ കലാലയത്തില്‍ ചേര്‍ന്നത്‌. ചേര്‍ന്ന ദിവസം തന്നെ സീനിയേര്‍സിന്‍റെ വക റാഗ്ഗിംഗ് കിട്ടി. ഉണ്ടായിരുന്ന പൊടിമീശ പോകുകെയും ചെയ്തു പെണ്‍പിള്ളേരുടെ  മുന്നില്‍ മാനവും പോയി. കിട്ടുന്നതൊക്കെ അടുത്ത ബാച്ചിനായി കരുതി വെക്കുക എന്നൊരു സമ്പ്രാദായം പണ്ട് മുതല്‍ക്കേ കലാലയങ്ങളില്‍ പതിവുള്ളതാണ്. താന്‍ രണ്ടാം വര്‍ഷം ആയപ്പോളേക്കും ചെങ്കൊടി പാര്‍ട്ടിയുടെ തീപ്പൊരി സഖാവായി മാറിയിരുന്നു. പുതിയ കുട്ടികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്ന ജോലി തന്നില്‍ നിക്ഷിപ്തമായിരുന്നു. അങ്ങനെ ഒരു ദിവസം ഒന്നാം വര്‍ഷ ബോട്ടണി ക്ലാസ്സില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് അവളെ ആദ്യമായി കാണുന്നത്. ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത് സൗന്ദര്യം ആയിരുന്നില്ല മറിച്ചു നിഷ്കളങ്കത  ആയിരുന്നു. അതിനു ശേഷം പലയിടത്ത് വെച്ചും അവളെ കണ്ടു മുട്ടി. എന്നും അവളെ കാണാനായി അവള്‍ പോകാറുള്ള മുത്തപ്പന്‍ കോവിലിന്‍റെ  വഴിയരികില്‍ കാത്തു നിന്നു. ആദ്യം കണ്ണും കണ്ണും തമ്മില്‍ ഉള്ള സംസാരം മാത്രമായിരുന്നു, പിന്നെ ഒരു ചിരിക്ക് വഴിമാറി , അങ്ങനെ സംസാരത്തില്‍ എത്തി, ഒടുവില്‍ പ്രേമവുമായി.

      അവളാണ് തന്നെ ഒരുപാട് മാറ്റിയെടുത്തത്. രാഷ്ടീയവും സമരവും തല്ലുമായി നടന്ന തന്നെ വീണ്ടും ഒരു മനുഷ്യനാക്കിയതും, ദൈവവിശ്വാസിയാക്കിയതും അവള്‍ തന്നെ. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍ പ്രണയലേഖനങ്ങള്‍ ആയിരുന്നു തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നത്. പ്രണയവല്ലരി  പൂത്തുലഞ്ഞപ്പോളെക്കും  തനിക്കു കലാലയം വിട്ടു പോകാന്‍ ഉള്ള സമയമായി . അവളെ തനിച്ചാക്കി പോകുവാന്‍ മനസ് ഉണ്ടായിട്ടല്ല, അവള്‍ പഠിച്ചു ഇറങ്ങുമ്പോളേക്കും അവളെ പോറ്റുവാനായി ഒരു ജോലി വേണമായിരുന്നു. അവളുടെ പഠിപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുത്തപ്പന്‍റെ  നടയില്‍ വെച്ച് താലി കെട്ടി തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കാം എന്ന് വാക്ക് കൊടുത്തിട്ടാണ് താന്‍ പോയത്. ഇത് വരെ പാലിക്കാന്‍ പറ്റാതെ പോയൊരു പാഴ്വാക്ക്. ഈ യാത്ര അവളെ തേടിയാണ്, അവള്‍ടെ ഓര്‍മകളെ തേടിയാണ്.

     ആരും അറിയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം ആയിരിക്കും എളുപ്പം പരക്കുന്നത്.രഹസ്യമായ ഈ പ്രണയം അവള്‍ടെ വീട്ടുകാര്‍ എങ്ങനെയോ അറിഞ്ഞു. പ്രണയം പാപമായി കരുതി പോന്ന ഒരു കാലഘട്ടത്തില്‍ ജനിച്ചതായിരുന്നു ഞങ്ങളുടെ തെറ്റ്. വീട്ടു തടങ്കലിലായ അവളുടെ കല്യാണം അവര്‍ ഒരു ഗള്‍ഫ്കാരനുമായി നടത്തി. എല്ലാം വളരെ പെട്ടന്നായകൊണ്ട് തനിക്കൊന്നു  പ്രവര്‍ത്തിക്കുവാന്‍ കൂടി സമയം കിട്ടിയില്ല. പിന്നീട് അവള്‍ടെ ഒരു കൂട്ടുകാരിയില്‍ നിന്നും അറിഞ്ഞു അവള്‍ ഗള്‍ഫില്‍  സ്ഥിരതാമാസമായി എന്ന്.അവളുടെ ദാമ്പത്യത്തില്‍ ആദ്യം കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പോലും, എന്നാല്‍ ക്രമേണ അവള്‍ നല്ലൊരു കുടുംബിനി ആയി മാറിയത്രെ.

     അവളെ താന്‍ ഒരിക്കലും വെറുക്കില്ല, തനിക്കു അതിനു പറ്റുകയുമില്ല. ഇന്ന് അവളുടെ ഇരുപത്തിമൂന്നാമത്തെ വിവാഹ വാര്‍ഷികമാണ്. തനിക്ക് അവളെ എന്നന്നേക്കുമായി നഷ്ട്ടപെട്ട ദിവസം. അവള്‍ ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ഒക്കെ ആയി തിരക്കിലായിരിക്കും, തന്നെ ഓര്‍ക്കുവാന്‍ സമയം കിട്ടി എന്നു വരില്ല, സമയം കിട്ടിയാല്‍ തന്നെ തന്നെ ഓര്‍ത്തു എന്നും വരില്ല. പക്ഷെ ഈ ജീവിതാവസാനം വരെയും താന്‍ അവളെ മറക്കില്ല, വെറുക്കുകയുമില്ല. കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്ത തന്നോട ദൈവം പൊറുക്കട്ടെ.

2 comments:

  1. കൊള്ളാമെടാ മക്കളെ കൊള്ളാം. പണ്ട് ഞങ്ങള്‍ പറയുന്ന ഒരു കഥയുണ്ട് ബാബു സഷിയോടു പറഞ്ഞ കഥ.
    "എടാ ആ അന്സിയില്ലേ അവള്‍ ആ രാജുവിനെ കരണത്തു ഒരെണ്ണം പൊട്ടിച്ചു ഹോ എന്തൊരു വേദനയാണെന്ന് അറിയാമോ ഇപ്പോളും മാറിയിട്ടില്ല"

    മനസിലായി കാണും എന്ന് വിശ്വസിക്കുന്നു

    ReplyDelete
    Replies
    1. നാഗന്‍ ....അതെനിക്കിട്ടോന്നു വെച്ചതാണ് എന്ന് തോന്നുന്നല്ലോ.. പലരുടെയും ജീവിതം നമ്മുടെ മുന്നില്‍ കൂടെ ഒരു സിനിമ പോലെ ആണ് ഓടുന്നത്... ഇത് എന്‍റെ കഥയല്ല, പക്ഷെ നടന്ന കഥയാണ്. നായകന്‍ ഇപ്പോളും അവിവാഹിതാണ് വളരെ ഉയര്‍ന്ന നിലയില്‍ വിദേശത്ത് ജോലി ചെയ്യുന്നു..

      Delete