Monday 8 October 2012

ആരായിരുന്നു അവള്‍ ???


കലപിലാ എന്ന് സംസാരിക്കുകയും, ആണുങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന എന്ത് കാര്യവും സ്വയം ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഒരു നത്തോലി.. അതായിരുന്നു അവള്‍ .. മൂന്നാങ്ങളമാരുടെ ഏക പെങ്ങളായത് കൊണ്ട് ചെക്കന്മാര്‍ അവളോട് കൊരുക്കാന്‍ അല്പസ്വല്പം പേടിച്ചിരുന്നു. ആ നത്തോലി എന്‍റെ കലാലയ സഹപാഠി ആയിരുന്നു. ദേവിയെന്നായിരുന്നു  അവളുടെ പേര്, എന്‍റെയും  മറ്റു ചെക്കന്മാരുടെയും ഇടയില്‍ അവള്‍ കാളിയായിരുന്നു.. അതെ ഉറഞ്ഞു തുള്ളുന്ന ഭദ്രകാളി. അവളെ 'എടി കാളീ' എന്ന് നീട്ടിവിളിക്കാന്‍ എനിക്ക് മാത്രമേ ധൈര്യം ഉണ്ടായിട്ടൊള്ളൂ. ഒരിക്കല്‍ അങ്ങനെ വിളിച്ചതിന് അവള്‍ എന്‍റെ കയ്യേല്‍ ഒരു കോമ്പസ് കുത്തി കയറ്റി. വാശിക്ക് വാശിയെന്നു ഞങ്ങള്‍ രണ്ടു പേരും തീരുമാനിച്ചതു കൊണ്ട്  അതൊരു സന്ധിയില്ലാ സമരമായി തുടര്‍ന്ന് പോയി. പിന്നീടെപ്പോളോ കാളീ എന്ന എന്‍റെ വിളിക്ക് ഉത്തരമായി ഒരു നേര്‍ത്ത പുഞ്ചിരി കിട്ടി തുടങ്ങി.

കലാലയത്തില്‍ ആരെയും കൂസാതെ തൊലിക്കട്ടിയുടെ പര്യായമായി നടന്നിരുന്ന എനിക്ക് ഇടയ്ക്കിടയ്ക്ക് പാര വെയ്ക്കുന്നതില്‍ കാളിക്ക് അസാമാന്യ മിടുക്കായിരുന്നു. പുറമേ ഞങ്ങള്‍ പൂരത്തല്ലായിരുന്നെങ്കിലും ഒരു എതിരാളിക്ക് കൊടുക്കേണ്ട ബഹുമാനം ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുണ്ടായിരുന്നു. തമ്മില്‍ തമ്മില്‍ പാര വെക്കുന്നതിനായി രണ്ടു പേരും മറ്റേയാളുടെ എല്ലാ കാര്യങ്ങളും മനസ്സില്‍ കുറിച്ച് വെക്കുമായിരുന്നു. കാളിക്ക് പറ്റിയ തണ്ടി എന്നതിനാല്‍ എനിക്ക് വീരഭദ്രന്‍ എന്ന പേരും വീണു, അത് പതിയെ ലോഭിച്ച് ഭദ്രന്‍ എന്നായി.

അങ്ങനെയിരിക്കെ ഈ ഭദ്രന്‍ ഒരു പ്രേമത്തില്‍ വീണു, എന്‍റെ അടുത്ത  രണ്ടു സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിനെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു. ഒരു അല്‍സേഷ്യന്‍  പട്ടിയെക്കാള്‍ ഘ്രാണശക്തിയുള്ള    കാളി ഇത് പക്ഷെ മണത്തറിഞ്ഞു, എന്നാലും അവള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയാരിരുന്നില്ല കാരണം ഞാന്‍ പ്രേമിച്ചത് അവളുടെ ആത്മമിത്രത്തെയാണ്. ആ ഒറ്റക്കാരണം കൊണ്ട് അവള്‍ക്ക് ഈ ഭദ്രനെ വെറുതെ വിടേണ്ടി വന്നു. ഭദ്രനും കാളിയും കൂടെ ഉള്ള ആദ്യത്തെ സന്ധി ചെയ്യല്‍ ..എന്‍റെ പ്രേമഭാജനം മധ്യസ്ഥത വഹിച്ചതിനാല്‍ ഞങ്ങള്‍ പിന്നീട്  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നെയും ഒരു കൊല്ലം കൂടെ കഴിഞ്ഞു, അതിനിടെയില്‍ കാളിയുടെ പ്രേമം ഈ ഡിക്ടെറ്റീവ് ഭദ്രന്‍ കണ്ടെത്തി.  ഒരു പെണ്ണ് പ്രേമത്തില്‍ വീണുകഴിഞ്ഞാല്‍ അവള്‍ ചെക്കന്‍റെ ഒരുപഗ്രഹമായി മാറും,രണ്ടു പേരും എപ്പോഴും  മറ്റെയാളിനെ ചുറ്റിക്കൊണ്ടേയിരിക്കും. ഞങ്ങളുടെ സഹപാഠിയായ ഡേവിഡ് എന്ന അച്ചായനായിരുന്നു അവളുടെ കാമുകന്‍ . കാളിക്കും അച്ചായനും അന്ന് തന്നെ കിരണ്‍ ടി.വിയില്‍  ഒരു പാട്ട് ഞാന്‍ സമര്‍പ്പിച്ചു,, എന്നിട്ട് രണ്ടിനെയും വിളിച്ചു വിവരമറിയിച്ചു... "മംഗളം നേരുന്നു ഞാന്‍ ......" എന്ന പാട്ട്. എന്തിനാണോ ഞാന്‍ അത് ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു.. എന്തൊക്കെയായാലും ഭദ്രന്‍റെയും കാളിയുടെയും പ്രേമങ്ങള്‍ പൂത്തുലഞ്ഞു...

സമയം വളരെ പെട്ടന്ന് പൊയ്ക്കൊണ്ടിരുന്നു, ഞങ്ങളുടെ കലാലയ ജീവിതത്തിന്‍റെ അവസാനമായി. ഇതിനിടക്ക് ഞങ്ങള്‍ നാലുപേര്‍ക്കും ഒരേ കലാലയത്തില്‍ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചു. ഡേവിഡച്ചായന് താഴെ രണ്ടു പെങ്ങന്മാര്‍ ആയതിനാല്‍ പുള്ളിക്കാരന്‍ ഒരു ജോലി സംഘടിപ്പിച്ചു ദുബായിലേക്ക് പോയി. എന്നാലും കാളിയെ ദിവസവും അവന്‍ വിളിച്ചിരുന്നു. അതിനിടയ്ക്ക് എനിക്ക് ഒരു നടുക്കം സംഭാവന ചെയ്തുകൊണ്ട്, എന്‍റെ പ്രേമഭാജനത്തിന്‍റെ ബൂര്‍ഷ്വാവായ തന്തപ്പടി അവളുടെ വിവാഹമുറപ്പിച്ചു. ജോലിയൊന്നുമില്ലാത്തതിനാല്‍ എന്‍റെ വീട്ടില്‍ ഈ വിഷയമവതരിപ്പിക്കാനും എനിക്ക്‌ സാധിക്കുമായിരുന്നില്ല. ആ ബൂര്‍ഷ്വാ തന്തയോട് ഒരു രണ്ടു കൊല്ലാതെ സാവകാശം ചോദിച്ചിട്ട് അങ്ങേരത് തന്നില്ല. അങ്ങനെ മനസില്ലാമനസോടെ   എന്‍റെ പ്രേമഭാജനം മറ്റൊരാളുടെ ഭാര്യയായി, സുഖമായി ജീവിച്ചു തുടങ്ങി. ഈ പാവം ഭദ്രന്‍, പരീകുട്ടിയെപോലെ പഴയ ഓര്‍മ്മകള്‍ അയവിറക്കി പാട്ടും തണ്ണിയുമായി നടന്നു. "മാനസ മൈനയും, സന്യാസിനീ നിന്‍ പുണ്യാശ്രമവും" ഒക്കെ പണ്ടായിരുന്നു, ഇന്നത്‌ "അവള്‍ എന്നെ എന്നെ തേടി വന്ന അഞ്ചലേ " ആയി മാറി. പാട്ട് മാറിയാലും ഉള്ളിലെ  വേദനക്ക് ഒരു മാറ്റവുമില്ലാരുന്നു.. 

ഒരു ദിവസം കാളിയെന്നെ വിളിച്ചു ഒരുപാട് വഴക്കുപറഞ്ഞു. "സ്വയം നശിക്കാതെ വല്ലവനും ഉപകാരമെങ്കിലും ചെയ്തൂടെ...നിനക്ക് സ്വയം നശിക്കാന്‍ ആരാടാ സമ്മതം തന്നത്.......".അങ്ങനെ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് ശേഷം ഒരു മാറ്റവും എന്നില്‍ക്കാണാഞ്ഞു എന്‍റെ പാവം അപ്പനെയും കുറെ തെറി പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. കാളിയുടെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ യുദ്ധം ചെയ്യുവാരുന്നു. 

"അവള്‍ ഒരുത്തനെയും കെട്ടി സുഖമായി ജീവിക്കുന്നു, നീയോ സ്വയം നശിക്കുന്നു.. നീ നിന്‍റെ അപ്പനെയും അമ്മയെയും കുറിച്ചെപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോടാ?"

"നിനക്ക് വേണ്ടി ജീവിക്കാന്‍ നിനക്ക് പറ്റുന്നില്ലെങ്കില്‍ , നിന്‍റെ മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിച്ചൂടെ?"

"നിരാശാകാമുകന്മാര്‍ ഒക്കെ പഴയ സ്റ്റൈലാ മോനെ, ഇങ്ങനെ നടന്നാല്‍ നിന്നെ പിള്ളേര്‍ പരീക്കുട്ടി പരീകുട്ടി എന്ന് വിളിച്ചു  കൂകി വിടും"

അവസാനം എന്‍റെ മനസ്സ് ആ യുദ്ധത്തില്‍ കീഴടങ്ങി, ഇനി എന്‍റെ മാതാപിതാകള്‍ക്ക് വേണ്ടി മാത്രമല്ല എനിക്ക് വേണ്ടിയും ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനു കാരണമായ കാളിയോട്‌ മനസ്സാ നന്ദി പറഞ്ഞു കൊണ്ട് പുതിയൊരു അദ്ധ്യായം ഞാന്‍ ജീവിതപുസ്തകത്തില്‍ തുറന്നു..

വളരെപെട്ടന്ന് ഒരു കൊല്ലം കൂടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം അച്ചായന്‍ എന്നെ വിളിച്ച് നാട്ടില്‍ വരുന്ന കാര്യം പറഞ്ഞു. കാളിക്ക് ഒരു സസ്പെന്‍സ് കൊടുക്കണം.അതിനു അവനെന്‍റെ സഹായം വേണമത്രേ.. ഈ വരവിനു കാളിയുടെ കാര്യം അവന്‍റെ വീട്ടില്‍ അവതരിപ്പിക്കാനായിരുന്നു അവന്‍റെ ഉദ്ദേശ്യം. അവന്‍ പറഞ്ഞ പോലെ കാളിയേം കൂട്ടി ഞാന്‍ ഒരു സി.സി.ഡിയില്‍ ചെന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ഡറെഡുക്കാനെന്ന വ്യാജേന അവനും അവിടെ എത്തി. അവനെ കണ്ടപ്പോള്‍ അവളുടെ മുഖത്തെ ആശ്ചര്യവും, സന്തോഷവുമൊക്കെ കാണേണ്ടതാരുന്നു.. സ്വര്‍ഗത്തിലെ കട്ടുറുംമ്പാകേണ്ട എന്ന് കരുതി ഞാന്‍ പയ്യെ അവിടുന്ന് സ്ഥലം കാലിയാക്കി..അന്ന് രാത്രി അച്ചായന്‍ തന്നെ കാളിയെ ഹോസ്റ്റലില്‍ എത്തിച്ചു.. പിറ്റേന്ന് ക്ലാസിനു കാളി വന്നില്ല, അവളെ ഫോണ്‍ ചെയ്തിട്ടു മറുപടിയുമില്ല. അതിന്‍റെ പിറ്റേന്ന് അവളെ ഞാന്‍ കണ്ടു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ കലാലയത്തിലേക്ക് വരുന്നു. എന്നെ കണ്ടിട്ടോഴിഞ്ഞുമാറി അവള്‍ പോയി.. അപ്പോള്‍ തന്നെ ഞാന്‍ അച്ചായനെ വിളിച്ചു. എന്തോ ഭാഗ്യത്തിന് അവള്‍ ഫോണ്‍ എടുത്തു. അവന്‍റെ സംസാരത്തില്‍നിന്നും അവനും ദുഖിതനാണ് എന്ന് എനിക്ക് മനസിലായി. അവന്‍ അതിന്‍റെ കാര്യവും പറഞ്ഞു. നാട്ടില്‍ വന്ന അന്നുതന്നെ  അവന്‍ വീട്ടില്‍ കാളിയുടെ കാര്യം അവതരിപ്പിച്ചു, എന്നാല്‍  അവന്‍റെ അച്ഛനോ അമ്മയോ അവനെ അതില്‍ പിന്താങ്ങിയില്ല. അന്യമതത്തില്‍ പെട്ട  ദേവിയെ അവന്‍ വിവഹം ചെയ്താല്‍ അവന്‍റെ പെങ്ങമാരെ ആര് വിവാഹം കഴിക്കും എന്നതായിരുന്നു അവരുടെ പ്രശ്നം. അങ്ങനെയെങ്കില്‍ പെങ്ങന്മാരുടെ കല്യാണത്തിന് ശേഷമായികൂടെ അവന്‍റെ കല്യാണമെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞത് ഒരന്യമതക്കാരിയെ ഈ വീട്ടില്‍ കയറ്റില്ല എന്നായിരുന്നു. "ജാതിയും മതവും ഒക്കെ മുടിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു". അവനു അവന്‍റെ അപ്പനെ ധിക്കരിക്കാന്‍ വയ്യ എന്നും അവന്‍ പറഞ്ഞതോടെ ഒന്നെനിക്ക് മനസ്സിലായി - ആ പ്രേമവും അവിടെ അവസാനിക്കാന്‍ പോകുന്നു.

രണ്ടുപേരെയും എന്നാല്‍ കഴിയുന്ന വിധം വീണ്ടുമോന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഡേവിഡ് ഫോണ്‍ എടുക്കാതെയായി, അവന്‍ ഞങ്ങള്‍ക്കെത്താത്ത ദൂരത്തേക്ക് എത്തിയിരുന്നു. പ്രണയം നഷ്ടപെട്ട രണ്ടുപേര്‍ക്ക് അന്യോന്യം ഒരുപാട് മനസിലാക്കാന്‍ സാധിക്കും. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു തുടങ്ങി. അങ്ങനെ ഈ ഭദ്രനും കാളിയും അടുത്തു. അവള്‍ വീണ്ടും ചിരിച്ചു തുടങ്ങി. പക്ഷെ ഒരു ചോദ്യം എന്‍റെ മനസ്സില്‍ മുളച്ചു വന്നു - "അവളോട് എന്‍റെ ഇഷ്ടം പറയണോ?" . ഒരു നഷ്ടപ്രണയത്തിന്‍റെ വേദന ഉള്ളിലൊതുക്കിയ ഞാന്‍ വീണ്ടുമൊരു നഷ്ടം  ആഗ്രഹിച്ചിരുന്നില്ല. അവളും അതുതന്നെയായിരിക്കും മനസ്സില്‍ കരുതിയത് എന്ന് ഞാന്‍ വിചാരിച്ചു. രണ്ടുപേരും ആഗ്രഹങ്ങള്‍ മനസ്സിലടക്കി, ദുഃഖങ്ങള്‍ മറന്നു ചിരിച്ചും കളിച്ചും നടന്നു.


എത്ര വേണ്ട എന്ന് കരുതിയാലും ഒരു ദിവസം പൂച്ച്  വെളിയില്‍ വരും. ഞാന്‍ തന്നെ അവളോട് പറഞ്ഞു -"എടീ കാളി, എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷെ അതൊരു കല്യാണത്തില്‍ എത്തിക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല. അതുകൊണ്ട് എന്‍റെ ഇഷ്ടത്തെ നീ ഒരു സഹോദരസ്നേഹമായി കരുതിയാല്‍ മതി. എന്‍റെ ഇഷ്ടം കല്യാണത്തില്‍ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ നമ്മള്‍ വിഷമിക്കും, അകലും പിന്നെ ഒരിക്കലും നേരില്‍ കണ്ടില്ലെന്നും വരാം. അതിലുമെത്രെയോ നല്ലതാണ് നമ്മളെന്നും സുഹൃത്തുക്കളായി ഇരിക്കുന്നത്. ഇന്ന് മുതല്‍ ഞാന്‍ നിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരിക്കും". എല്ലാം കേട്ടുകൊണ്ട് അവള്‍ കുറെനേരം മൌനിയായി ഇരുന്നു, അതിനു ശേഷം അവള്‍ സമ്മതം പറഞ്ഞു. ഞങ്ങള്‍ 2 പേര്‍ക്കും മറ്റൊരു നൈരാശ്യം കൂടെ താങ്ങാന്‍ പറ്റുമായിരുന്നില്ല.. അങ്ങനെ കലാലയജീവിതത്തിന്‍റെ അവസാനമെത്തി. അതോടെ അവളുടെ കല്യാണവുമുറപ്പിച്ചു. നന്ദഗോപാലന്‍ എന്ന നന്ദന്‍, സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്ക് ആണ് കക്ഷി. അവളുടെ വിവാഹനിശ്ചയത്തിന്‍റെ അന്ന് വൈകിട്ട് ഞാന്‍ അച്ചായനെ യാഹൂ മെസ്സെന്‍ജെറില്‍ കണ്ടുമുട്ടി. അവനോട് ദേവിയുടെ നിശ്ചയത്തെപറ്റി ഞാന്‍ പറഞ്ഞു. അവനു സങ്കടമായോ സന്തോഷമായോ എന്നെനിക്കറിയാന്‍ പറ്റിയില്ല. അവന്‍ എന്നോടൊന്നു മാത്രം പറഞ്ഞു - "എടാ നീ അവളോട് പറയണം എന്നെ ഒരിക്കലും ശപിക്കരുത് എന്ന്. എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരിക്കലും എന്‍റെ അപ്പെനെതിര് പറയാന്‍ എനിക്ക് പറ്റില്ല. എന്‍റെ വീട്ടുകാര്‍ക്ക് വേണ്ടി അവളെ ഞാന്‍ വേണ്ടെന്നു വെച്ചു. ഈ പാപിയോട് ക്ഷമിക്കാന്‍ അവളോട് നീ പറയണം. അതോടെ അവന്‍ ഓഫ്‌ലൈന്‍ ആയി.."

ഇന്നവള്‍ കല്യാണവും കഴിഞ്ഞു, രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നു. അച്ചായന്‍ പറഞ്ഞത് ഞാന്‍ അവളോട് ഇന്ന് വരെ പറഞ്ഞിട്ടില്ല. അവന്‍റെ ഓര്‍മ ഒരിക്കലും അവളുടെ മനസ്സില്‍ ഉണരരുത് എന്ന ഉദ്ദേശ്യം മാത്രമായിരുന്നു എനിക്ക്. അവന്‍ എന്നോട് ക്ഷമിക്കട്ടെ.. അവന്‍ ഒരുക്കലും ഒരു വഞ്ചകന്‍ ആയിരുന്നില്ല.. ഞാന്‍ ജോലിയും പെണ്ണ്കാണലുമായി ഇങ്ങനെ നടക്കുന്നു. ഭദ്രനും കാളിയും ഇപ്പോളും അടുത്ത സുഹൃത്തുക്കള്‍ തന്നെ.............


ആരായിരുന്നു അവള്‍?? എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാകിയ എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇപ്പൊളവള്‍ .. ആരായിരുന്നു എന്നെനിക്കിപ്പോളുമറിയില്ല   

No comments:

Post a Comment